SignIn
Kerala Kaumudi Online
Sunday, 05 July 2026 7.35 AM IST

നടപടി കടുപ്പിച്ചില്ലെങ്കിൽ, ആവർത്തിക്കും അപകടം

padam

ബസിൽ നിന്ന് തെറിച്ചുവീണുള്ള അപകടം വർദ്ധിക്കുന്നു

കൊച്ചി: ചെല്ലാനത്ത് ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് വീണ് 16കാരൻ പവൻ സുമോദ് മരിച്ചപ്പോൾ ഏവരും ഒരേ സ്വരത്തിൽ പറഞ്ഞത് ഇത്തരമൊരു അപകടം ഇനിയും ഉണ്ടാകരുതെന്നാണ്. ഒരുവർഷത്തിനിപ്പുറം വീണ്ടുമൊരു അനാസ്ഥ. പൊലിഞ്ഞത് ഒരു കന്യാസ്ത്രീയുടെ ജീവൻ. സ്വകാര്യ ബസുകളുടെ തുറന്നിട്ട വാതിലിലൂടെ യാത്രക്കാർ പുറത്തേക്ക് തെറിച്ചുവീണുള്ള അപകടമരണങ്ങൾ ആവർത്തിക്കുന്നത് യാത്രക്കാരിൽ ആശങ്കയുയർത്തുന്നു. എയർഡോർ സംവിധാനമുണ്ടായിട്ടും പല ബസുകളും വാതിൽ അടച്ച് സർവീസ് നടത്താൻ തയ്യാറാകാത്തതാണ് കാരണം.

കഴിഞ്ഞ മാസം 30ന് കോതമംഗലം കോഴിപ്പിള്ളിയിലാണ് കന്യാസ്ത്രീ അപകടത്തിൽപ്പെട്ടത്. കോതമംഗലം എസ്.ഡി കോൺവെന്റ് സെയ്ന്റ് വിൻസെന്റ് പ്രോവിൻസ് അംഗവും മുൻ മദർ സുപ്പീരിയറുമായ റിട്ടയേർഡ് അദ്ധ്യാപിക സിസ്റ്റർ ഹെലറ്റ് പുത്തേട്ടാണ് മരിച്ചത്. വളവ് തിരിയുന്നതിനിടെ സ്വകാര്യ ബസിന്റെ മുൻവശത്തെ വാതിലിലൂടെ ഹെലറ്റ് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. സംഭവത്തിന് പിന്നാലെ ബസ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറുടെയും കണ്ടക്ടറുടെയും പേരിൽ കേസെടുക്കുകയും ചെയ്തു.

പരിശോധന പേരിന് മാത്രം

അപകടങ്ങൾ തുടർക്കഥയാകുമ്പോഴും ജില്ലയിൽ പരിശോധനകൾ പേരിന് മാത്രമാണെന്ന ആക്ഷേപം ശക്തം. സ്കൂൾ തുറന്ന സാഹചര്യത്തിൽ സുരക്ഷിത യാത്ര ഉറപ്പുവരുത്തണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ബസ് അധികൃതർ ഇത് അവഗണിക്കുകയാണ്. ഡ്രൈവർക്ക് നിയന്ത്രിക്കാവുന്ന എയർഡോർ സംവിധാനം കൊച്ചി നഗരത്തിലടക്കം ചുരുക്കം ചില ബസുകൾ മാത്രമാണ് കൃത്യമായി ഉപയോഗിക്കുന്നത്. മത്സരയോട്ടത്തിനിടയിലും യാത്രക്കാർ തിങ്ങിനിറഞ്ഞു കയറുമ്പോഴും വാതിൽ അടയ്ക്കാൻ ജീവനക്കാർ വിമുഖത കാട്ടുന്നു.

നടപടി സ്വീകരിക്കണം

യാത്രക്കാർക്ക് നേരിട്ട് തുറക്കാവുന്ന പഴയരീതിയിലുള്ള വാതിലുകൾ മാറ്റണമെന്ന് നിർദ്ദേശമുണ്ടെങ്കിലും പല ബസുകളും ഇത് പാലിക്കുന്നില്ല. ഇത്തരം വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹനവകുപ്പ് തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്. എയർഡോർ ഘടിപ്പിച്ച ബസുകളിൽ അവ പ്രവർത്തനക്ഷമവുമല്ല. കോതമംഗലം അപകടത്തിന്റെ പശ്ചാത്തലത്തിൽ നിയമലംഘനം നടത്തുന്ന ബസുകൾക്കെതിരെയും കുറ്റക്കാർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BUS DOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL