SignIn
Kerala Kaumudi Online
Wednesday, 09 September 2026 8.32 AM IST

റഷ്യയ്ക്ക് അരികെ യുക്രെയിൻ സൈന്യം, ഖാർകീവ് തിരിച്ചു പിടിച്ചെന്ന് സെലെൻസ്കി

zelenski

കീവ്: റഷ്യ കൈപ്പിടിയിലൊതുക്കിയ പ്രദേശങ്ങൾ തിരിച്ചു പിടിച്ച യുക്രെയിൻ സൈന്യം റഷ്യൻ അതിർത്തിക്ക് സമീപമെത്തിയതായി റിപ്പോർട്ട്.

റഷ്യൻ അതിർത്തിക്ക് 50 കി.മീ ദൂരത്ത് യുക്രെയിൻ സേന നിലയുറപ്പിച്ചതായാണ് ഒടുവിൽ പുറത്തു വരുന്ന വിവരം. സൈന്യത്തിന് ആയുധവും അവശ്യ വസ്തുക്കളും എത്തിക്കുന്ന താവളമായ ഖാർകീവിന് പിന്നാലെ ചലോവ്സ്‌കി നഗരവും പിടിച്ചെടുത്തു. തെക്കൻ മേഖലയും ഖാർകിവും മാത്രമല്ല വടക്കൻ മേഖലയിലും യുക്രെയിൻ സൈന്യം മുന്നേറാൻ ഒരുങ്ങുകയാണ്.

റഷ്യൻ നിയന്ത്രണത്തിൽ നിന്നും 6000 ചതുരശ്ര കി.മി പ്രദേശം യുക്രൈൻ സൈന്യം തിരിച്ചുപിടിച്ചതായി പ്രസിഡന്റ് വൊളൊഡിമർ സെലൻസ്‌കി അവകാശപ്പെട്ടു. വീഡിയോ സന്ദേശത്തിലൂടെയാണ് സെലൻസ്‌കിയുടെ ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം മുഴുവൻ സൈനിക നീക്കം തുടരുമെന്നും കൂടുതൽ പ്രദേശങ്ങൾ പിടിച്ചടക്കുമെന്നും സെലൻസ്‌കി വ്യക്തമാക്കി. ഹാർകീവിലെ വടക്ക് കിഴക്കൻ മേഖലയിൽ നിന്ന് ചില പ്രദേശങ്ങൾ നഷ്ടപ്പെട്ടതായി റഷ്യയും സമ്മതിക്കുന്നുണ്ട്. യുക്രെയിനിന്റെ തിരിച്ചടി യുദ്ധത്തിലെ വലിയ മുന്നേറ്റമായാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.

എന്നാൽ യുക്രെയിനിന്റെ തെക്കൻമേഖലയിലെ ലുഹാൻസ്‌ക്, ഡൊണെസ്‌ക് എന്നീ പ്രദേശങ്ങൾ ലക്ഷ്യമിട്ട് സൈന്യത്തെ പുനക്രമീകരിക്കാൻ വേണ്ടി സൈന്യത്തെ പിൻവലിക്കുകയായിരുന്നുവെന്നാണ് റഷ്യയുടെ അവകാശ വാദം. എന്നാൽ സോഷ്യൽ മീഡിയാ ഇക്കാര്യം പുച്ഛിച്ച് തള്ളി.

24 മണിക്കൂറിനിടെ 20 അധിനിവേശ പ്രദേശങ്ങളിൽ നിന്ന് റഷ്യൻ പട്ടാളത്തെ യുക്രെയിൻ തുരത്തി. അതേസമയം ഹാർകീവിൽ റഷ്യ പ്രത്യാക്രമണം ശക്തമാക്കിയെന്നും റിപ്പോർട്ടുണ്ട്. മേഖലയിൽ കര, വ്യോമാക്രമണങ്ങൾ ശക്തിപ്പെടുത്താൻ നിർദ്ദേശിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. മേഖലയിലെ വൈദ്യുതി, ജലവിതരണ സംവിധാനങ്ങൾ തടസ്സപ്പെട്ടിരുന്നു. നഗരമധ്യത്തിലെ പൊലീസ് സ്‌റ്റേഷൻ ഷെല്ലാക്രമണത്തിൽ തകരുകയും ഒരാൾ മരിക്കുകയും ചെയ്‌തെന്ന് പോലീസ് മേധാവി വൊളാഡിമിർ തിമോകോ വ്യക്തമാക്കിയിരുന്നു.

അതേസമയം, യുക്രെയിന്റെ അഞ്ചിലൊന്ന് ഭാഗം ഇപ്പോഴും റഷ്യയുടെ കീഴിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, ZELENSKIY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360