SignIn
Kerala Kaumudi Online
Saturday, 01 August 2026 3.53 AM IST

തിരുമൽ തട്ടിപ്പ്: പൊലീസുകാരന്റെ പണം തട്ടിയ എസ്.ഐ കീഴടങ്ങി

baiju
എസ്.ഐ കെ.കെ. ബൈജു

വ്യാജ പരാതി ഒതുക്കാൻ 4 ലക്ഷം

കൊച്ചി: സിവിൽ പൊലീസ് ഓഫീസർ പരാതിക്കാരനും ഗ്രേഡ് എസ്.ഐ ഒന്നാംപ്രതിയുമായ പാലാരിവട്ടത്തെ വിവാദമായ തിരുമൽ കേസിൽ സസ്പെൻഷനിലുള്ള എസ്.ഐ കെ.കെ.ബൈജു പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി സ്റ്റേഷനിൽ എത്തിയതും കഴിഞ്ഞയാഴ്ച അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടതും പൊലീസ് പുറത്തുവിട്ടില്ല.

പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെയാണ് നവംബറിൽ സസ്പെൻഷനിലായത്. പാലാരിവട്ടം റോയൽ വെൽനസ് സ്പാ നടത്തിപ്പുകാരി വൈക്കം സ്വദേശി രമ്യ (39) കൊച്ചി എ.ആർ ക്യാമ്പ് പൊലീസുകാരനെതിരെ നൽകിയ വ്യാജ പരാതി തീർപ്പാക്കാൻ പൊലീസുകാരനിൽ നിന്ന് 4 ലക്ഷം രൂപ ബൈജു കൈപ്പറ്റിയെന്നതാണ് കുറ്റം. ഒരു പങ്ക് ബൈജുവിന്റെ പോക്കറ്റിൽ വീണെന്നും ആരോപണമുണ്ട്.

ഗുണ്ടകളുടെ സഹായത്തോടെ ഭീഷണി

പൊലീസുകാരൻ സെപ്തംബർ 8ന് വൈകിട്ട് 5.30നാണ് തിരുമൽ കേന്ദ്രത്തിലെത്തിയത്. അടുത്ത ദിവസം ഇയാളെ ഫോണിൽ വിളിച്ച രമ്യ തിരുമൽ കേന്ദ്രത്തിൽ ഊരിവച്ച തന്റെ സ്വർണമാല കാണാനില്ലെന്നും തിരിച്ചു തരണമെന്നും അതല്ലെങ്കിൽ ആറര ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടെങ്കിലും പൊലീസുകാരൻ വഴങ്ങിയില്ല. മാല മോഷണം പോയെന്ന് രമ്യ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയെങ്കിലും മൊഴി നൽകാത്തതിനാൽ കേസെടുത്തില്ല. പകരം രമ്യ ഏർപ്പാടാക്കിയ ഗുണ്ട ഷിഹാം പൊലീസുകാരനെ നിരന്തരം വിളിച്ച് പണം നൽകിയില്ലെങ്കിൽ തിരുമൽ ദൃശ്യങ്ങൾ ഭാര്യയ്ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെയാണ് പൊലീസുകാരൻ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥൻ വഴി എസ്.ഐ ബൈജുവിനെ സമീപിച്ചത്.

പണം വാങ്ങുന്ന ദൃശ്യം കുരുക്കായി

രമ്യയ്ക്ക് നൽകാനെന്ന പേരിൽ 4 ലക്ഷം രൂപയാണ് ബൈജു വാങ്ങിയത്. കാറിനകത്ത് പണം കൈമാറുന്നത് പൊലീസുകാരനും ബന്ധുവും മൊബൈലിൽ പകർ‌ത്തിയത് ബൈജു അറിഞ്ഞില്ല. ആരുമറിയാതെ പോയ സംഭവം പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം പൊടിതപ്പിയെടുത്തത് ബൈജുവിന് കുരുക്കായി. പൊലീസുകാരന്റെ മൊഴി രേഖപ്പെടുത്തി ബൈജുവിനെ ഒന്നാംപ്രതിയായി പാലാരിവട്ടം പൊലീസ് കേസെടുത്തത് നവംബർ 21ന്. ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതിന് 7 കൊല്ലം തടവും പിഴയും വ്യവസ്ഥചെയ്യുന്ന ബി.എൻ.എസ് 308 (2) പ്രകാരമാണ് കേസ്. രണ്ടും മൂന്നും പ്രതികളായ രമ്യയും ഷിഹാമും അറസ്റ്റിലായി ജാമ്യത്തിലാണ്.

ആദ്യം ഒളിവിൽ, പിന്നീട് ‘നോട്ട് അറസ്റ്റ്’

കേസെടുത്തതോടെ ഒളിവിൽ പോയ കെ.കെ ബൈജുവിനെ പിടികൂടാൻ പേരിനൊരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെങ്കിലും അറസ്റ്റിന് പൊലീസ് താത്പര്യപ്പെട്ടില്ല. ഒളിവിലിരിക്കെ ഹൈക്കോടതിയിൽ നിന്ന് ‘നോട്ട് അറസ്റ്റ്’ ഉത്തരവ് വാങ്ങിയതോടെ ബൈജു നാട്ടിലിറങ്ങി. ഈ മാസം ആദ്യമാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് പാലാരിവട്ടം എസ്.എച്ച്.ഒ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, ARREST, SCAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY