
തുറവൂർ : ദേശീയ പാതയുടെ ഭാഗമായി നിർമ്മിച്ച കാനയുടെ മുകളിലെ സ്ളാബ് തകർന്നതിനെത്തുടർന്ന് ടോറസ് ലോറി കുടുങ്ങി. എരമല്ലൂർ ജംഗ്ഷന് തെക്കുഭാഗത്തെ പെട്രോൾ പമ്പിൽ ഇന്ധനം നിറച്ച ശേഷം ടോറസ് ലോറി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് പാതയോരത്തെ കാനയുടെ സ്ളാബുകൾ തകർന്നത്. ലോറിയുടെ പിൻചക്രങ്ങൾ തകർന്ന സ്ളാബിനിടയിൽപ്പെട്ടു.
ഇതോടെ ദേശീയപാതയോരത്തെ കാനയുടെ മുകളിലെ സ്ലാബുകളുടെ സുരക്ഷയെച്ചൊല്ലി ആശങ്ക ശക്തമായി. പരമ്പരാഗത സ്റ്റീൽ കമ്പികൾക്ക് പകരം ജി.എഫ്.ആർ.പി കമ്പികളാണ് ഇവയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇങ്ങനെ നിർമ്മിച്ച സ്ലാബുകൾ ലൈറ്റ് വാഹനങ്ങളുടെ ഭാരം താങ്ങാൻ അനുയോജ്യമാണെങ്കിലും ടോറസ്, ട്രക്ക്, കണ്ടെയ്‌നർ ലോറി തുടങ്ങിയ ഹെവി വാഹനങ്ങളുടെ ഭാരം താങ്ങാൻ പര്യാപ്തമല്ലെന്നാണ് നിർമ്മാണരംഗത്തുള്ളവരുടെ വിലയിരുത്തൽ.
സമുദ്രോത്പന്ന സംസ്‌കരണ-കയറ്റുമതി സ്ഥാപനങ്ങൾ ഏറെയുള്ള അരൂർ മേഖലയിലൂടെ ഹെവി വാഹനങ്ങൾ ദിനംപ്രതി സഞ്ചരിക്കുന്ന സാഹചര്യത്തിൽ ദേശീയപാതയോരത്തെ കാനയുടെ സ്ലാബുകളുടെ സുരക്ഷ ആശങ്ക ഉയർത്തുന്നതാണ്.
തുരുമ്പെടുക്കാത്തത്, കടൽത്തീരപ്രദേശങ്ങളിലെ ദീർഘായുസ്സ്, ഭാരം കുറവായതിനാൽ പാലങ്ങളുടെയും മറ്റ് നിർമാണങ്ങളുടെയും ഡെഡ് ലോഡ് കുറയ്ക്കാൻ കഴിയുക, പരിപാലനച്ചെലവ് കുറവ് തുടങ്ങിയ ഗുണങ്ങളാണ് ജി.എഫ്.ആർ.പി കമ്പികൾ നിർമ്മാണത്തിന് പ്രധാന കാരണങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |