SignIn
Kerala Kaumudi Online
Monday, 22 June 2026 4.50 AM IST

സന ഫോട്ടോ മറന്നു; ശരവേഗം പൊലീസ് പരിഹാരം

neet

കൊച്ചി: നീറ്റ് പരീക്ഷയ്ക്ക് വൈപ്പിനിൽ നിന്ന് കൊച്ചിയിലെത്തിയ സന ജോസ് ഇനിയൊരിക്കലും മറക്കില്ല കേരള പൊലീസിന്റെ ഈ കരുതലും കരുണയും. ഹാൾ ടിക്കറ്റിൽ പതിക്കാനും അകത്തു നൽകാനുമുള്ള ഫോട്ടോകൾ ഇല്ലാതെ പരീക്ഷാകേന്ദ്രത്തിന് മുന്നിൽ ആശങ്കയോടെ നിന്ന വിദ്യാർത്ഥിനിക്ക് തുണയായത് എളമക്കര പൊലീസിന്റെ ദ്രുതവേഗത്തിലുള്ള നീക്കങ്ങൾ.

പരീക്ഷാകേന്ദ്രമായ എളമക്കര പുന്നക്കൽ ജി.എച്ച്.എസ്.എസിൽ അടുത്ത ബന്ധുവിനൊപ്പമാണ് സന എത്തിയത്. ഉച്ചയ്ക്ക് ഒന്നിന് സ്കൂളിന്റെ പ്രധാനകവാടത്തിൽ വിദ്യാർത്ഥികളെ പരിശോധിച്ച് കടത്തിവിട്ടുകൊണ്ടിരുന്ന എളമക്കര പൊലീസ് സ്റ്റേഷനിലെ വനിതാ സി.പി.ഒമാർ ചിഞ്ചുവും അശ്വതിയുമാണ് സനയുടെ ഹാൾ ടിക്കറ്റിൽ പാസ്പോർട്ട് സൈസ് ഫോട്ടോ ഇല്ലെന്ന് തിരിച്ചറിഞ്ഞത്. പരീക്ഷാർത്ഥി കൈവശം കരുതേണ്ട ഫോട്ടോയും ഉണ്ടായിരുന്നില്ല. സനയുടെ ബന്ധു അപ്പോഴേക്കും മടങ്ങിയിരുന്നു.

അരമണിക്കൂറിനകം ഫോട്ടോകൾ തരപ്പെടുത്തിയില്ലെങ്കിൽ പരീക്ഷ എഴുതാനുള്ള അവസരം പാഴാകും. എളമക്കര സ്റ്റേഷനിലെ എസ്.ഐ ലാലു ജോസഫും വനിതാ പൊലീസുകാരും പ്രദേശത്തെ സ്റ്റുഡിയോകളിൽ വിളിച്ചെങ്കിലും എല്ലാവരും അവധി​യി​ലായി​രുന്നു. ഇതിനിടെയാണ് ഇൻക്വസ്റ്റ് തയ്യാറാക്കാൻ ഫോട്ടോകൾ എടുക്കുന്ന ദേശാഭിമാനി ജംഗ്ഷനിലെ സ്റ്റുഡിയോ ഉടമ ബിനുവിനെ എസ്.ഐ വിളിച്ചത്. സ്റ്റുഡിയോ തുറന്ന് ഫോട്ടോ എടുത്തുതരാമെന്ന് ബിനു അറിയിച്ചതോടെ മൊബൈൽ ഫോണിൽ പകർത്തിയ സനയുടെ പടവുമായി സി.പി.ഒ മഹേഷ് സ്റ്റുഡിയോയിലേക്ക് ബൈക്കിൽ കുതിച്ചു. 10 മിനിറ്റിനകം മഹേഷ് തിരിച്ചെത്തും വരെ എസ്.ഐയും വനിതാ പൊലീസുകാരും കുട്ടിയെ ആശ്വസിപ്പിച്ച് നിന്നു. ഫോട്ടോകൾ കിട്ടിയതോടെ കൃത്യം ഒന്നരയ്ക്ക് മുമ്പായി സന പരീക്ഷാ ഹാളിൽ പ്രവേശിച്ചു.

ആശുപത്രിയിൽ നിന്ന് തിരക്കിട്ട് വന്നതിനാലാണ് ഫോട്ടോയുടെ കാര്യം മറന്നു പോയതെന്ന് സന പറഞ്ഞു. ഹാൾ ടിക്കറ്റിൽ രണ്ട് ഫോട്ടോകളാണ് പതിക്കേണ്ടത്. ഇതിൽ വലിയ ഫോട്ടേ‌ാ പതിച്ചെങ്കിലും പാസ്പോർട്ട് ഫോട്ടോയുടെ കാര്യം മറന്നു പോയതാണ് ആശങ്കയ്ക്കിടയാക്കിയത്. പൊലീസ് ഉദ്യോഗസ്ഥർക്ക് ഹൃദയം നിറഞ്ഞ നന്ദിയുമായാണ് കുട്ടി മടങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL