കോഴിക്കോട്: എൽ.ഡി.എഫ് സർക്കാറിന്റ ലഹരി മാഫിയക്കെതിരായ പോരാട്ടം ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട് ഒരു മാസം പിന്നിടുമ്പോൾ സൂപ്പർ ഹിറ്റായി മുന്നോട്ട്. ജില്ലയിൽ 597 കേസുകൾ രജിസ്റ്റർ ചെയ്യുകയും 615 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരേസമയം ഡ്രോൺ സർവൈലൻസ് യൂണിറ്റും പ്രത്യേകം പരിശീലനം ലഭിച്ച കെ9 ഡോഗ് സ്ക്വാഡും വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരുടെ പിന്തുണയോടെ 20 അംഗ സ്ട്രൈക്ക് ടീമിനെയും രംഗത്തിറക്കിയാണ് പരിശോധനകൾ. എം.ഡി.എം.എ, കഞ്ചാവ് എന്നിവയാണ് കൂടുതലായി പിടികൂടിയത്. സ്കൂൾ കോളജ് പരിസരങ്ങളിൽ ശക്തമായ നിരീക്ഷണങ്ങളും പരിശോധനയും ഏർപ്പെടുത്തിയതോടെ ലഹരി വിൽപനയും വിപണനവും കുറഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ജൂൺ രണ്ടിന് മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചതോടെയാണ് കേരളത്തിലുടനീളം പൊലീസ് ലഹരിവേട്ട ശക്തമാക്കിയത്. ചലച്ചിത്ര, സാമുദായിക നേതാക്കൾ തുടങ്ങി നിരവധി പ്രമുഖർ ഇതിനോടകം ആഭ്യന്തര മന്ത്രിയിൽ നിന്ന് ബാഡ്‌ജുകൾ കൈപ്പറ്റി തൂഫാൻ വാരിയർമാരായി രംഗത്തുണ്ട്.
പിടിച്ചെടുത്തത്
എം.ഡി.എം.എ - 318.657 ഗ്രാം
കഞ്ചാവ് - 17099.625 ഗ്രാം
കഞ്ചാവ് ബീഡി - 516
ബ്രൗൺ ഷുഗർ - 5.37 ഗ്രാം
ഹാഷിഷ് ഓയിൽ - 97.62 ഗ്രാം
മെത്തഫെറ്റാമിൻ - 15.15 ഗ്രാം
കഞ്ചാവ് ചെടി - 4
"മാനാഞ്ചിറ കോംട്രസ്റ്റ് കൈത്തറി നെയ്ത്ത് ഫാക്ടറി തുടങ്ങിയ ഇടങ്ങളെല്ലാം സാമൂഹിക വിരുദ്ധരുടെ താവളമാണ്. ഇവിടങ്ങളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്"
എ.പി. ഷൗക്കത്തലി, കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷ്ണർ
പരിശോധനയ്ക്കിടെ പൊലീസിനെ
അപായപ്പെടുത്താൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ
കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കക്കോടി, പടിഞ്ഞാറ്റുംമുറി കായക്കൽ താഴം മുഹമ്മദ് ഹാഷിം മും (38), തമിഴ്നാട് സ്വദേശി വേൽമുരുകൻ (28) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഒരാൾ ഒളിവിലാണ്. കഴിഞ്ഞ ദിവസം വൈകിട്ട് ആറിന് കോർപ്പറേഷൻ സ്റ്റേഡിയത്തിന് പടിഞ്ഞാറുഭാഗത്തെ റോഡിന് സമീപത്താണ് സംഭവം. രാവിലെ കസബ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത്, അനൂപ് ലാൽ എന്നിവർ ശ്രീകണ്ഠേശ്വരം റോഡിൽ മഫ്തിയിൽ പരിശോധന നടത്തുന്നതിനിടെയാണ് മദ്യപിക്കുകയായിരുന്ന മൂവരേയും കണ്ടത്. തുടർന്ന് ഇവരെ താക്കീത് നൽകി വിട്ടയച്ചു. വൈകിട്ട് വീണ്ടും ഇതുവഴി നടന്നുവരികയായിരുന്ന പൊലീസുകാരെ കണ്ട് ഓട്ടോറിക്ഷ ഓടിച്ച് വരികയായിരുന്ന പ്രതികൾ ഓട്ടോ നിർത്തി ആക്രമിക്കുകയായിരുന്നു. ഹാഷിമിനെ സംഭവസ്ഥലത്ത് തന്നെ പിടികൂടി. വേൽമുരുകനെ ഇന്നലെ രാവിലെ മാനാഞ്ചിറ ഇൻകംടാക്സ് പരിസരത്ത് നിന്നാണ് പിടികൂടിയത്. ഒളിവിലുള്ള പ്രതിയ്ക്കായി കസബ പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |