SignIn
Kerala Kaumudi Online
Wednesday, 27 May 2026 3.37 AM IST

പ്രവാസികൾ കൂടുതൽ ആശ്രയിക്കുന്ന വിമാനത്താവളത്തിന് എന്താണ് സംഭവിക്കുന്നത്? മലബാറുകാർ കാത്തിരിപ്പിലാണ്

airport

കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സ‌ർവീസ് എന്ന് പുനരാരംഭിക്കും. നാടും നാട്ടുകാരും ഈ ചോദ്യം ചോദിക്കാൻ തുടങ്ങിയിട്ട് വർഷം അഞ്ച് കഴിഞ്ഞു. 2020 ഓഗസ്റ്റ് എട്ടിനുണ്ടായ വിമാന ദുരന്തത്തിന് പിന്നാലെയാണ് സുരക്ഷ മുൻനിറുത്തി വലിയ വിമാനങ്ങളുടെ സർ‌വീസിന് കേന്ദ്ര വ്യോമയാന മന്ത്രാലയം താത്ക്കാലിക വിലക്കേർപ്പെടുത്തിയത്. റൺവേയുടെ നീളം വർദ്ധിപ്പിച്ച ശേഷം മാത്രമേ വലിയ വിമാനങ്ങളുടെ സ‌ർവീസ് അനുവദിക്കൂ എന്നാണ് കേന്ദ്ര വ്യോമയാന വകുപ്പിന്റെ നിലപാട്. ഇതിനു പിന്നാലെ സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് ഭൂമിയേറ്റെടുത്ത് നൽകിയെങ്കിലും വിമാനത്താവളത്തിന്റെ റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ (റെസ) നീളം കൂട്ടുന്ന പ്രവ‌ൃത്തികൾ സമയബന്ധിതമായി പൂർത്തിയാവാത്തതാണ് നിലവിലെ പ്രതിസന്ധി.

മാർച്ചിനകം 80 ശതമാനം പ്രവൃത്തികളും പൂർത്തിയാക്കേണ്ടിയിരുന്ന പദ്ധതിയിൽ ഇനിയും പകുതിയോളം ജോലികൾ ബാക്കിയുണ്ട്. മഴ നേരത്തെ എത്തിയതോടെ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കാൻ പ്രയാസം നേരിടും. റൺവേയുടെ നീളം കൂട്ടുന്നതിന് ആവശ്യമായ മണ്ണിന്റെ ലഭ്യത ഉറപ്പാക്കുന്നതിൽ അടക്കം വന്ന വീഴ്ച പ്രവൃത്തിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ കൊണ്ടുതന്നെ കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ തിരിച്ചുവരവ് ഇനിയും വൈകിയേക്കും. സംസ്ഥാനത്ത് പ്രവാസികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വിമാനത്താവളമാണ് കരിപ്പൂർ. നിലവിൽ ചെറിയ വിമാനങ്ങൾ മാത്രമേ സർവീസ് നടത്തുന്നുള്ളൂ എന്നതിനാൽ യാത്രാ പ്രതിസന്ധി രൂക്ഷമാണ്.


റെസ വികസനം അനിവാര്യം

വിമാന ദുരന്തം അന്വേഷിച്ച വിദഗ്ദ്ധ സമിതി റെസയുടെ നീളം 90ൽ നിന്ന് 240 മീറ്ററായി വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചു. ഇതിനായി ഭൂമിയേറ്റെടുത്ത് നൽകിയില്ലെങ്കിൽ റൺവേയുടെ നീളം വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയവും നിലപാടെടുത്തു. നിലവിൽ 2,​840 മീറ്ററാണ് റൺവേയുടെ നീളം. റെസയ്ക്കായി റൺവേയിൽ നിന്ന് 320 മീറ്റർ വെട്ടിക്കുറച്ചാൽ റൺവേയുടെ നീളം 2,540 മീറ്ററാകും. ഇതോടെ വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താനാവില്ല. ഈ സാഹചര്യം ഒഴിവാക്കുന്നതിനാണ് 90 മീറ്ററുള്ള റെസ ഏരിയ 150 മീറ്റർ കൂടി ദീർഘിപ്പിച്ച് 240 മീറ്ററായി വർദ്ധിപ്പിക്കുന്നത്. റെസ ഏരിയ ദീർഘിപ്പിക്കാതെ വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ കഴിയില്ലെന്നും ആഭ്യന്തര വിമാനത്താവളമായി ചുരുങ്ങേണ്ടി വരുമെന്നുമുള്ള ആശങ്ക പടർന്നു. ഇതിനുപിന്നാലെയാണ് ഭൂമിയേറ്റെടുക്കൽ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോയത്. വിമാനത്താവള വികസനത്തിനായി പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിലായി 12.48 ഏക്കർ ഭൂമിയാണ് സർക്കാർ വിമാനത്താവള അതോറിട്ടിയ്ക്ക് ഏറ്റെടുത്തു നൽകിയത്. 76 കുടുംബങ്ങൾക്കായി 72.85 കോടി നഷ്ടപരിഹാരമായും നൽകി. 76 ഭൂവുടമസ്ഥരിൽ 28 പേർക്ക് ഭൂമിയും 11 പേർക്ക് മറ്റു നിർമ്മിതികളും 32 കുടുംബങ്ങൾക്ക് വീട് ഉൾപ്പെടെയുള്ള വസ്തുക്കളും അ‍ഞ്ചുപേർക്ക് മറ്റ് കെട്ടിടങ്ങളും ഭൂമി ഏറ്റെടുക്കലിൽ നഷ്ടപ്പെടുന്നുണ്ട്.


ഏറെ സുരക്ഷിതമാവും

റെസയുടെ വികസനം പൂർത്തിയാവുന്നതോടെ കരിപ്പൂരിലെ ടേബിൾ ടോപ്പ് റൺവേ കൂടുതൽ സുരക്ഷിതമാകും. റെസ ഉയർത്തുന്ന ഭാഗത്തെ വശങ്ങളിൽ മതിൽക്കെട്ടുകളില്ലാതെ ജിയോഗ്രിഡ് അവലംബിച്ചാണ് മണ്ണുപാളികൾ ഉറപ്പിക്കുന്നത്. ടേബിൾ ടോപ്പ് റൺവേയ്ക്ക് ഇത് കൂടുതൽ സുരക്ഷ നൽകും. 35 ലക്ഷത്തിലധികം ക്യൂബിക്ക് മീറ്റർ മണ്ണാണ് നിർമ്മാണത്തിനാവശ്യമുള്ളത്. റവന്യൂ, ജിയോളജി വകുപ്പുകളുടെ അനുമതി ലഭിച്ച പ്രദേശങ്ങളിൽ നിന്നാണ് മണ്ണെടുപ്പ്. റെസയുടെ നിർമ്മാണം പൂർത്തിയാവുന്നതോടെ ബോയിംഗ് 777, വലിയ ജെറ്റ് വിമാനങ്ങൾ എന്നിവയ്ക്ക് സർവീസ് നടത്താനാവും. പ്രവാസികളുടെ യാത്രയ്ക്ക് മാത്രമല്ല ഹജ്ജ് പ്രത്യേക സർവീസുകൾ, വിദേശയാത്രയ്ക്കുള്ള പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ എന്നിവക്കെല്ലാം സാദ്ധ്യത തെളിയും. ചരക്ക് നീക്കം കാര്യക്ഷമമാകുന്നതോടെ ഇപ്പോഴുള്ളതിന്റെ മൂന്നോ നാലോ ഇരട്ടി പഴം,​ പച്ചക്കറികളും മറ്റും നേരിട്ട് ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ചെയ്യാൻ അവസരമൊരുങ്ങും. ഇതിലൂടെ കർഷകർക്കും കയറ്റുമതിക്കാർക്കും കൂടുതൽ വരുമാനം ഉറപ്പാക്കാൻ കഴിയും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AIRPORT, FLIGHT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA