
കൊച്ചി: നഗരത്തിലെ ഒരു സർക്കാർ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥി സഹപാഠികളോട് മോശമായി പെരുമാറിയത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, അദ്ധ്യാപിക കുട്ടിയെ സ്കൂൾ കൗൺസലറുടെ അടുക്കൽ എത്തിച്ചു.
കുട്ടിയുടെ പെരുമാറ്റത്തിൽ പെട്ടെന്നുണ്ടായ മാറ്റം സ്കൂൾ അധികൃതരെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരുന്നു.
കൗൺസലിംഗിന് വിധേയമാക്കിയപ്പോൾ ഗൗരവകരമായ വിഷയങ്ങളാണ് പുറത്തുവന്നത്. കുട്ടിയുടെ അമിതമായ ഫോൺ ഉപയോഗമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് കണ്ടെത്തി. മാതാപിതാക്കളുടെ വേർപിരിയലും അതുമൂലം കുടുംബത്തിലുണ്ടായ അസ്ഥിരതയും കുട്ടിയെ മൊബൈൽ ഫോണിന്റെ അടിമയാക്കിയിരുന്നു. കുട്ടി കാണുന്ന വീഡിയോ ഉള്ളടക്കങ്ങളെക്കുറിച്ച് രക്ഷിതാക്കൾ ബോധവാന്മാരായിരുന്നില്ല. കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം വരുത്താൻ നിരവധി തവണ കൗൺസലിംഗ് നൽകേണ്ടിവന്നു.
ജില്ലയിലെ കുട്ടികൾക്കിടയിൽ മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾ വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ മുന്നൂറിലേറെ കേസുകളാണ് ജില്ലയിലെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന കൗൺസലർമാർക്ക് മുന്നിലെത്തിയത്. വിവിധ സർക്കാർ സ്കൂളുകളിലായി 64 കൗൺസലർമാരാണ് ജില്ലയിൽ സേവനമനുഷ്ഠിക്കുന്നത്.
പ്രധാന കണ്ടെത്തലുകൾ
കുട്ടികളുടെ ജീവിതസാഹചര്യങ്ങൾ അവരെ സാരമായി ബാധിക്കുന്നുണ്ടെന്ന് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് അധികൃതർ അറിയിച്ചു. മാതാപിതാക്കളുടെ വേർപിരിയൽ കുട്ടികളുടെ മാനസികാരോഗ്യത്തെയും പെരുമാറ്റത്തെയും ദോഷകരമായി ബാധിക്കുന്നു. പലപ്പോഴും രക്ഷിതാക്കൾ കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മടി കാണിക്കുന്നതും അവരെ ശിശുസംരക്ഷണ ഗൃഹങ്ങളിലേക്ക് മാറ്റാൻ താത്പര്യപ്പെടുന്നതും വർദ്ധിച്ചുവരുന്ന പ്രവണതയാണ്. പല കേസുകളിലും കുട്ടികൾക്ക് പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയാലും തുടർ ചികിത്സയ്ക്ക് രക്ഷിതാക്കൾ തയ്യാറാകാറില്ല.
കണ്ടെത്തിയ കേസുകൾ
കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ സ്കൂൾ കൗൺസലർമാർ റിപ്പോർട്ട് ചെയ്ത കേസുകൾ ജില്ലയിലെ സാഹചര്യം വ്യക്തമാക്കുന്നു. ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ 'കാവൽ പ്ലസ് " പദ്ധതി വഴി 2025 ജൂലൈ 1 മുതൽ 2026 ജൂലൈ 16 വരെയുള്ള കാലയളവിൽ 18 കുട്ടികൾക്ക് മാനസികാരോഗ്യ പിന്തുണ ലഭ്യമാക്കി.
സൈബർ കേസ് ഇങ്ങനെ
ആറാം ക്ലാസിലെ വിദ്യാർത്ഥികൾ ചേർന്ന് സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് സഹപാഠികൾക്ക് നഗ്നചിത്രങ്ങൾ ഉൾപ്പെടെ അയച്ച സംഭവം അദ്ധ്യാപകർ കണ്ടെത്തുകയായിരുന്നു. തുടർന്ന് കുട്ടികൾക്ക് സ്കൂൾ കൗൺസലർ മുഖേന കൗൺസലിംഗ് നൽകി. നിയന്ത്രണമില്ലാത്ത മൊബൈൽ ഫോൺ ഉപയോഗമാണ് ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാനമായും വഴിയൊരുക്കുന്നത്.
സ്കൂൾ കൗൺസലർമാർ റിപ്പോർട്ട് ചെയ്തവ
മാനസിക സമ്മർദ്ദം: 261
ലഹരി ഉപയോഗം: 54
സൈബർ ആക്രമണം: 1
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |