ആലപ്പുഴ: മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിലെ കാനകളും ഇടത്തോടുകളും ഏപ്രിൽ 30നകം വൃത്തിയാക്കണമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്ക് നഗരസഭ നിർദേശം നൽകി. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിലാണ് നിർദ്ദേശം.
നഗരസഭ പരിധിയിലുള്ള പ്രധാനപ്പെട്ട തോടുകളായ റാണി, ഷഡാമണി, കാവി തോട് , ടി ഡി ചിറ തോട് ,തോട്ടാത്തോട്, പൊതാരം തോട് , ഇലവന്തി തോട്, കൂടാതെ 53 വാർഡുകളിലെയും ഇടത്തോടുകൾ , വെള്ളക്കെട്ട് രൂക്ഷമാകാൻ സാധ്യതയുള്ള തോടുകൾ എന്നിവ വൃത്തിയാക്കുന്നതിന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ ഇളവ് ലഭിക്കുന്നതിന് കളക്ടർക്ക് അപേക്ഷ നൽകുന്നതിന് യോഗം തീരുമാനിച്ചു.
ആലപ്പുഴ ബീച്ചിൽ തുറമുഖ വകുപ്പ് അനുമതി നൽകിയിട്ടുള്ള വാണിജ്യ സ്ഥാപനങ്ങളിൽ നിന്നുള്ള ജൈവ -അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കാത്തതിന് തുറമുഖ വകുപ്പിന് നോട്ടീസ് നൽകുന്നതിനും യോഗം തീരുമാനിച്ചു. ആലപ്പുഴ ബീച്ചിൽ ഡി.ടി.പി.സി - കുടുംബശ്രീ ശുചീകരണ തൊഴിലാളികൾ വൃത്തിയാക്കുമ്പോൾ ഉണ്ടാകുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ഏജൻസിയുടെ കാലാവധി അവസാനിച്ചു മാലിന്യ നീക്കം തടസപ്പെട്ടതിനു അടിയന്തിരമായി നോട്ടീസ് നൽകും.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.എം.നൗഫൽ അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മായ രാജേന്ദ്രൻ, രശ്മി സനിൽ, എസ്. ഫൈസൽ,നഗരസഭ സെക്രട്ടറി സനിൽ.എസ്, മുനിസിപ്പൽ എൻജിനീയർ ഷിബു എൽ.നാൽപ്പാട്ട്. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ശാംകുമാർ, മാലിന്യമുക്ത നവകേരളം നോഡൽ ഓഫീസർ സി.ജയകുമാർ, എൻജിനീയറിംഗ് -ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |