
തുറവൂർ: ദേശീയപാതയിലെ വയലാർ കവല മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡിൽ കോൺക്രീറ്റ് ബ്ലോക്കുകൾക്കിടയിലൂടെ മണ്ണും വെള്ളവും പുറത്തേക്ക് ചോരുന്നത് സുരക്ഷാഭീഷണി ഉയർത്തുന്നു. മഴ ശക്തമാകുന്നതോടെ കൂടുതൽ ഭാഗങ്ങളിൽ നിന്ന് മണ്ണും വെള്ളവും പുറത്തേക്ക് ഒഴുകി വിള്ളലുകൾ രൂപപ്പെടാനും അപ്രോച്ച് റോഡിന് ബലക്ഷയം സംഭവിക്കാനും സാദ്ധ്യതയുണ്ടെന്ന് നാട്ടുകാരും വ്യാപാരികളും ഭയപ്പെടുന്നു. വെള്ളം ഒഴുകുന്നത് അറിയാതിരിക്കാൻ ബ്ലോക്കുകൾക്കിടയിലെ ഭാഗം മണലും മെറ്റലും ഉപയോഗിച്ച് മൂടുകയാണ് നിർമ്മാണ കമ്പനി ചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു. സമീപത്തെ വ്യാപാരികൾ അറിയിച്ചതിനെ തുടർന്ന് കൂടുതൽ മണ്ണും മെറ്റലും ഇറക്കി റോളർ ഉപയോഗിച്ച് ഉറപ്പിച്ചെങ്കിലും വെള്ളത്തിന്റെ ഒഴുക്കിന് ശാശ്വത പരിഹാരം ഉണ്ടായില്ല. ഈ ഭാഗത്തിന്റെ അടിയിലൂടെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ വലിയ പൈപ്പുകൾ കടന്നുപോകുന്നതിനാൽ വെള്ളത്തിന്റെ ഉറവിടത്തെക്കുറിച്ചും ആശങ്കയുണ്ട്. വലിയ വാഹനങ്ങളുടെ നിരന്തര സഞ്ചാരത്തിൽ ഉണ്ടാകുന്ന സമ്മർദത്തെ തുടർന്ന് കുടിവെള്ള പൈപ്പിന് തകരാർ സംഭവിച്ചിട്ടുണ്ടോയെന്ന സംശയവും ബലപ്പെട്ടിരിക്കുകയാണ്.
വിദഗ്ദ്ധ പരിശോധന വേണം
# ബ്ലോക്കുകൾ നിരത്തി നിർമിച്ച അപ്രോച്ച് റോഡിലെ നിർമ്മാണ അപാകത കാരണമാണോ മണ്ണും വെള്ളവും പുറത്തേക്ക് ഒഴുകുന്നതെന്ന്
സംശയമുണ്ട്
# വെള്ളത്തിനൊപ്പം മണ്ണും ഒലിച്ചുപോകുന്നത് തുടർന്നാൽ റോഡിന്റെ അടിത്തറയുടെ ഉറപ്പിനെ ബാധിക്കുകയും ഭാവിയിൽ മണ്ണിടിച്ചിലിനോ മറ്റ് അപകടങ്ങൾക്കോ വഴിയൊരുക്കുകയും ചെയ്യുമെന്നാണ് ആശങ്ക
# ദേശീയപാത വികസന പദ്ധതിയിൽ ഗുരുതരമായ നിർമാണ അപാകതകൾ സംബന്ധിച്ച് പരാതികൾ ഉയർന്നിട്ടുംനിർമ്മാണ കമ്പനിയോ,അധികൃതരോ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്
# അപ്രോച്ച് റോഡിൽ നിന്ന് മണ്ണും വെള്ളവും പുറത്തേക്ക് ഒഴുകുന്നതിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ വിദഗ്ദ്ധ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |