SignIn
Kerala Kaumudi Online
Friday, 19 June 2026 5.02 AM IST

പി.എം ശ്രീ പദ്ധതി നടപ്പാകട്ടെ

READ ENGLISH VERSION

pm-shri-

കേന്ദ്ര പദ്ധതികളെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ എതിർക്കുകയും നടപ്പാക്കാതിരിക്കുകയും ചെയ്യുന്നത് പഴയ കാലത്ത് സംസ്ഥാനങ്ങൾക്ക് വലിയ നഷ്ടം വരുത്തുന്ന ഒരു ഏർപ്പാടായിരുന്നില്ല. മാറിയ ഇന്നത്തെ കാലത്ത് ഒരു കേന്ദ്ര പദ്ധതി നടപ്പാക്കാതിരിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട കോടികളുടെ ഫണ്ട് കൂടി സംസ്ഥാനങ്ങൾക്ക് നഷ്ടപ്പെടും. മാത്രമല്ല മുന്നോട്ടുള്ള പുരോഗമനത്തിന്റെയും വികസനത്തിന്റെയുമൊക്കെ രംഗങ്ങളിൽ പദ്ധതി വിജയകരമായി നടപ്പാക്കിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് നടപ്പാക്കാത്ത സംസ്ഥാനങ്ങൾ പിന്നിലാവുകയും ചെയ്യും. അതിനാൽ, ആശയപരമായി വിയോജിപ്പുകളുണ്ടെങ്കിലും കേന്ദ്രപദ്ധതികളെ അപ്പാടെ ഉപേക്ഷിക്കാൻ ഇക്കാലത്ത് പൊതുവേ സംസ്ഥാനങ്ങൾ തയ്യാറാകാറില്ല. വിദ്യാഭ്യാസ രംഗത്തെ പുതിയ മാറ്റങ്ങളെ രാഷ്ട്രീയ ഭിന്നതയുടെ പേരിൽ എതിർത്ത് മാറിനിന്നാൽ അതിന്റെ നഷ്ടം പിന്നീട് മത്സരപരീക്ഷകളിലും മറ്റും പിന്നിലാവുന്ന കുട്ടികളാവും അനുഭവിക്കേണ്ടിവരിക.

അതിനാൽ, കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ പി.എംശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാനുള്ള ധാരണാപത്രത്തിൽ കേന്ദ്രസർക്കാരുമായി 2025 ഒക്ടോബറിൽ ഒപ്പുവച്ചതിനെ കുറ്റപ്പെടുത്താനാകില്ല. ഒന്നാമത് ‌പദ്ധതി കേരളത്തിലെ എല്ലാ സ്‌കൂളുകളിലും നടപ്പാക്കുന്ന ഒന്നല്ല. തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലാണ് നടപ്പാക്കുന്നത്. എന്നാൽ, കഴിഞ്ഞ സർക്കാർ നിയമസഭയിൽ അവതരിപ്പിക്കാതെയും ഇടതുമുന്നണിയിൽ ആലോചിക്കാതെയും മന്ത്രിസഭയുടെ പരിഗണനയ്ക്ക് വയ്ക്കാതെയുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. അന്നത്തെ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും കൂടിയാലോചിച്ച് തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഇടതുമുന്നണിയിലെ പ്രധാനപ്പെട്ട ഘടകകക്ഷിയായ സി.പി.ഐ ശക്തമായ എതിർപ്പുയർത്തിയതോടെയാണ് മന്ത്രിസഭായോഗം കൂടി കേരളത്തിൽ നടപ്പാക്കരുതെന്ന് കേന്ദ്രത്തിന് കത്തെഴുതിയത്. ഒരിക്കൽ ഒപ്പിട്ടതിനുശേഷം തോന്നുമ്പോൾ പിന്മാറാൻ പറ്റുന്ന ഒരു പദ്ധതിയല്ല ഇതെന്ന് ധാരണാപത്രത്തിലെ വ്യവസ്ഥകളിൽതന്നെ പറഞ്ഞിട്ടുള്ളതാണ്.

ഏതുസമയവും പദ്ധതിയിൽനിന്ന് പിന്മാറാമെന്ന് സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയാൽ ഒരു പദ്ധതിയും പൂർണമായി എവിടെയും നടപ്പാക്കാനാവില്ല. പദ്ധതി മരവിപ്പിക്കണമെന്ന് കേരളം കത്തെഴുതിയെങ്കിലും കേന്ദ്രം ഇനിയും അനുമതി നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ പദ്ധതിയിൽ തുടരാൻ യു.ഡി.എഫ് സർക്കാർ തീരുമാനിച്ചതിനെ യാഥാർത്ഥ്യബോധമുള്ള നടപടിയായാണ് വീക്ഷിക്കേണ്ടത്. കഴിഞ്ഞ സർക്കാർ ഒപ്പിടുകയും പണം വാങ്ങുകയും ചെയ്തതിനാൽ പദ്ധതിയിൽ തുടരാൻ സംസ്ഥാനം നിയമപരമായി നിർബന്ധിതമായിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ചത്. ഉപാധികളോടെ നടപ്പാക്കാനാണ് തീരുമാനം. പാഠ്യപദ്ധതിയിൽ ഇടപെടാൻ അനുവദിക്കില്ലെന്നും പദ്ധതിക്കുള്ള സ്‌കൂളുകൾ തിരഞ്ഞെടുക്കുന്നതിൽ സംസ്ഥാനത്തിന് പൂർണ സ്വാതന്ത്ര്യം വേണമെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ പ്രതികരണം എന്താവുമെന്നത് വളരെ പ്രധാനമാണ്.

പദ്ധതി നടപ്പാക്കുന്നതിന് ഏതാണ്ട് ആയിരം കോടി രൂപയിലധികം നൽകുന്നത് കേന്ദ്രമാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഡിപ്പാർട്ട്‌‌മെന്റ് ഒഫ് സ്‌കൂൾ എഡ്യൂക്കേഷൻ ആൻഡ് ലിറ്ററസിയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഏജൻസികളായ എസ്.സി.ഇ.ആർ.ടി, ഡയറ്റ് തുടങ്ങിയവയ്ക്ക് ഇതിന്റെ ഭാഗമാകാം. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ എല്ലാ വ്യവസ്ഥകളും നടപ്പാക്കണമെന്നാണ് ചട്ടം. പരിസ്ഥിതി സുസ്ഥിരതയ്ക്ക് പ്രത്യേക ഉൗന്നൽ നൽകി സ്‌കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങളും വിദ്യാഭ്യാസ നിലവാരവും മെച്ചപ്പെടുത്തുന്നതിനായി 2022 സെപ്തംബർ 7ന് ഇന്ത്യാ ഗവൺമെന്റ് രൂപം നൽകിയതാണ് പ്രധാനമന്ത്രി സ്‌കൂൾ ഫോർ റൈസിംഗ് ഇന്ത്യ എന്ന പി.എംശ്രീ പദ്ധതി. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 10,855 സ്‌കൂളുകളിൽ നടപ്പാക്കിയിട്ടുണ്ട്. സോളാർ പാനലുകൾ, എൽ.ഇ.ഡി ലൈറ്റിംഗ്, പ്രകൃതിദത്ത കൃഷിരീതിക്കുള്ള പോഷകാഹാര ഉദ്യാനങ്ങൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ തുടങ്ങിയവയും പദ്ധതിയുടെ സവിശേഷതകളാണ്. ഇത്തരം സ്‌കൂളുകളിൽ സ്‌മാർട്ട് ക്ളാസുകൾ, ഡിജിറ്റൽ ലൈബ്രറി, ഡിജിറ്റൽ പഠനോപകരണങ്ങൾ തുടങ്ങിയവയും ഉണ്ടാകും. ഇത് കേരളത്തിൽ നടപ്പാക്കുന്നതാണ് കുട്ടികൾക്ക് നല്ലത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA