SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.21 AM IST

നാലമ്പല തീർത്ഥാടനത്തിനായി ജില്ലയിലെ ദാശരഥി ക്ഷേത്രങ്ങളൊരുങ്ങി

f

കൊച്ചി: നാലമ്പല തീർത്ഥാടനത്തിനായി ജില്ലയിലെ ദാശരഥി ക്ഷേത്രങ്ങളൊരുങ്ങി. കർക്കടകം ഒന്നായ 17 മുതൽ ഓഗസ്റ്റ് 16 വരെയാണ് രാമായണ മാസാചരണവും നാലമ്പല തീർത്ഥാടനവും. കർക്കടകമാസത്തിൽ ദശരഥ പുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്‌നൻ എന്നിവരുടെ ക്ഷേത്രങ്ങൾ ഒരേദിവസം സന്ദർശിക്കുന്നത് പുണ്യമായാണ് കണക്കാക്കുന്നത്.

തൃശൂർ-എറണാകുളം ജില്ലകൾ:

നാലമ്പല തീർത്ഥാടനം തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്നു. തുടർന്ന് ഇരിങ്ങാലക്കുട കൂടൽമാണിക്യം ഭരതക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണപെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്‌ന ക്ഷേത്രം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് തൃപ്രയാറിൽ തന്നെ അവസാനിക്കുന്നു. ഇതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കുറുമശേരിയിലെ മൂഴിക്കുളം ക്ഷേത്രം മാത്രമാണ് എറണാകുളം ജില്ലയിലുള്ളത്. മറ്റ് മൂന്ന് ക്ഷേത്രങ്ങളും തൃശൂരാണ്.

രാമമംഗലം നാലമ്പലങ്ങൾ:


ജില്ലയിൽ പിറവത്തിനടുത്തുള്ള രാമമംഗലത്താണ് നാല് ദാശരഥി ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നത്. മാമലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം, മേമ്മുറി ഭരതപ്പിള്ളി ശ്രീഭരതസ്വാമി ക്ഷേത്രം, മുളക്കുളം ലക്ഷ്മണ സ്വാമിക്ഷേത്രം, മാമലശ്ശേരി നെടുങ്ങാട്ട് ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവയാണിവ. 16ന് വൈകിട്ട് 5ന് മാമലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രാങ്കണത്തിൽ ജലസേചന മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം നിർവഹിക്കും. അനൂപ് ജേക്കബ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. നാല് ക്ഷേത്രങ്ങളിലും രാവിലെ അഞ്ച് മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് അഞ്ച് മുതൽ എട്ട് വരെയുമാണ് ദർശനസമയം.

രാമപുരം നാലമ്പലങ്ങൾ:

കൂത്താട്ടുകുളത്തിന് സമീപമുള്ള രാമപുരത്ത് മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നാല് ക്ഷേത്രങ്ങളുമുള്ളത്. രാമപുരത്തെ ശ്രീരാമസ്വാമിക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമിക്ഷേത്രം, മേതിരി ശത്രുഘ്‌ന സ്വാമിക്ഷേത്രം എന്നിവയാണ് നാലമ്പലങ്ങൾ. അമനകര ഭരതക്ഷേത്രത്തിൽ ദിവസവും അന്നദാനമുണ്ട്. നാല് ക്ഷേത്രങ്ങളിലും രാവിലെ അഞ്ച് മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് അഞ്ച് മുതൽ 7.30 വരെയുമാണ് ദർശനസമയം.

തീർത്ഥാടകർക്കായി സൗകര്യങ്ങൾ:


ക്ഷേത്രങ്ങളിൽ ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പ്രത്യേക ഷെഡുകൾ, വരിയിൽ കുടിവെള്ളം, അന്നദാനം, ചികിത്സാ സൗകര്യം എന്നിവയുണ്ടാകും. ആരോഗ്യ, സന്നദ്ധ പ്രവർത്തകരും പൊലീസും സഹായത്തിനുണ്ടാകും. കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകളും നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL