
ടെൽ അവീവ്: ഇസ്രയേലിൽ സർക്കാർ രൂപീകരണ നടപടികൾക്ക് ഇന്ന് ഔദ്യോഗിക തുടക്കമാകും. ഒക്ടോബർ 27ന് നടന്ന തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം സൂക്ഷ്മപരിശോധനകൾ പൂർത്തിയാക്കി പ്രസിഡന്റ് ഐസക് ഹെർസോഗിന് ഇന്ന് കൈമാറും.
സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് തോന്നുന്ന നേതാവിനെ പ്രസിഡന്റ് തിരഞ്ഞെടുക്കുന്നതാണ് ആദ്യ പടി. അതിനായി ഇന്നും നാളെയും വിവിധ പാർട്ടികളുമായി അദ്ദേഹം ചർച്ച നടത്തും. പാർട്ടികൾക്ക് തങ്ങളുടെ നോമിനിയെ നിർദ്ദേശിക്കാം.
പ്രതിപക്ഷ സ്ഥാനാർത്ഥിയും യാഷർ പാർട്ടി നേതാവുമായ ഗാഡി ഐസൻകോട്ടിനെ പ്രസിഡന്റ് സർക്കാർ രൂപീകരണത്തിന് ക്ഷണിച്ചേക്കും. 48 സീറ്റുള്ള പ്രതിപക്ഷത്തെ 19 സീറ്റുള്ള അറബ് പാർട്ടികളും പിന്തുണയ്ക്കുമെന്ന് കരുതുന്നു. 61 സീറ്റാണ് ഭൂരിപക്ഷം. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സഖ്യത്തെ അധികാരത്തിൽ നിന്ന് പുറത്താക്കാനാണ് പ്രതിപക്ഷത്തിന്റെയും അറബ് പാർട്ടികളുടെയും ശ്രമം.
നെതന്യാഹുവുമായി സഹകരിക്കില്ലെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞാൽ പോലും അത് സാദ്ധ്യമല്ലെന്നും ഐസൻകോട്ട് വ്യക്തമാക്കി. 53 സീറ്റാണ് നെതന്യാഹു സഖ്യത്തിനുള്ളത്. ഐസൻകോട്ടിനെ ഉൾപ്പെടുത്തി ദേശീയ ഐക്യ സർക്കാർ രൂപീകരിക്കാൻ നെതന്യാഹു താത്പര്യം പ്രകടിപ്പിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |