
കടുത്ത നടപടിയുണ്ടാകും: മോഹനൻ കുന്നുമ്മൽ
കണ്ണൂർ: നിതിൻ രാജിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യ സർവകലാശാല നാലംഗ കമ്മിഷനെ നിയമിച്ചു. റിട്ട. ലഫ്റ്റനന്റ് ജനറൽ ഡോ. അജിത്ത് നീലകണ്ഠൻ ചെയർമാനും ഡോ. ആഷിഷ് രാജശേഖരൻ, ഡോ. ഹരികുമാരൻ നായർ, ഡോ.എൽബി പീറ്റർ എന്നിവർ അംഗങ്ങളുമാണ്. അന്വേഷണ കമ്മിഷൻ അടുത്ത ദിവസം സഹപാഠികളുടെയും അദ്ധ്യാപകരുടെയും കോളേജ് ജീവനക്കാരുടെയും മൊഴി എടുക്കും.
കുറ്റക്കാർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ കേരളകൗമുദിയോട് പറഞ്ഞു. ഇത്തരം കാര്യങ്ങൾ സർവകലാശാലകളിൽ നടക്കേണ്ടതല്ല. പൊലീസിന്റെ അന്വേഷണം നടക്കുന്നതിനൊപ്പം സർവകലാശാലയുടെ ഭാഗത്തു നിന്നുള്ള അന്വേഷണം പുരോഗമിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കുറ്റാരോപിതരായ അദ്ധ്യാപകർക്കെതിരെ സർവ്വകലാശാല നടപടിയെടുത്തിട്ടില്ല, അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിനുശേഷമേ കൂടുതൽ നടപടികളിലേക്ക് നീങ്ങുകയുള്ളൂ. ഇത്തരം സംഭവങ്ങൾ നടക്കുന്ന കോളേജുകൾ തുടരണമോയെന്ന് യൂണിവേഴ്സിറ്റി ആലോചിക്കും. ചാൻസലറെ കണ്ട് സ്ഥിതിഗതികൾ അറിയിക്കും. അദ്ധ്യാപകരെ കുറിച്ചോ കോളേജിനെ പറ്റിയോ ഇതുവരെയും സർവകലാശാലയ്ക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ നിതിന്റെ വീട് സന്ദർശിച്ച ശേഷം മോഹനൻ കുന്നുമ്മൽ ഗവർണർ ആർ.വി ആർലേക്കറെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. കർശന നടപടി സ്വീകരിക്കണമെന്ന് ഗവർണർ വി.സിക്ക് നിർദ്ദേശം നൽകി.
ചർച്ച പ്രഹസനം; സമരം തുടരും
നിതിൻ രാജിന്റെ മരണത്തെ തുടർന്ന് ഡെന്റൽ കോളേജ് മാനേജ്മെന്റുമായി നടന്ന ആദ്യഘട്ട ചർച്ചയ്ക്ക് എത്തിയത് തീരുമാനമെടുക്കാനുള്ള അധികാരമില്ലാത്തവരാണെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി.ചർച്ചയ്ക്കിടെ, ''റാം സാർ കറുത്തയാളാണ്, പിന്നെങ്ങനെ അയാൾക്ക് കറുത്തയാളെ അധിക്ഷേപിക്കാൻ പറ്റും?"" എന്ന തരത്തിലുള്ള ചോദ്യം ഒരു മാനേജ്മെന്റ് പ്രതിനിധി ഉയർത്തി. ഇത് വിഷയത്തിന്റെ ഗൗരവം ലഘൂകരിക്കുന്ന സമീപനമാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ ക്ലാസുകൾ ബഹിഷ്കരിച്ച് സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.
ഡോ. എം.കെ. റാമിനെ സർവീസിൽ നിന്ന് പുറത്താക്കുക എന്നതാണ് പ്രധാന ആവശ്യം. കൂടാതെ മറ്റ് ചില അദ്ധ്യാപകരും ജാതീയ അധിക്ഷേപം നടത്തിയിട്ടുണ്ട്. വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ മാനേജ്മെന്റ് ആളുകളെ നിയോഗിച്ചുവെന്ന ഗുരുതര ആരോപണവും നിലനിൽക്കുന്നു. തങ്ങളുടെ ഫോട്ടോകളും ദൃശ്യങ്ങളും പകർത്തിയത് ഭാവി തൊഴിൽ സാദ്ധ്യതകളെ ബാധിക്കാമെന്ന ആശങ്കയും വിദ്യാർത്ഥികൾ പ്രകടിപ്പിച്ചു.വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ കഴിയുന്ന പ്രതിനിധിയുമായോ, കോളേജിന്റെ എം.ഡി. ഡോ. അദ്നാനുമായോ നേരിട്ടുള്ള ചർച്ച വേണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |