
മിഡ്ടേം തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ്
യു.എസ് ഡ്രോണുകൾ തകർത്തെന്ന് ഇറാൻ
വാഷിംഗ്ടൺ: നിർണായകമായ യു.എസ് മിഡ്‌ടേം തിരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പേ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രാദേശിക സമയം, തിങ്കളാഴ്ച രാത്രി ഹോർമുസ് കടലിടുക്കിലുള്ള ഖേഷം ദ്വീപിലായിരുന്നു ആക്രമണം. റഡാർ, മിസൈൽ കേന്ദ്രങ്ങളിൽ യു.എസ് ബോംബിട്ടു. ശക്തമായ സ്ഫോടനങ്ങളുണ്ടായി.
തങ്ങളുടെ യുദ്ധവിമാനത്തിന് നേരെ ഇറാൻ റെവല്യൂഷണറി ഗാർഡ് മിസൈൽ തൊടുത്തതാണ് പ്രകോപനമായതെന്ന് യു.എസ് പറയുന്നു. പ്രതിരോധ പ്രത്യാക്രമണമാണ് നടത്തിയതെന്നും ഇറാനുമായുള്ള യുദ്ധം പുനരാരംഭിച്ചതല്ലെന്നും വ്യക്തമാക്കി. യു.എസിന്റെ മൂന്ന് ഡ്രോണുകൾ തകർത്തെന്ന് ഇറാൻ അവകാശപ്പെട്ടു. ഗൾഫ് രാജ്യങ്ങളിൽ ഇറാൻ തിരിച്ചടിക്കുമോ എന്ന ആശങ്കയുമുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പേ പ്രകോപനം സൃഷ്ടിച്ചതിന് പിന്നിൽ ഇറാനും വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്ന് കരുതുന്നു. റിപ്പബ്ലിക്കൻ പാർട്ടി തിരിച്ചടി നേരിട്ടാൽ, യുദ്ധം അവസാനിപ്പിക്കാനും കൂടുതൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാകാനും ട്രംപിന് മേൽ സമ്മർദ്ദം ശക്തമാകുമെന്ന് ഇറാൻ കരുതുന്നു.
യുദ്ധം അവസാനിപ്പിക്കാൻ ഖത്തറിന്റെ മദ്ധ്യസ്ഥതയിൽ പരോക്ഷ ചർച്ചയും നടക്കുന്നുണ്ട്. യു.എസ് നാവിക, ഊർജ്ജ ഉപരോധങ്ങൾ നീക്കുകയും മരവിപ്പിച്ച വിദേശ ആസ്തികൾ വിട്ടുതരികയും ചെയ്താൽ രണ്ടു ദിവസം കൊണ്ട് ഹോർമുസ് തുറക്കാമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്. യു.എസ് പ്രതികരിച്ചിട്ടില്ല.
ദുർബലനല്ലെന്ന്
കാണിക്കാൻ
വിലക്കയറ്റവും ജനരോഷവും കാരണം ഇറാനെതിരെ സൈനിക നടപടി കടുപ്പിക്കാൻ ട്രംപ് മടിച്ചു. എന്നാൽ സുരക്ഷാ കാര്യത്തിൽ താൻ ദുർബലനല്ലെന്ന് വോട്ടർമാർക്ക് മുന്നിൽ കാണിക്കേണ്ടതും ശക്തനായ നേതാവെന്ന പ്രതിച്ഛായ നിലനിറുത്തേണ്ടതും ട്രംപിന് അനിവാര്യം. ഇതിനായുള്ള രാഷ്ട്രീയ അജണ്ടയാണ് ആക്രമണമെന്ന് വിലയിരുത്തൽ
മിഡ്ടേം തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഇറാനിൽ ആക്രമണം പുനഃരാരംഭിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഖേഷം ആക്രമണം ഇതിന് മുന്നോടിയോ എന്നും സംശയം
# ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുക്കപ്പലിനുനേരെ വ്യോമാക്രമണം. ഗുജറാത്ത് സ്വദേശിയായ നാവികൻ കൊല്ലപ്പെട്ടു. 13 ഇന്ത്യക്കാരെ ഒമാൻ കോസ്റ്റ്ഗാർഡ് രക്ഷിച്ചു. പിന്നിൽ ഇറാനാകാമെന്നാണ് നിഗമനം. യു.എ.ഇയിൽ നിന്ന് പോർബന്തറിലേക്ക് വരികയായിരുന്നു കപ്പൽ.
# വിധി ഇന്നറിയാം
ഇന്നലെ നടന്ന മിഡ്ടേം തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ ഇന്ന് പുലർച്ചെ 4.30 മുതൽ പുറത്തുവരും. അന്തിമ ഫലമറിയാൻ ദിവസങ്ങൾ വേണ്ടിവരും. യു.എസ് സെനറ്റിലെ 35 സീറ്റിലും ജനപ്രതിനിധിസഭയിലെ 435 സീറ്റിലുമാണ് തിരഞ്ഞെടുപ്പ്. ഒപ്പം, 39 സംസ്ഥാനങ്ങളിലെ ഗവർണർമാരെയും മേയർമാരെയും മറ്റും തിരഞ്ഞെടുക്കുന്നുണ്ട്. നിലവിൽ രണ്ട് സഭകളിലും ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം. നഷ്ടമായാൽ ട്രംപ് സർക്കാരിന്റെ അജണ്ടകൾ നടപ്പാക്കാൻ ബുദ്ധിമുട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |