
കൊച്ചി: ജില്ലയിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാദ്ധ്യത കുറവാണെങ്കിലും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മലയോര, തീരദേശ നിവാസികൾ ജാഗ്രത തുടരണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി. അപകടസാദ്ധ്യത മുന്നിൽക്കണ്ട് അധികൃതർ നൽകുന്ന സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിക്കരുത്. പൊതുജനങ്ങൾ പൂർണമായും സഹകരിക്കണമെന്നും അടിയന്തരഘട്ടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
ജില്ലയിൽ ഇന്നലെ പരക്കെ മഴപെയ്തു. കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും മൺസൂണിൽ ലഭിക്കേണ്ട മഴ ഇതുവരെ ലഭിച്ചിട്ടില്ല. 880.4 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 672.8 മില്ലിമീറ്റർ മാത്രമാണ് പെയ്തത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
ഇന്ന് ഗ്രീൻ അലേർട്ട്
കേരളത്തിൽ പലയിടങ്ങളിലും ശക്തമായ കാറ്റ് രേഖപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് 2 വരെയുള്ള കണക്കുകൾ പ്രകാരം കണ്ണൂരിലെ പിണറായിയിലാണ് ഉയർന്ന കാറ്റിന്റെ വേഗത രേഖപ്പെടുത്തിയത് (മണിക്കൂറിൽ 54 കിലോമീറ്റർ). മൂന്നാർ, പടിഞ്ഞാറത്തറ ഡാം, പൊന്മുടി എന്നിവിടങ്ങളിൽ 50 കിലോമീറ്റർ വേഗതയിലും കാറ്റുവീശി. തെക്കൻഗുജറാത്ത് തീരം മുതൽ മദ്ധ്യകേരള തീരം വരെയുള്ള ന്യൂനമർദ്ദ പാത്തിയും, വടക്കുപടിഞ്ഞാറൻ മദ്ധ്യപ്രദേശിനും അതിനോട് ചേർന്നുള്ള തെക്കുപടിഞ്ഞാറൻ ഉത്തർപ്രദേശിനും മുകളിലായി രൂപപ്പെട്ട ശക്തികൂടിയ ന്യൂനമർദ്ദ മേഖലയുമാണ് കാറ്റിന് കാരണം. വരുംമണിക്കൂറുകളിലും കാറ്റും മഴയും തുടരാൻ സാദ്ധ്യതയുള്ളതിനാൽ മരങ്ങൾ വീഴാനും വൈദ്യുതിലൈനുകൾ പൊട്ടാനും സാദ്ധ്യതയുണ്ട്. ഇന്ന് ജില്ലയിൽ ഗ്രീൻ അലേർട്ടാണ്.
ജില്ലയുടെ കിഴക്കൻ മലയോര, വനമേഖലകളിൽ ജാഗ്രതാനിർദ്ദേശം നിലനിൽക്കുന്നു. കനത്ത മഴയുണ്ടെങ്കിൽ രാത്രികാലങ്ങളിൽ മലയോര മേഖലയിലെ യാത്ര നിയന്ത്രിക്കും.
കർശന വിലക്കുകൾ
1.ഉരുൾപൊട്ടൽ, മണ്ണൊലിപ്പ് സാദ്ധ്യതയുള്ളതിനാൽ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ പാടില്ല
2.കടൽക്ഷോഭ സാദ്ധ്യതയുള്ളതിനാൽ മീൻപിടിക്കാൻ പോകരുത്
3.മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്രകൾ പൂർണമായും ഒഴിവാക്കണം
ശ്രദ്ധിക്കുക
1.ഒഴുക്കുള്ള വെള്ളത്തിലോ ജലാശയങ്ങളിലോ ഇറങ്ങുകയോ സെൽഫി എടുക്കുകയോ ചെയ്യരുത്
2.ജലസ്രോതസുകൾ മലിനമാകാൻ സാദ്ധ്യതയുള്ളതിനാൽ കുടിവെള്ളം തിളപ്പിച്ചശേഷം മാത്രം ഉപയോഗിക്കുക
3.സോഷ്യൽ മീഡിയയിലൂടെ വരുന്ന വ്യാജ മുന്നറിയിപ്പുകൾ പ്രചരിപ്പിക്കരുത്. ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കുക
മൺസൂണിന് മുമ്പേ മുന്നറിയിപ്പുകൾ അനുസരിച്ച് നടപടികൾ സ്വീകരിക്കാൻ താലൂക്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ജില്ലാ ദുരന്തനിവാരണ അതോറിട്ടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |