
മുളന്തുരുത്തി: കാഞ്ഞിരമറ്റം ഞണ്ടുകാട് തുരുത്തിൽ റിസോർട്ട് നിർമ്മാണത്തിനായി എത്തിയ തൊഴിലാളികൾ തമ്മിൽ മദ്യപിച്ച് ഏറ്റുമുട്ടിയതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. സുഹൃത്തുക്കളായ മൂന്നുപേരെ സംഭവവുമായി ബന്ധപ്പെട്ട് മുളന്തുരുത്തി പൊലീസ് അറസ്റ്റുചെയ്തു. വർക്കല സ്വദേശി മുജീബാണ് (47) മരിച്ചത്. നെടുമങ്ങാട് സ്വദേശി ബിനുരാജ്, വർക്കല സ്വദേശികളായ രഞ്ജിത്ത്, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. ബിനുരാജിനും രഞ്ജിത്തിനുമെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഞണ്ടുകാട് തുരുത്ത് പാടശേഖരത്തിലെ ഷെഡ്ഡിൽ വ്യാഴാഴ്ച രാത്രി മദ്യപിക്കുന്നതിനിടെയാണ് സംഭവം. വാക്കുതർക്കത്തെ തുടർന്ന് വാക്കത്തികൊണ്ട് മുജീബിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ബോധരഹിതനായ മുജീബിനെ അവിടെ ഉപേക്ഷിച്ച് പ്രതികൾ കടന്നു. രാവിലെ സമീപവാസികളാണ് മൃതദേഹംകണ്ട് പൊലീസിനെ അറിയിച്ചത്. മുജീബ് പ്രകോപിപ്പിച്ചതിനെ തുടർന്നാണ് സംഭവമെന്നാണ് പ്രതികളുടെ മൊഴി. ചോദ്യംചെയ്യൽ തുടരുകയാണ്.
അഞ്ചുദിവസം മുമ്പാണ് സംഘം വെൽഡിംഗ് ജോലികൾക്കായി ഞണ്ടുകാട് എത്തിയത്. കരാറുകാരനായ വർക്കലയിലെ മനാഫിന്റെ തൊഴിലാളികളാണ് ഇവർ. മനാഫിന്റെ അയൽവാസിയാണ് കൊല്ലപ്പെട്ട മുജീബ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |