SignIn
Kerala Kaumudi Online
Saturday, 15 August 2026 3.38 AM IST

കൊലയാളി ആനവണ്ടികൾ

a

ആധുനിക സൗകര്യങ്ങളെല്ലാം ഉണ്ടത്രേ, പക്ഷേ അഗ്നിയുടെ ഒരു തരി മതി കെ.എസ്.ആർ.ടി.സിയുടെ പുത്തൻ ബസുകൾ നിന്നു കത്തും! നിരത്തുകളിലൂടെ ചീറിപ്പായുന്ന പുത്തൻ ബസുകളിൽ പലതിലും അഗ്നിശമന സംവിധാനങ്ങളില്ല.

കഴിഞ്ഞ ആഗസ്റ്റിൽ കെ.എസ്.ആർ.ടി.സി ആഘോഷപൂർവം പുറത്തിറക്കിയ പുത്തൻ സ്ലീപ്പർ ബസുകളിൽ ഒന്ന് മാർച്ച് 30ന് വെഞ്ഞാറമൂട് വച്ച് അഗ്നിക്കിരയായി. ഓടിക്കൂടിയ നാട്ടുകാർ സമീപത്തെ വീടുകളിൽ നിന്ന് ബക്കറ്റുകളിലും മറ്റും വെള്ളം കൊണ്ടുവന്ന് ഒഴിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രാവിലെയായതുകൊണ്ടു മാത്രം വൻദുരന്തം ഒഴിവായി.

അഗ്നിശമന സജ്ജീകരണങ്ങൾ ഉൾക്കൊള്ളിച്ചിരിക്കണമെന്ന കേന്ദ്രമാനദണ്ഡം പാലിക്കാതെയാണ് കെ.എസ്.ആർ.ടി.സി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പുത്തൻ ബസുകൾ വാങ്ങിച്ചത്. സംഭവത്തിൽ ഇതുവരെ യാതൊരു അന്വേഷണവും നടന്നിട്ടില്ല. യാത്രക്കാരുടെ ജീവന് കോർപ്പറേഷൻ ഭരിക്കുന്നവർ എത്രത്തോളം പ്രാധാന്യം നൽകുന്നുവെന്നതിന്റെ നേർച്ചിത്രമാണിത്.

2025 ഒക്ടോബർ മുതലാണ് പുതിയ ബസുകളിൽ അഗ്നിശമന സംവിധാനങ്ങൾ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഷോർട്ട് സർക്യൂട്ട് തടയുന്നതിനുള്ള സജ്ജീകരണങ്ങളും ആധുനിക എമർജൻസി വാതിലുകളും ബസുകളിൽ വേണമെന്ന് നിബന്ധനയോടെയാണ് കേന്ദ്രം നിയമം പരിഷ്‌കരിച്ചത്. അഗ്നിസാന്നിദ്ധ്യം തുടക്കത്തിലേ തിരിച്ചറിഞ്ഞ് സ്വയം പ്രവർത്തിക്കാൻ കഴിയുന്ന അഗ്നിശമന സംവിധാനങ്ങളാണ് നിഷ്‌കർഷിച്ചത്. ഇതൊന്നും പരിഗണിക്കാതെയാണ് പഴയ മോഡൽ കോച്ചുകൾക്ക് കെ.എസ്.ആർ.ടി.സി ടെൻഡർ നൽകിയത്.

അപകടം വിളിച്ചുവരുത്തുന്ന ഉത്തരവുകൾ

പുതിയ 25 ബസുകൾക്ക് നിയമപ്രകാരം രജിസ്ട്രേഷൻ അനുവദിക്കാനാകില്ലെന്ന് മോട്ടോർ വാഹനവകുപ്പ് കെ.എസ്.ആർ.ടി.സിയെ അറിയിച്ചിരുന്നു. തുടർന്ന് ബോഡി കോഡിൽ ആറുമാസത്തെ ഇളവ് അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. 15 വർഷം കഴിഞ്ഞാൽ ബസുകൾ നിരത്തിൽ നിന്ന് പിൻവലിക്കണമെന്നാണ് കേന്ദ്രനിയമം. അപ്പോഴും സംസ്ഥാന സർക്കാർ ഇളവ് നൽകും. 17 വർഷം കഴിഞ്ഞും ഓടുന്ന 1200 ബസുകളുണ്ട്. ഇവയാണ് ഇടയ്ക്കിടയ്ക്ക് വഴിയിലാകുന്നത്.

അവസാനിക്കാത്ത അപകടങ്ങൾ

ജൂൺ 29ന് കണ്ണൂർ കൂത്തുപറമ്പിൽ മകളോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന എൻ.എം.ബാലകൃഷ്ണനാണ് (62) കെ.എസ്.ആർ.ടി.സി ബസിടിച്ച് ജീവൻ നഷ്ടമാകുന്ന ഒടുവിലത്തെയാൾ. സ്‌കൂട്ടറിനു പിന്നിലിരുന്ന് യാത്ര ചെയ്യവേ പിറകിൽ നിന്നുവന്ന ബസിടിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച മൈസൂരു- ബംഗളൂരു ഹൈവേയിൽ ഉണ്ടായ

അപകടത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറും കണ്ടക്ടറും മരിച്ചിരുന്നു. അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. േ

ദിവസങ്ങൾക്കുമുമ്പാണ് വയനാട്ടിൽ രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റത്. കഴിഞ്ഞ ഏപ്രിലിൽ

എറണാകുളം നേര്യമംഗലം മണിയമ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 14കാരി അനിൻഡ ബെന്നിക്ക് ജീവൻ നഷ്ടമായി. തിരുവനന്തപുരം കരമനയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച്

ചന്ദ്രിക ഫോട്ടോഗ്രാഫർ കെ.ഗോപകുമാറും കഴക്കൂട്ടത്ത് ടെക്നോപാർക്ക് ജീവനക്കാരിയും മരിച്ച സംഭവങ്ങളുണ്ടായിട്ട് അധികനാളായില്ല. പഴഞ്ചൻ ബസുകളാണ് അപകടത്തിന് പ്രധാന കാരണമെന്നാണ് കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ പരാതി.

ആവർത്തിക്കാതിരിക്കാൻ നടപടിയില്ല

വർഷത്തിൽ ചെറുതും വലതുമായി എണ്ണൂറിലേറെ അപകടങ്ങൾ. എന്നിട്ടും കെ.എസ്.ആർ.ടി.സിക്ക് ഒരു കുലുക്കവുമില്ല. അപകടരഹിത ഡ്രൈവിംഗിനു കാര്യക്ഷമമായ പരിശീലനം നൽകാനോ ആവർത്തിക്കാതിരിക്കാനായി കർശന നടപടികൾ സ്വീകരിക്കാനോ മാനേജ്മെന്റ് തയ്യാറല്ല. എല്ലാ അപടങ്ങൾക്കും കാരണം ഡ്രൈവർമാരല്ല. എന്നാൽ ജാഗ്രതയോടെയുള്ള ഡ്രൈവിംഗ് പല അപടങ്ങളും ഒഴിവാക്കിയേനെ.

കഴിഞ്ഞമാസം വയനാട് ചിപ്പിലിത്തോട് വച്ചുണ്ടായ അപകടത്തിൽ വൈത്തിരി സ്വദേശിയായ ജാനുവിനു (65) ഗുരുതര പരിക്കേറ്ര സംഭവത്തെത്തുടർന്ന് അവരുടെ കാൽമുറിച്ചു മാറ്റേണ്ടി വന്നു. കെ.എസ്.ആർ.ടി.സി ബസ് കാലിലൂടെ കയറുകയായിരുന്നു. ബസിൽ നിന്നിറങ്ങും മുമ്പ് ഡ്രൈവർ വാഹനം എടുത്തതാണ് അപകടകാരണമെന്നായിരുന്നു പരാതി. അപകടങ്ങൾ കുറയ്ക്കാൻ യൂണിറ്റ് തലത്തിലും ചീഫ് ഓഫീസ് തലത്തിലും പഠനങ്ങളും അവലോകനവുമൊക്കെ മുറപോലെ നടക്കുന്നുണ്ട്. നിരന്തരം അപകടങ്ങളുണ്ടാക്കുന്ന ഡ്രൈവർമാരുടെ പട്ടിക തയ്യാറാക്കി തുടർച്ചയായ പരിശീലനം നൽകാനുള്ള നടപടിയും സ്വീകരിക്കുന്നുവെന്നാണ് ഔദ്യോഗിക ഭാഷ്യം.

10 വർഷത്തിനിടെ 899 മരണം

കഴിഞ്ഞ പത്തുവർഷത്തിനിടെ കെ.എസ്.ആർ.ടി.സി ബസുകൾ 8522 അപകടങ്ങളിൽപെട്ടു. 899 പേർ മരിച്ചു.

മറ്റ് ഡ്രൈവർമാർക്കും അശ്രദ്ധ

കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമല്ല അപകടം ഉണ്ടാക്കുന്നത്. മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരുടെ പിഴവും അപകടങ്ങൾക്ക് കാരണമാകുന്നതായി പൊലീസിന്റെ കണക്ക്. കഴിഞ്ഞ വർഷം 1,837 പേരുടെ മരണത്തിനു കാരണമായത് ഡ്രൈവർമാരുടെ അശ്രദ്ധയാണ്.

കഴിഞ്ഞ വർഷം

റോഡപകടം- 49,889

മരിച്ചവർ- 3,733

പരിക്കേറ്റവർ- 56,922

ഏറ്റവും കൂടുതൽ അപകടം

എറണാകുളം റൂറൽ ജില്ലയിൽ- 4,614

രണ്ടാമത് ആലപ്പുഴ- 3,954

കൂടുതൽ മരണം മലപ്പുറത്ത്- 333

രണ്ടാമത് പാലക്കാട്- 305

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA