
വാഷിംഗ്ടൺ: യു.എസ് കോൺഗ്രസിന്റെ നിയന്ത്രണം പിടിച്ചെടുത്തതോടെ ഡെമോക്രാറ്റിക് പാർട്ടിയുടെ കൈയ്യിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ഒരു ആയുധംകൂടി ലഭിച്ചിരിക്കുകയാണ്. മറ്റൊന്നുമല്ല, ഇംപീച്ച്മെന്റാണത്. ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് അന്വേഷണം നടത്താൻ ജനപ്രതിനിധിസഭയ്ക്ക് കഴിയും. ട്രംപിന്റെ വീഴ്ചകൾക്ക് തെളിവുകൾ കണ്ടെത്തിയാൽ, അന്വേഷണം ഇംപീച്ച്മെന്റ് വിചാരണയിലെത്തും. ട്രംപിനെ ഇംപീച്ച് ചെയ്യാൻ ജനപ്രതിനിധി സഭയ്ക്ക് കേവല ഭൂരിപക്ഷം മതി. ഡെമോക്രാറ്റുകൾക്ക് അത് ഉണ്ട്. സഭയിൽ ഇംപീച്ച് ചെയ്യപ്പെട്ടതു കൊണ്ട് പ്രസിഡന്റിനെ പുറത്താക്കാനാകില്ല. യു.എസ് സെനറ്റിലും വിചാരണ വിജയിക്കണം. പ്രസിഡന്റിനെ കുറ്റക്കാരനാക്കാനും അധികാരത്തിൽ നിന്ന് പുറത്താക്കാനും ഭരണ ഘടന പ്രകാരം സെനറ്റിൽ മൂന്ന് രണ്ട് ഭൂരിപക്ഷം (67 വോട്ട് ) വേണം. ഡെമോക്രാറ്റുകൾക്ക് അത്രയും സീറ്റുകൾ ഇല്ലാത്തതിനാൽ പ്രസിഡന്റിനെ പുറത്താക്കാൻ കഴിയില്ല.
ട്രംപിന് റെക്കാഡ്
ട്രംപ് അടക്കം മൂന്ന് പ്രസിഡന്റുമാരാണ് ഇതുവരെ യു.എസ് ജനപ്രതിനിധി സഭയിൽ ഇംപീച്ച് ( വിചാരണ ) ചെയ്യപ്പെട്ടത്. എന്നാൽ, ഇവർ മൂവരും സെനറ്റിൽ കുറ്റവിമുക്തരായി. യു.എസ് ചരിത്രത്തിൽ രണ്ടു തവണ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റെന്ന റെക്കാഡ് ട്രംപിനാണ്. ആദ്യത്തേത് 2020ലും രണ്ടാമത്തേത് തൊട്ടടുത്ത വർഷവും. അധികാര ദുർവിനിയോഗത്തിനും യുഎസ് കോൺഗ്രസിന്റെ പ്രവർത്തനം തടസപ്പെടുത്തിയതിനുമായിരുന്നു ആദ്യ നടപടി.
കാപ്പിറ്റോൾ കലാപവുമായി ബന്ധപ്പെട്ടായിരുന്നു രണ്ടാമത്തെ ഇംപീച്ച്മെന്റ്. രാജ്യത്ത് കലാപം കൊണ്ടുവരാൻ ട്രംപ് പ്രോത്സാഹിപ്പിച്ചെന്നും അത് രാജ്യദ്രോഹത്തിന് സമമാണെന്നും ആരോപിക്കപ്പെട്ടു. രണ്ടിലും കുറ്റവിമുക്തനാക്കപ്പെട്ടു.
ആൻഡ്രു ജോൺസൺ
1865 ഏപ്രിലിൽ അന്നത്തെ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്റെ കൊലപാതകത്തെതുടർന്നാണ് വൈസ് പ്രസിഡന്റ് ആയിരുന്ന ആൻഡ്രു ജോൺസണെ പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിച്ചത്. വെളുത്ത വർഗക്കാരെ പിന്തുണയ്‌ക്കുന്ന സ്വഭാവക്കാരനായിരുന്നു ജോൺസൺ. വർണ വിവേചനം അവസാനിപ്പിക്കാനും തുല്യത ഉറപ്പാക്കാനും ജോൺസണെ പുറത്താക്കണമെന്നും പുതിയ പ്രസിഡന്റ് അധികാരമേൽക്കണമെന്നുമുള്ള ആവശ്യം ശക്തമായി.1866ൽ ജനപ്രതിനിധി സഭയിൽ ജോൺസനെ ഇംപീച്ച് ചെയ്തു. സെനറ്റിൽ പ്രമേയം പാസാക്കിയെങ്കിലും ജോൺസൺ കുറ്റവിമുക്തനാക്കപ്പെട്ടു. പുറത്താക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് വോട്ടിൽ നിന്നും വെറും ഒരു വോട്ടിന്റെ വ്യത്യാസത്തിലാണ് ജോൺസൺ അന്ന് രക്ഷപ്പെട്ടത്.
ബിൽ ക്ലിന്റൺ
ഡെമോക്രാറ്റിക് നേതാവും അമേരിക്കയുടെ 42ാം പ്രസിഡന്റുമായിരുന്ന ബിൽ ക്ലിന്റന് നേരെ ഓഫീസിൽ അധികാരമേറ്റ് ഒരു വർഷത്തിനുള്ളിൽ തന്നെ അന്വേഷണമുണ്ടായി. റിയൽ എസ്റ്റേറ്റ് സംബന്ധമായ അന്വേഷണത്തിൽ തുടങ്ങി മുൻ വൈറ്റ് ഹൗസ് ഇന്റേൺ മോണിക്ക ലെവിൻസ്‌കിയുമായി ക്ലിന്റനുണ്ടായിരുന്ന രഹസ്യബന്ധത്തിൽ വരെ ആരോപണങ്ങളും അന്വേഷണങ്ങളും നീണ്ടു. മോണിക്കയുമായുണ്ടായിരുന്ന ബന്ധം ആദ്യം ക്ലിന്റൺ നിഷേധിച്ചിരുന്നു. ക്ലിന്റന്റെ ഭാര്യ ഹിലരിയും അന്ന് ഭർത്താവിനൊപ്പം നിന്നു. ഒടുവിൽ ക്ലിന്റൺ തന്നെ ആരോപണങ്ങൾ പരസ്യമായി സമ്മതിച്ചു. 1998ൽ ഇംപീച്ച്മെന്റിന് വിധേയനായ ക്ലിന്റണെ റിപ്പബ്ലിക്കൻ ഭൂരിപക്ഷമുണ്ടായിരുന്ന സെനറ്റ് കുറ്റവിമുക്തനാക്കി.
# സമയം പാഴാക്കില്ല
1. വരുന്ന രണ്ടുവർഷം ഇംപീച്ച്മെന്റുമായി മുന്നോട്ടുപോയി സമയം പാഴാക്കാൻ ഡെമോക്രാറ്റുകൾ ശ്രമിച്ചേക്കില്ല. സെനറ്റിൽ പരാജയപ്പെടുമെന്ന് ഉറപ്പുള്ളതിനാൽ നീണ്ട ഇംപീച്ച്മെന്റ് നടപടികളുടെ പിന്നാലെ പായേണ്ട എന്നാണ് ഡെമോക്രാറ്റുകളിൽ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. പ്രധാനപ്പെട്ട നിയമനിർമ്മാണങ്ങൾ നടപ്പിലാക്കുന്നതിൽ നിന്ന് ശ്രദ്ധതിരിയാനും ഇത് ഇടയാക്കും
2. ട്രംപിനെതിരായ കഴിഞ്ഞ രണ്ട് ഇംപീച്ച്മെന്റ് ശ്രമങ്ങളും പരാജയപ്പെട്ടെങ്കിലും ട്രംപിന്റെ അനുയായികളെ കൂടുതൽ ഊർജ്ജസ്വലമാക്കാൻ അത് ഇടയാക്കി. മൂന്നാമതൊരു ശ്രമമുണ്ടായാൽ ഒരുപക്ഷേ, 2028ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഗുണം ചെയ്തേക്കും
3. ട്രംപിൽ മാത്രം ശ്രദ്ധ ചെലുത്തുന്നതിന് പകരം, സർക്കാരിലെ ഉന്നതരെ മുഴുവനും ലക്ഷ്യമിടാൻ ഡെമോക്രാറ്റുകൾ ആലോചിക്കുന്നു. ഇറാൻ യുദ്ധം കൈകാര്യം ചെയ്തതിന്റെ പേരിൽ ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്‌സേത്തിനെതിരെ അന്വേഷണം നടത്തിയേക്കും. സർക്കാരിന്റെ നീക്കങ്ങൾക്ക് മേൽ ശക്തമായ മേൽനോട്ടം നടപ്പാക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |