SignIn
Kerala Kaumudi Online
Friday, 17 July 2026 3.34 AM IST

 കർക്കടക പുണ്യം നുകരാൻ ആനവണ്ടി; കെ.എസ്.ആർ.ടി.സി നാലമ്പല ദർശന സർവീസുകൾക്ക് തുടക്കം 

ksrtc

കൊച്ചി: രാമായണ മാസത്തിന്റെ പുണ്യവുമായി കർക്കടകം പിറന്നതോടെ, ഭക്തർക്കായി പ്രത്യേക നാലമ്പല ദർശന പാക്കേജുകളുമായി ജില്ലാ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. ഇന്നു മുതൽ ആഗസ്റ്റ് 16 വരെയുള്ള രാമായണ മാസക്കാലയളവിൽ ജില്ലയിലെ വിവിധ കെ.എസ്.ആ‌‌ർ.ടി.സി ഡിപ്പോകളിൽ 200 ഓളം സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലെ പ്രധാന നാലമ്പലങ്ങളെ കേന്ദ്രീകരിച്ചാണ് യാത്രാ പാക്കേജ്.

ജില്ലയിലെ മാമലശേരി കേന്ദ്രീകരിച്ച് സ്ഥിതിചെയ്യുന്ന നാല് ക്ഷേത്രങ്ങളിലേക്ക് 90 ട്രിപ്പുകളും തൃശൂർ നാലമ്പലത്തിലേക്ക് നൂറോളം ട്രിപ്പുകളും തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ കണ്ണൂർ നാലമ്പല ദർശനത്തിനായി അമ്പതോളം ട്രിപ്പുകളുമുണ്ട്.

 ഉച്ചപൂജയ്ക്ക് മുമ്പ് ദർശനം പൂർത്തിയാക്കാം

ഒരേ ദിവസം തന്നെയാണ് നാല് ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത്. ഉച്ചപൂജയ്ക്ക് മുമ്പായി നാല് ക്ഷേത്രങ്ങളിലെയും ദർശനം പൂർത്തിയാക്കാൻ സാധിക്കുന്ന രീതിയിലാണ് യാത്രയുടെ സമയക്രമം. പുലർച്ചെ 4 മണിക്കും 5 മണിക്കും ഇടയിൽ വിവിധ ഡിപ്പോകളിൽ നിന്ന് ആരംഭിക്കുന്ന യാത്രകൾ ഒരു ദിവസയാത്രയായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ദൂരെ സ്ഥലങ്ങളിൽ നിന്ന് എത്തുന്ന ഭക്തർക്ക് തലേദിവസം വൈകിട്ട് ഡിപ്പോകളിൽ എത്തി വിശ്രമിച്ച ശേഷം രാവിലെ യാത്ര തിരിക്കാനുള്ള സൗകര്യവുമുണ്ട്.

 മൂന്നിടങ്ങൾ കേന്ദ്രീകരിച്ച് സ‌‌ർവീസ്

എറണാകുളം ജില്ലയിലെ പ്രധാന നാലമ്പല ദർശനം മാമലശേരി കേന്ദ്രീകരിച്ചാണ് നടക്കുന്നത്. രാവിലെ 6.30ഓടെ ആദ്യ ക്ഷേത്രത്തിൽ എത്തുന്ന രീതിയിലാണ് ക്രമീകരണം.

കണ്ണൂർ ജില്ലയിലെ നീർവേലി ശ്രീരാമസ്വാമി ക്ഷേത്രം, എളയാവൂർ സംഗമേശ്വര ക്ഷേത്രം, പെരിഞ്ചേരി വിഷ്ണു ക്ഷേത്രം, പായം മഹാവിഷ്ണു ക്ഷേത്രം എന്നിവയടങ്ങുന്ന നാലമ്പലത്തിലേക്കും സ‌ർവീസുണ്ട്.

തൃപ്രയാർ, കൂടൽ മാണിക്യം, പായമ്മൽ, മൂഴിക്കുളം കേന്ദ്രീകരിച്ച സർവീസാണ് മൂന്നാമത്തേത്.

 മിതമായ നിരക്ക്

മിതമായ നിരക്കും ബുക്കിംഗ് സൗകര്യവും സാധാരണക്കാർക്ക് ലാഭകരമായ രീതിയിലാണ് ബഡ്ജറ്റ് ടൂറിസം സെൽ നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. എറണാകുളത്ത് നിന്ന് തൃപ്രയാർ നാലമ്പല ദർശന സർവീസുകൾക്ക് ഒരാൾക്ക് 450 രൂപയോളമാണ് നിരക്ക്. വിവിധ ഡിപ്പോകളിൽ ദൂരത്തിനനുസരിച്ച് നിരക്കുകളിൽ മാറ്റമുണ്ടാകും. കുടുംബമായി എത്തുന്നവർക്കും ചാർട്ടേഡ് ഗ്രൂപ്പുകൾക്കും പുറമേ വ്യക്തിഗതമായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യാം. എല്ലാ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും ഇതിനായുള്ള ബുക്കിംഗ് കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL