
കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവായ പി.എൻ.പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനദിനമായി ആചരിക്കുന്നു. വായന എന്നത് കേവലം അക്ഷരങ്ങൾ കൂട്ടിവായിക്കലല്ല എന്നും, അത് മറ്റൊരു ലോകത്തേയ്ക്കുള്ള വാതിൽ തുറക്കലും, അറിവ് ആഘോഷമാക്കാനുള്ള ഏറ്റവും മികച്ച വഴിയുമാണ് എന്ന് തെളിയിച്ച മഹാനാണ് പി.എൻ. പണിക്കർ.
കേരളത്തിൽ വായനയുടെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കുന്നതിനായി കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവായ പി.എൻ.പണിക്കരുടെ ചരമദിനമായ ജൂൺ 19ന് വായനദിനമായി ആചരിച്ചുവരുന്നു. 1996ലാണ് കേരള സർക്കാർ ഈ ദിവസം ഔദ്യോഗികമായി വായനാദിനമായി പ്രഖ്യാപിച്ചത്. വായിച്ചു വളരുക-ചിന്തിച്ച് വിവേകം നേടുക എന്ന അദ്ദേഹത്തിന്റെ സന്ദേശം പിന്തുടർന്ന് ജൂൺ 19 മുതൽ 25 വരെയുളള ഒരാഴ്ചക്കാലം വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ വായനവാരം ആയി ആചരിക്കുന്നു.
പുസ്തകങ്ങളിലൂടേയും വായനയിലൂടേയും അറിവ് സമ്പാദിക്കാനും, ഇന്നത്തെ തലമുറയെ വായനയിലേയ്ക്ക് ആകർഷിക്കാനും ഈ ദിനം സഹായിക്കുന്നു. അറിവിലൂടെ സമ്പന്നനാകൂ-ശാസ്ത്രത്തിലൂന്നി ശക്തനാകൂ എന്ന ആപ്തവാക്യത്തിലൂടെ സാധാരണ ജനങ്ങളിൽ വായനയുടെ പുതുവസന്തം തീർക്കുന്നതിന് പി.എൻ.പണിക്കർക്കായി. തന്റെ ജീവിതകാലം മുഴുവനും കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിനുവേണ്ടി പരിശ്രമിച്ച അദ്ദേഹത്തെ സ്മരിക്കുന്നതിനും ഈ ദിനം പര്യാപ്തമാകുന്നു. വായന എന്നത് കേവലം അക്ഷരങ്ങൾ കൂട്ടിവായിക്കലല്ല എന്നും, അത് മറ്റൊരു ലോകത്തേയ്ക്കുള്ള വാതിൽ തുറക്കലും, അറിവ് ആഘോഷമാക്കാനുള്ള ഏറ്റവും മികച്ച വഴിയുമാണ് എന്ന് തെളിയിച്ച മഹാനാണ് പി.എൻ.പണിക്കർ.
ജനാധിപത്യഭരണ സമ്പ്രദായത്തിൽ അധിഷ്ഠിതമായ ഭരണക്രമം നിലനിൽക്കുന്ന ഭാരതത്തിൽ, ഭരണകർത്താക്കൾ രാജ്യനന്മയും ജനക്ഷേമവും ലക്ഷ്യമാക്കി ഭരണംനടത്താൻ സന്നദ്ധരാവുകയും, ജനങ്ങളെ ജനാധിപത്യ മൂല്യങ്ങൾ മനസിലാക്കി രാജ്യ പുരോഗതിക്കായി പ്രവർത്തിക്കുവാൻ സജ്ജരാക്കുകയും ചെയ്താൽ മാത്രമേ ഭരണഘടന വിഭാവന ചെയ്യുന്ന ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാൻ സാധിക്കൂ എന്ന് പി.എൻ.പണിക്കർ എപ്പോഴും ഓർമ്മിപ്പിക്കാറുണ്ടായിരുന്നു. ഗാന്ധിജി വിഭാവനംചെയ്ത സമത്വ സുന്ദരമായ സ്വാശ്രയ ഗ്രാമങ്ങളിലൂടെ ഗ്രാമസ്വരാജ് എന്ന മഹത്തായ സ്വപ്നം സാക്ഷാത്കരിക്കണമെങ്കിൽ ഗ്രാമങ്ങളിലെ ജനങ്ങൾ ഉണരണം, അവർക്ക് അറിവുണ്ടാകണം. അത് സാദ്ധ്യമാകണമെങ്കിൽ അനൗപചാരിക വിദ്യാഭ്യാസം സാർവത്രികമാക്കണം.
അക്ഷരങ്ങളിലൂടെ അറിവ് നേടാനും വായനയിലൂടെ വളരാനും അവരെ പ്രാപ്തരാക്കണം. ഇതിനായി ജീവിതം മുഴുവൻ മാറ്റിവച്ച പണിക്കർ സാറിന്റെ പ്രവർത്തനവും, സന്ദേശവും എക്കാലത്തും പ്രസക്തമാണ്. ജനാധിപത്യം വിജയപ്രദമാകണമെങ്കിൽ രാജ്യസ്നേഹവും അർപ്പണബോധവുമുള്ള രാഷ്ട്രീയ പ്രവർത്തകരും സാമൂഹ്യപ്രവർത്തകരും ഉണ്ടാകണമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയാറുണ്ടായിരുന്നു. മനുഷ്യനെ മനുഷ്യനാക്കാൻ കഴിയുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് നമുക്കാവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
നമ്മുടെ പൊതുമുതലും, പരിസ്ഥിതിയും, ജൈവസമ്പത്തും സൂക്ഷിക്കാൻ നാം എത്രമാത്രം ബാദ്ധ്യസ്ഥരാണെന്നും പറയാറുണ്ടായിരുന്നു. പൊതുമുതൽ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കണം എന്നാണ് പണിക്കർ സാറിന്റെ പക്ഷം. സ്വാതന്ത്ര്യം കിട്ടിയതിനുശേഷം നാം നശിപ്പിച്ച പൊതുമുതലിന്റെ കണിക്കെടുത്താൽ രാജ്യത്തിന് വമ്പിച്ച നേട്ടങ്ങൾ ഉണ്ടാക്കാനുള്ള സമ്പത്ത് ഉണ്ടാകുമായിരുന്നു എന്ന് പണിക്കർ സാർ വിലപിച്ചിട്ടുണ്ട്.
വർദ്ധിച്ചു വരുന്ന റോഡപകടങ്ങളിലും, അതിൽപ്പെട്ട് ജീവൻപൊലിയുന്ന ഹതഭാഗ്യരേയും, അംഗഭംഗം വന്നവരേയും കുറിച്ച് വളരെ അസ്വസ്ഥമായിരുന്നു അദ്ദേഹത്തിന്റെ മനസ്. റോഡപകടങ്ങൾ കുറയ്ക്കാൻ എന്ത് മാർഗങ്ങൾ സ്വീകരിക്കണമെന്ന് അദ്ദേഹം വ്യക്തമായി പറയുകയും അത് മറ്റുള്ളവരെ മനസിലാക്കിപ്പിക്കാൻ വളരെയധികം ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനൊക്കെയുള്ള ഒറ്റമൂലി മനുഷ്യനിൽ സാമൂഹ്യബോധം വളർത്തുക മാത്രമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
സമൂഹത്തിൽ സ്ത്രീയുടെ സ്ഥാനവും അന്തസ്സും എന്താണെന്നും, അത് സംരക്ഷിക്കാൻ പുരുഷൻ എത്രമാത്രം ബാദ്ധ്യസ്ഥതയുള്ളവനാണെന്നും സ്ത്രീകളെ അപമാനിക്കുന്നവരെ സാമൂഹ്യരംഗത്തുനിന്നും ഒറ്റപ്പെടുത്താൻ ഒരു ധാർമ്മിക സമരം ആരംഭിക്കണമെന്നും പണിക്കർ സാർ പറഞ്ഞിരുന്നു. സാമൂഹ്യ വിപത്താണ് സ്ത്രീധന സമ്പ്രദായമെന്നും അതിനെതിരെ സംഘടിച്ച് പ്രവർത്തിക്കണമെന്നും ഉദ്ബോധിപ്പിച്ചിരുന്നു.
നിയമ സാക്ഷരതയും
നിയമാവബോധവും
നിയമം അറിയാത്ത ജനങ്ങളുടെ മുമ്പിലേക്ക് നിയമങ്ങൾ അവതരിപ്പിച്ചാൽ നിയമം പരാജയപ്പെടുകയേയുള്ളു. ജനങ്ങളെ നിയമ സാക്ഷരരാക്കാത്തിടത്തോളം അത് പൂർണമായും നടപ്പിലാക്കാൻ പ്രയാസമായിരിക്കും. നിയമസാക്ഷരതയുടെ അനിവാര്യതയെപ്പറ്റി പണിക്കർ സാർ ഏപ്പോഴും വാചാലനായിരുന്നു. ജാതി, മത, വർണ, വർഗ, ലിംഗ ഭേദമന്യേ എല്ലാവരേയും സമന്മാരായി കാണണം. സാഹോദര്യവും, സാമൂഹ്യനീതിയും ഉറപ്പാക്കാനും കഴിയണം. ഇതിന് നിയമാവബോധം ആവശ്യമാണ്. നിയമബോധത്തിന്റെ പ്രസക്തിയെപ്പറ്റി അദ്ദേഹം എന്നും ബോധവാനായിരുന്നു. അനൗപചാരിക വിദ്യാഭ്യാസത്തിൽ നിയമസാക്ഷരത ഉൾപ്പെടുത്തണമെന്ന് അദ്ദേഹം പ്രത്യേകം ശഠിച്ചിരുന്നു.
ബാലവേല സമൂഹത്തിന് ശാപമാണെന്നും കുട്ടികളെ അതിന് നിയോഗിക്കാതെ വിദ്യാഭ്യാസം നൽകി വളർത്തണമെന്നും നാളത്തെ ഭാരതം അവരുടെ കൈകളിലാണ് ഭദ്രമായിരിക്കേണ്ടതെന്ന വസ്തുത നാം മറക്കരുതെന്നും ഓർമ്മിപ്പിച്ചിരുന്നു. മലയാളിയുടെ മദ്യപാന ശീലത്തിനെതിരെയും ശക്തമായി പ്രതികരിച്ചിരുന്നു. മദ്യം മദ്യപാനെ മാത്രമല്ല ബലഹീനനാക്കുന്നത്. ഇത് നമ്മുടെ സമൂഹത്തേയും രാഷ്ട്രത്തേയും ബലഹീനമാക്കുന്നു. എല്ലാവരും ഒത്തൊരുമിച്ച് മദ്യപാന ശീലത്തിനെതിരായി വലിയൊരു വിദ്യാഭ്യാസ പ്രസ്ഥാനം തുടങ്ങണമെന്നും അത് കക്ഷി രാഷ്ട്രീയ ഭേദമന്യേ നടത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
തർക്കരഹിത ഗ്രാമങ്ങളും, നീതിമേളകളും, കോടതിക്കു പുറത്തുള്ള തർക്ക പരിഹാര മാർഗങ്ങളും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പണിക്കർ സാർ എപ്പോഴും ജനങ്ങളെ ബോധവാന്മാരാക്കിയിരുന്നു. പരസ്പര സ്നേഹവും വിശ്വാസവും നിലനിൽക്കുന്ന സമൂഹമാണ് രാജ്യത്തിന്റെ വളർച്ചയുടെ നിദാനം. ചെലവ് കുറഞ്ഞ, കാലതാമസം കൂടാതെ ലഭിക്കുന്ന നീതിയാണ് സാധാരണക്കാരന് ആവശ്യം. അത് ഉറപ്പാക്കാൻ ഭരണകർത്താക്കൾക്കും കഴിയണം.
ജനകീയ നീതിവേദി, നിയമജ്ഞന്മാരുടേയും, അഭിഭാഷകരുടേയും, സാമൂഹ്യ സേവകരുടേയും കൂട്ടായ്മയിലൂടെ സാദ്ധ്യമാക്കിയാൽ നിതിനിർവഹണം ചെലവ് കുറച്ചും, കാലതാമസം ഒഴിവാക്കിയും നൽകാനാകും എന്ന് പണിക്കർ സാർ വളരെ മുമ്പുതന്നെ വിഭാവനം ചെയ്തിരുന്നു. കാലദേശങ്ങൾക്കതീതമായി എവിടേയും എപ്പോഴും മനുഷ്യന്റെ ജീവനും, അന്തസ്സും, അഭിമാനവും, സന്തോഷവും, സംതൃപ്തിയും, ശാന്തിയും ക്ഷേമവും സംരക്ഷിക്കുകയും, അത് ശരിയായരീതിയിൽ അനുഭവിച്ച് ജീവിക്കുന്നു എന്നുറപ്പാക്കാൻ കുടുംബത്തിനും, സമൂഹത്തിനും, രാഷ്ട്രത്തിനും ഭരണകർത്താക്കൾക്കും സാധിക്കണം. ഇതിനുള്ള ശരിയായ ജീവിതചര്യയും മാർഗദർശനവുമാണ് പണിക്കർ സാർ നമുക്ക് നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |