SignIn
Kerala Kaumudi Online
Saturday, 18 July 2026 3.46 AM IST

യുവതികളെ ശല്യംചെയ്ത യുവാവ് ഇൻസ്പെക്ടറുടെ കൈ കടിച്ചുമുറിച്ചു

padam

സംഭവം അർദ്ധരാത്രി കലൂർ ജംഗ്ഷനിൽ

ഇടുക്കി സ്വദേശിയെ അറസ്റ്റ് ചെയ്തു

കൊച്ചി: അർദ്ധരാത്രി യുവതികളെ പിന്തുടർന്ന് ശല്യം ചെയ്ത യുവാവ്, കസ്റ്റഡിയിലെടുക്കാനെത്തിയ ഇൻസ്‌പെക്ടറുടെ കൈപ്പത്തിയിൽ കടിച്ച് പരിക്കേൽപ്പിച്ചു. ജീപ്പിൽ കയറ്റാനുള്ള ശ്രമത്തിനിടെ പൊലീസുകാരനെയും ചവിട്ടിവീഴ്ത്തി. കൂടുതൽ പൊലീസുകാരെത്തി ബലംപ്രയോഗിച്ചാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. കലൂർ ജംഗ്ഷനിൽ ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഫോർട്ടുകൊച്ചി ഇൻസ്‌പെക്ടർ കെ.സി. രതീഷിനാണ് കടിയേറ്റത്. പരിക്ക് സാരമല്ല. എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ഇൻസ്‌പെക്ടർ രാത്രികാല പരിശോധന ഡ്യൂട്ടിയും പൂർത്തിയാക്കി.

ഇടുക്കി തങ്കമണി പാണ്ടിപ്പാറ കൊട്ടുകുറ്റിയിൽ വീട്ടിൽ ജസ്റ്റിൻ കുര്യനാണ് (28) അറസ്റ്റിലായത്. ബെഹ്റൈനിലേക്ക് ജോലിക്കായുള്ള ഇന്റർവ്യൂവിനായാണ് പ്രതി കൊച്ചിയിലെത്തിയത്. കാക്കനാട് നടക്കാനിരുന്ന ഇന്റർവ്യൂവിനായി എറണാകുളം നോർത്തിലെ ലോഡ്ജിൽ മുറിയെടുത്ത ഇയാൾ, മദ്യപിച്ചശേഷം രാത്രി റോഡിലിറങ്ങി യുവതികളെ ശല്യം ചെയ്യുകയായിരുന്നു. ഭയന്നോടിയ യുവതികൾ പട്രോളിംഗ് നടത്തുകയായിരുന്ന എറണാകുളം വെസ്റ്റ് സബ് ഡിവിഷന്റെ ചാർജുള്ള പൊലീസ് ജീപ്പിന് മുന്നിലേക്ക് ഓടിയെത്തി വിവരമറിയിച്ചു.

തുടർന്ന് ഇൻസ്‌പെക്ടർ കെ.സി. രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇടപെട്ട് പ്രതിയെ ചോദ്യം ചെയ്തതോടെ ഇയാൾ അക്രമാസക്തനായി. കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇൻസ്‌പെക്ടറുടെ ഇടതുകൈയിലെ തള്ളവിരലിനും ചൂണ്ടുവിരലിനും ഇടയിലായി പ്രതി ആഞ്ഞുകടിച്ചു. മറ്റ് പൊലീസ് ഉദ്യോഗസ്ഥരെയും ഇയാൾ ആക്രമിച്ചു. തുടർന്ന് വയർലെസ് സന്ദേശമയച്ച് നോർത്ത് പൊലീസിന്റെ പട്രോളിംഗ് സംഘത്തെ വരുത്തി ബലംപ്രയോഗിച്ച് പ്രതിയെ കീഴടക്കുകയായിരുന്നു.

ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ത്രീകളെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എറണാകുളം ടൗൺ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY