
കിളിമാനൂർ: വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ യുവതിയുടെ പിതാവിനേയും സഹോദരനേയും വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിക്കാൻ അഞ്ചംഗ അക്രമിസംഘം സജ്ജീകരിച്ചത് സിനിമയിലെ ഗുണ്ടാസങ്കേതങ്ങളെ വെല്ലുന്ന സംവിധാനങ്ങൾ.
ഇവരെ കെട്ടിയിട്ടിരുന്ന വട്ടവിളയിലെ വീട് മുഖ്യപ്രതി പുളിയറക്കോണം സ്വദേശി സുധീഷിന്റെ മുത്തശി വസുമതിയുടെ ഉടമസ്ഥതയിലുള്ളതാണ്. പുറമേ നിന്ന് നോക്കിയാൽ പണിതീരാത്ത ഒറ്റനില വീടാണെങ്കിലും അകത്ത് പ്രത്യേകം ഇടിമുറി സംഘം സജ്ജീകരിച്ചിരുന്നു. കട്ടിയുള്ള ഗ്ലാസ് കൊണ്ട് നിർമ്മിച്ച ചേംബറിൽ പ്രത്യേകമായി ഫൈബർ കൊണ്ട് നിർമ്മിച്ച മുറിയുമുണ്ട്. ഇവിടെയാണ് അനിൽകുമാറിനെയും മകനെയും കെട്ടിയിട്ട് അതിക്രൂരമായി മർദ്ദിച്ചത്.
എത്ര ഉറക്കെ നിലവിളിച്ചാലും പുറത്തേക്ക് ശബ്ദം കേൾക്കാൻ സാധിക്കില്ല. ഡമ്മി തോക്ക്,നാടൻപടക്കം,ഡമ്മി ഡയനാമൈറ്റ് ബോംബ്, കത്തി,വെടിമരുന്ന് എന്നിവയും ഇരുവരെയും കെട്ടിയിടാൻ ഉപയോഗിച്ച മൂന്നിലധികം ചങ്ങലകൾ,നിരവധി ലോക്കുകൾ,പ്ലാസ്റ്റിക് കയർ,ഇരുമ്പ് നൂല്,മാസ്‌ക് എന്നിവയും പൊലീസ് ഇവിടെ നിന്ന് കണ്ടെടുത്തു.
ആസൂത്രീത നീക്കം
വടശേരിക്കോണം ആര്യാനിവാസിൽ അനിൽകുമാറിന്റെ മകളെ പ്രതി സുധീഷ് വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നു. ഈ ആവശ്യമുന്നയിച്ച് രണ്ടുതവണ സംഘം അനിൽകുമാറിനെ സമീപിക്കുകയും ചെയ്തു. ആവശ്യം നിരസിച്ച അനിൽകുമാർ രണ്ടാം തവണ വിവാഹം ആലോചിച്ചെത്തിയ സംഘത്തിനെതിരെ വർക്കല പൊലീസിൽ പരാതിയും നൽകിയിരുന്നു.
ഈ പരാതിയിൽ സുധീഷിന്റെ സംഘത്തിലെ രണ്ടുപേരെ വർക്കല പൊലീസ് മർദ്ദിച്ചെന്നും ഇതാണ് വൈരാഗ്യം വളരാൻ കാരണമായതെന്നും അനിൽകുമാറിന്റെ മകൻ അച്ചുപറഞ്ഞു. അനിൽകുമാറിനെയും ഭാര്യയേയും മകനെയും വിളിച്ചുവരുത്തി മർദ്ദിക്കാനും ഭീഷണിപ്പെടുത്തി ചെന്നൈ എയർപോർട്ടിൽ ജോലിയുള്ള മകളെ ഇവിടെ എത്തിച്ച് വിവാഹം ചെയ്യാമെന്നുമായിരുന്നു പദ്ധതി. പക്ഷേ അമ്മയെ വിളിക്കാൻ അച്ചുവിനെ പറഞ്ഞുവിട്ടതോടെയാണ് പദ്ധതി പാളിയത്.
നടന്നത് ക്രൂരമർദ്ദനം
സിനിമയിലെ വില്ലന്മാർ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിക്കുന്നതിന് സമാനമായ പീഡനങ്ങളാണ് അനിൽകുമാറിനോടും മകനോടും ചെയ്തത്. അനിൽകുമാറിനെ ഹെൽമറ്റ് കൊണ്ട് ഇടിച്ചശേഷം കൈകാലുകൾ ചങ്ങലയിട്ട് കെട്ടി,കഴുത്തിൽ ബൈക്കിന്റെ ബ്രേക്ക് ബൗഡൻ കൊണ്ട് ചുറ്റിവരിഞ്ഞായിരുന്നു മർദ്ദനം. സ്‌ക്രൂഡ്രൈവർ കൊണ്ട് ശരീരമാകെ മുറിവേല്പിക്കുകയും ചെയ്തു. അച്ചുവിനെ പ്ലാസ്റ്റിക് കയറിൽ കെട്ടി കൈവിരലുകൾ പ്ലെയർ കൊണ്ട് മടക്കി. അനിൽകുമാർ നിലവിൽ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഫോട്ടോ: ഗ്ലാസ് കൊണ്ട് നിർമ്മിച്ച മുറി
ഫോട്ടോ: അനിൽകുമാറിനെയും മകനെയും
മർദ്ദിക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |