
ആലപ്പുഴ: നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ്- കെ.എസ്.യു നേതാക്കളെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും മർദ്ദിച്ച കേസിന് വീണ്ടും ജീവൻ വയ്ക്കുന്നു. യു.ഡി.എഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ കേസ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയതോടെയാണിത്. അജയ് ജ്യുവൽ കുര്യാക്കോസിനെയും നിയുക്ത എം.എൽ.എ എ.ഡി.തോമസിനെയുമാണ് അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് മർദ്ദിച്ചത്.
മുൻ മുഖ്യമന്ത്രിയുടെ ഗൺമാനായ അനിൽ കുമാറും സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപ്. എസും ഉൾപ്പെടെയുള്ളവരാണ് പ്രതികൾ. 2023 ഡിസംബർ 15ന് നവകേരള ബസിന് നേരെ മുദ്രാവാക്യം വിളിച്ചതിന് ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ വച്ച് അകമ്പടി വാഹനത്തിലെ ഗൺമാൻമാർ പൊതിരെ തല്ലുകയായിരുന്നു.
കേസെടുക്കാൻ പൊലീസ് കൂട്ടാക്കാത്തതിനെ തുടർന്ന് കോടതിയെ സമീപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, തെളിവില്ലെന്നപേരിൽ ഡിവൈ.എസ്.പി കോടതിയിൽ റഫർ ചാർജ്ജ് നൽകിയെങ്കിലും വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ആലപ്പുഴ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2024 നവംബറിൽ കേസ് പുനരന്വേഷിക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ, ഒന്നര വർഷമായിട്ടും യാതൊരു പുരോഗതിയുമുണ്ടായില്ല. കൃത്യനിർവഹണത്തിന്റെ ഭാഗമായാണ് പ്രവർത്തിച്ചതെന്നും ഉദ്യോഗസ്ഥർ കുറ്റക്കാരല്ലെന്നും ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ചും കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
''കേസ് പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു
-എ.ഡി. തോമസ്,
നിയുക്ത എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |