കൊച്ചി: ചതയം നാളിൽ പിറന്ന കൊച്ചിയുടെ വർമ്മാജി എന്ന കെ.എൽ. മോഹനവർമ്മയ്‌ക്ക് നവതി നിറവ്. ആശംസകളും സമ്മാനങ്ങളുമായി ഒത്തുകൂടിയ സുഹൃത്തുക്കൾക്കൊപ്പം എഴുത്തും വായനയും രാഷ്ട്രീയവും ഫുട്ബാൾ വിശേഷങ്ങളും അദ്ദേഹം പങ്കുവച്ചു.
ബി.ടി.എച്ച് ഉടമ ജി. ഗോപിനാഥൻ പ്രത്യേകം തയ്യാറാക്കിയ ലഡു പങ്കുവച്ചാണ് ആഘോഷങ്ങൾ തുടങ്ങിയത്. സ്വന്തം തോട്ടത്തിൽ വിളവെടുത്ത ഒരു പടല പഴമാണ് തിരുമുൽക്കാഴ്ചയെന്ന് പേരിട്ട് പി.എസ്.സി മുൻ ചെർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ നൽകിയത്. എറണകുളം കരയോഗം സെക്രട്ടറി വേണു ചേട്ടൻ വർമ്മയ്‌ക്ക് ഇഷ്‌ടപ്പെട്ട പുളിയിഞ്ചിക്കറിയും സമ്മാനിച്ചു. സി.ഐ.സി.സി ജയചന്ദ്രന്റെ പ്രസ് ക്ലബ് റോഡിലെ കടയിലെ സ്‌റ്റൂളിൽ വൈക്കം മുഹമ്മദ് ബഷീർ വന്നിരുന്ന കഥയും അദ്ദേഹം അനുസ്‌മരിച്ചു.
പതിവുപോലെ എറണാകുളത്തപ്പനെ ധ്യാനിച്ച് ശബരിമല ശാസ്താവിന്റെ ഭസ്മവും ധരിച്ച് പേരക്കുട്ടികൾ നൽകിയ പുതുവസ്ത്രവും അണിഞ്ഞു. ഏറ്റവും പ്രിയപ്പെട്ട ഇഡലിയും ചേമ്പ് ചേർത്ത സാമ്പാറും കഴിച്ചു. എഴുത്തു മുറിയിൽ സുഹൃത്തുക്കളുടെ ആശംസകൾ സ്വീകരിച്ചു. മഹാകവി കാളിദാസ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വർമ്മാജിയെ പൊന്നാട അണിയിച്ചു. ഉച്ചയ്ക്ക് പിറന്നാൾ സദ്യയും കഴിച്ചു. മഹാകവി കാളിദാസന്റെ ഉജ്ജയിനി എന്നും വികാരമാണെന്നും ശരീരം വഴങ്ങുകയാണെങ്കിൽ പോകണമെന്ന മോഹം സി.ജി. രാജഗോപലിനെ അദ്ദേഹം അറിയിച്ചു.
70 മലയാളം നോവലുകളും മാധവിക്കുട്ടിയുമായി ചേർന്ന് എഴുതിയ അമാവാസി ഉൾപ്പെടെ രണ്ട് ഇംഗ്ലീഷ് നോവലുകളും വർമ്മ രചിച്ചിട്ടുണ്ട്. മുപ്പത്തിലധികം പുരസ്‌കാരങ്ങളും തേടിയെത്തി. കേരള ഹിസ്റ്ററി അസോസിയേഷൻ, നവജീവൻ സ്കൂൾ ഫോർ മെൻറ്റലി റിറ്റാർഡഡ് എന്നിവയുടെ പ്രസിഡന്റായും കേരള ഫൈൻ ആർട്സ് സൊസൈറ്റി, എ.പി.ടി.എ ഭാരതി ഫൗണ്ടേഷൻ, ഗ്രേറ്റർ കൊച്ചി കൾച്ചറൽ ഫോറം, മെട്രോ മാൻ ഇ. ശ്രീധരൻ നേതൃത്വം നൽകുന്ന ഫൗണ്ടേഷൻ ഫോർ റെസ്റ്റൊറേഷൻ ഒഫ് നാഷണൽ വാല്യൂസ്, സമസ്‌ത കേരള സാഹിത്യ പരിഷത്ത് തുടങ്ങി നിരവധി സംഘടനകളുടെ രക്ഷാധികാരിയും ഭാരവാഹിയുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |