തിരുവനന്തപുരം: ഏറ്റവും വിശ്വസ്തവും കാര്യപ്രാപ്തി തെളിയിച്ചതുമായ പി.എസ്.എൽ.വി റോക്കറ്റ് തുടർച്ചയായി പരാജയപ്പെട്ടതിന് പിന്നിൽ ഐ.എസ്.ആർ.ഒയിലെ മലയാളിയല്ലാത്ത ഉന്നതനെന്ന് സൂചന. സാമ്പത്തിക താത്പര്യമാണോ, അട്ടിമറിയാണോ എന്ന് കേന്ദ്രസർക്കാർ അന്വേഷിക്കുകയാണ്. ഇതുകൊണ്ടാണ് ഐ.എസ്.ആർ.ഒയ്ക്ക് വിക്ഷേപണാനുമതി തത്കാലം നൽകാത്തത്.
കഴിഞ്ഞ വർഷം മേയ് 18ലെ പി.എസ്.എൽ.വി സി- 61 വിക്ഷേപണപരാജയത്തിന്റെ കാരണങ്ങൾ വസ്തുതാന്വേഷണ സമിതി കണ്ടെത്തിയിരുന്നു. അത് പരിഹരിക്കാനുള്ള ശുപാർശകളും നൽകി. എന്നാൽ, സമിതിയുടെ ശുപാർശകൾ കേരളത്തിന്റെ അയൽ സംസ്ഥാനക്കാരനായ ഈ ശാസ്ത്രജ്ഞൻ തിരുത്തിയെന്നാണ് അറിയുന്നത്.ഇതോടെയാണ് ഇക്കൊല്ലം ജനുവരിയിലെ ദൗത്യവും പരാജയപ്പെട്ടത്.
ബഹിരാകാശ മേഖലയിൽ സ്വകാര്യസ്ഥാപനങ്ങൾക്ക് പ്രവേശനം അനുവദിച്ചതോടെ വൻവ്യവസായ ഗ്രൂപ്പുകൾ രംഗത്തുണ്ട്. വിക്ഷേപണ,നിർമ്മാണ രംഗത്ത് വൻകുതിപ്പ് നേടിയ പല സ്ഥാപനങ്ങൾക്കും പിന്നിൽ വിദേശ നിക്ഷേപകരുമുണ്ട്. സ്വകാര്യ സംരംഭകരുടെ ഓഹരികൾ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ സമാഹരിച്ചത് 871 ദശലക്ഷം ഡോളറാണ് (8281.63കോടി രൂപ).
ഐ.എസ്.ആർ.ഒയിൽ നിന്ന് കൂട്ടത്തോടെ രാജിവച്ച വിദഗ്ദ്ധർ ഇത്തരം സ്ഥാപനങ്ങളിലാണ് ചേർന്നത്. രാജ്യം വികസിപ്പിച്ച സുപ്രധാന വിവരങ്ങളും സൗകര്യങ്ങളും ഇൗ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇതോടെ ചുളുവിൽ സ്വന്തമാക്കാനായി. ഐ.എസ്.ആർ.ഒയെ ദുർബലമാക്കാനുള്ള ശ്രമത്തിനു പിന്നിൽ വിദേശശക്തികളുടെ കൈകളുണ്ടോയെന്നും കേന്ദ്രം പരിശോധിക്കുന്നുണ്ട്.
ഒരുക്കിവച്ചിട്ടുണ്ട്
7 റോക്കറ്റുകൾ
1 ഈ വർഷം മൂന്ന് കാർട്ടോസാറ്റ് പരമ്പര ഉപഗ്രഹങ്ങളും ജിസാറ്റ്- 1എയും ഗഗൻയാൻ ടെസ്റ്റ് വിക്ഷേപണവും ഷെഡ്യൂൾ ചെയ്തിരുന്നു
2 അടുത്ത മാസത്തേക്കാണ് ഗഗൻയാൻ ടെസ്റ്റ്, ഇ.ഒ.എസ്- 05 എന്നിവ വീണ്ടും ഷെഡ്യൂൾ ചെയ്തത്. കേന്ദ്രാനുമതി കിട്ടാത്തതിനാൽ ഗഗൻയാൻ ഷെഡ്യൂൾ പിൻവലിച്ചു
3 ഏഴ് റോക്കറ്റുകളാണ് ശ്രീഹരിക്കോട്ടയിൽ അസംബ്ളിയിംഗിന് തയ്യാറാക്കി വച്ചിരിക്കുന്നത്. ആദ്യമായാണ് ഇത്തരമൊരു സാഹചര്യം
4 കഴിഞ്ഞ വർഷം മുതലാണ് വിക്ഷേപണത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതി വേണമെന്ന വ്യവസ്ഥ കൊണ്ടുവന്നത്
5 അതിന് മുമ്പ്, വിക്ഷേപണ ദിനം ഐ.എസ്.ആർ.ഒ നിശ്ചയിച്ച് കേന്ദ്രത്തിന് വിവരം കൈമാറുന്ന രീതിയായിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |