SignIn
Kerala Kaumudi Online
Monday, 29 June 2026 4.46 AM IST

പശ്ചിമേഷ്യൻ യുദ്ധം: നാട്ടിൽ വീടിനും നിക്ഷേപങ്ങൾക്കും തിരക്കുകൂട്ടി പ്രവാസികൾ

f

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തിന് താത്കാലിക അറുതിയായെങ്കിലും പ്രവാസികളിലുണ്ടാക്കിയ ആശങ്കയും അനിശ്ചിതത്വവും റിയൽ എസ്‌റ്റേറ്റ്, നിക്ഷേപ മേഖലകൾക്ക് ഉണർവാകുന്നു. കേരളത്തിൽ വീടോ ഫ്ളാറ്റോ സ്ഥലമോ വാങ്ങാൻ അന്വേഷണങ്ങൾ വർദ്ധിച്ചു. നഗരങ്ങൾക്ക് പുറമേ, ചെറുപട്ടണങ്ങളിലും ഫ്ളാറ്റുകൾക്ക് താത്പര്യം വർദ്ധിച്ചു.

യുദ്ധം സൃഷ്‌ടിച്ച സാമ്പത്തികമാന്ദ്യം മൂലം ഗൾഫ് രാജ്യങ്ങളിൽ അധികകാലം തുടരാൻ കഴിയുമോയെന്ന ആശങ്ക പ്രവാസികളിൽ ശക്തമാണ്. ദുബായ് ഉൾപ്പെടെ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിൽ സ്വന്തം നാട്ടിൽ പാർപ്പിടം ആവശ്യമാണെന്ന ആലോചനയുടെ ഫലമായാണ് അന്വേഷണങ്ങൾ വർദ്ധിച്ചത്. ഗൾഫ് വിടേണ്ട സാഹചര്യമുണ്ടായാൽ പാർപ്പിടം, അല്ലെങ്കിൽ നിക്ഷേപം എന്നീ നിലകളിലാണ് അന്വേഷണമെന്ന് റിയൽ എസ്റ്റേറ്റ് സംരംഭകർ പറയുന്നു.

കഴിഞ്ഞ രണ്ടരമാസത്തിനിടെ യു.എ.ഇ, മസ്‌കറ്റ്, കുവൈറ്റ്, ബഹ്‌റൈൻ രാജ്യങ്ങളിൽ നിന്ന് അന്വേഷണങ്ങൾ വർദ്ധിച്ചു. ബ്രാൻഡ് മൂല്യമുള്ള വില്ലകൾ, ഫ്ളാറ്റുകൾ എന്നിവയിലാണ് താത്പര്യം കൂടുതലും. വലിയതോതിൽ വാങ്ങലിലേക്ക് മുന്നേറിയിട്ടില്ലെങ്കിലും വിപണിക്ക് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് സംരംഭകർ.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങൾക്കാണ് ഏറ്റവുമധികം അന്വേഷണവും പ്രിയവും. കോട്ടയം, തൊടുപുഴ, വിഴിഞ്ഞം എന്നിവിടങ്ങളിലും താത്പര്യമുണ്ട്. മലപ്പുറം ജില്ലക്കാരായ പ്രവാസികൾ താമസിക്കാൻ കോഴിക്കോട് തിരഞ്ഞെടുക്കാനാണ് താത്പര്യം കാട്ടുന്നത്.

നിക്ഷേപവും നാട്ടിലേക്ക്

യുദ്ധസാഹചര്യത്തിൽ കേരളത്തിലെ ബാങ്കുകളിലേക്ക് പ്രവാസി നിക്ഷപവും വർദ്ധിക്കുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ മുൻകാലങ്ങളേക്കാൾ പ്രവാസിനിക്ഷേപം ലഭിച്ചതായി ബാങ്കിംഗ് അധികൃതർ പറഞ്ഞു. യു.എ.ഇ, സൗദിഅറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ നിക്ഷേപങ്ങളാണ് നാട്ടിലേക്ക് മാറ്റുന്നത്. ഇന്ത്യൻ കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്നതും വർദ്ധിച്ചു.

പദ്ധതികളിലും നിക്ഷേപം

പ്രാദേശിക സംരംഭങ്ങളിലും പദ്ധതികളിലും പങ്കാളികളായി പണം നിക്ഷേപിക്കുന്ന പ്രവണത ഗൾഫ് പ്രവാസികളിൽ വർദ്ധിച്ചിട്ടുണ്ടെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സി.ഇ.ഒ അജിൽ മുഹമ്മദ് പറഞ്ഞു. ഭക്ഷണം, വിനോദം, ഭവന വാണിജ്യ കെട്ടിടങ്ങൾ എന്നീ മേഖലകളിൽ കൂടുതൽ നിക്ഷേപം പ്രവാസികളിൽ നിന്ന് ലഭിക്കുന്നുണ്ടെന്ന് ചെറുനഗരങ്ങൾ കേന്ദ്രീകരിച്ച് പദ്ധതികൾ നടപ്പാക്കുന്ന അദ്ദേഹം പറഞ്ഞു.

ഗൾഫിലെ അനിശ്ചിതത്വം ഭവനവില്പനയിൽ പ്രതിഫലിക്കും. അന്വേഷണം വർദ്ധിച്ചത് വിപണിയെ ഗുണപരമായി സ്വാധീനിക്കും.

രവി ജേക്കബ്

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം

ക്രെഡായ് കൊച്ചി

സ്വന്തം നാടിന് സമീപത്തെ നഗരങ്ങളിൽ പാർപ്പിടമുണ്ടോയെന്നാണ് ഭൂരിപക്ഷം പേരുടെയും അന്വേഷണം.

സുനിൽകുമാർ വി.

മാനേജിംഗ് ഡയറക്‌ടർ

അസറ്റ് ഹോംസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, HOUSUNG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL