
മുഹമ്മ: ഏതൊരാളിന്റെയും ബാല്യകാലത്തെ മധുരുക്കുന്ന ഓർമ്മയാണ് ആഞ്ഞിലിപ്പഴം. അത് രുചിയായും മണമായും ബാല്യത്തെ ഉത്തേജിപ്പിച്ചിരുന്ന കാലം കൂടിയായിരുന്നു അത്.വേനലവധിക്കാലത്ത് കുട്ടിക്കുറുമ്പന്മാർ മരത്തിൽ കയറി ആഞ്ഞിലിച്ചക്ക കുലുക്കിയിടും. കുട്ടികളെല്ലാവരും ചേർന്ന് ആരവത്തോടെ എടുത്ത് മതിയാവോളം കഴിച്ചിരുന്നു. പാവപ്പെട്ട കുടുംബങ്ങൾക്ക് വിശപ്പടക്കാനുള്ള പുഴുക്കും തോരനും വറപൊരിയും കൂടിയായിരുന്നു ആഞ്ഞിലിച്ചക്ക.
പോഷകഗുണങ്ങളെക്കുറിച്ച് വലിയ അറിവുണ്ടായിരുന്നില്ലെങ്കിലും വിശപ്പും രുചിയും കൊണ്ടാണ് പലരും അന്ന് ആർത്തിയോടെ ആഞ്ഞിലിച്ചക്ക കഴിച്ചിരുന്നത്. ആഞ്ഞിലിക്കുരു വറുത്ത് ഇടനേരങ്ങളിൽ ചായയുടെ കൂടെയും കഴിച്ചിരുന്നു. വിഷുക്കാലം ചക്കക്കാലം കൂടിയായിരുന്നു. വിഷുവിന് പടക്കം പൊട്ടിക്കാൻ ചക്കത്തിരി ഉപയോഗിച്ചിരുന്നു.
വീട്ടുമുറ്റം വൃത്തികേടാക്കുമെന്നതിനാൽ പലരും ഇന്ന് ആഞ്ഞിലി മരം നട്ടുവളർത്താറില്ല, വെട്ടിക്കളയാറാണ് പതിവ്. എന്നാൽ, ആഞ്ഞിലി മരങ്ങൾ ധാരാളമായി വളരുന്ന ഇടങ്ങൾ നാട്ടിൻപുറങ്ങളിലുണ്ട്. ഇവയിൽ ധാരാളം ചക്കകളും ഉണ്ടാകാറുണ്ട്. അധികവും പാഴായിപ്പോകുകയാണ് പതിവ്. എന്നാൽ, ആഞ്ഞിലിച്ചക്കയുടെ ഗുണങ്ങൾ തിരിച്ചറിയുകയും ആവശ്യക്കാർ കൂടിവരികയും ചെയ്തതോടെ, ചക്കകൾ കേടാകാതെ പറിച്ചെടുത്ത് നല്ല വിലയ്ക്ക് വിൽക്കുന്നവരുടെ എണ്ണവും കൂടി വരികയാണ്.
വിനോദ സഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നല്ല വിപണിയുണ്ട്. കൂടുതൽ മനസുവച്ചാൽ നല്ലവരുമാനത്തിന്റെ വഴി ആഞ്ഞിലിച്ചക്ക കാണിച്ചു തരും.
തൈകൾ തായ്‌ലൻഡിൽ നിന്ന്
ആഞ്ഞിലിക്കുരു വറുത്ത് പൊടിച്ച് തേനും ചേർത്ത് കഴിക്കുന്നത് ആസ്മ രോഗശമനത്തിന് നല്ലതാണ്. കുരുവിൽ നിന്നുള്ള എണ്ണ ചില ത്വക്ക് രോഗങ്ങൾക്ക് ഫലപ്രദമാണെന്ന് നാട്ടുവൈദ്യം പറയുന്നു. നമ്മുടെ നാട്ടിലെ ആഞ്ഞിലി മരങ്ങൾക്ക് വിലയില്ലെങ്കിലും തായ്‌ലൻഡിൽ നിന്നുള്ള അത്യുത്പാദനശേഷിയുള്ള ആഞ്ഞിലിത്തൈകൾ നഴ്സറികൾ
വഴി ധാരാളം വിറ്റഴിക്കുന്നുണ്ട്. ആഞ്ഞിലിത്തടി ഫർണിച്ചർ നിർമ്മിക്കാൻ നല്ലതാണ്. വള്ളങ്ങൾ നിർമ്മിക്കാനും ഉപയോഗിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |