
കൊച്ചി: പറവൂർ പ്രദേശത്തെ ചായക്കടകളിൽ ഇനി ചെറുകടിയും ചായയുമായി കവിതയും ആസ്വദിക്കാം. ഇഷ്ടപ്പെട്ടാൽ കവിതയെക്കുറിച്ച് അഭിപ്രായവും പറയാം, കവിയുടെ മറുപടിയും കേൾക്കാം. പുരോഗമന കലാസാഹിത്യ സംഘം പറവൂർ മേഖല കമ്മിറ്റിയാണ് കവികൾക്കായി വേറിട്ട വേദി ഒരുക്കുന്നത്. ഈ മാസം 21ന് പറവൂർ ഗോതുരുത്ത് പള്ളിക്കടവിലുള്ള വറുതുകുട്ടി ചേട്ടന്റെ ചായക്കടയിലാണ് ആദ്യ പരിപാടി.
സർഗാത്മക രചനകൾ സാധാരണക്കാരിലേക്ക് എത്തിക്കാനും മാനവിക മൂല്യങ്ങളെ തിരികെപ്പിടിക്കാനുമുള്ള ഒരു സാംസ്‌കാരിക പ്രതിരോധമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു. കേവലം ആസ്വാദനത്തിനപ്പുറം, കവികൾക്ക് തങ്ങളുടെ ഹൃദയമിടിപ്പുകൾ ജനമദ്ധ്യത്തിൽ ചൊല്ലിഫലിപ്പിക്കാനും കേൾവിക്കാർക്ക് അഭിപ്രായങ്ങൾ പങ്കുവെക്കാനുമുള്ള അവസരമാണ് ഇവിടെയൊരുങ്ങുന്നത്. വരികളുടെ വസന്തവുമായി ആർക്കും ഇവിടെ കവിതകൾ അവതരിപ്പിക്കാം.
പറവൂർ, ഗോതുരുത്ത്, വടക്കുംപുറം, ചേന്ദമംഗലം തുടങ്ങി മേഖലയിലെ പ്രധാന കേന്ദ്രങ്ങളിലെ ചായക്കടകളാണ് കാവ്യസന്ധ്യകൾക്ക് സാക്ഷ്യം വഹിക്കുന്നത്. 24ന് പെരുമ്പടന്ന വേണു ചേട്ടന്റെ ചായക്കടയിലും 25ന് വാവക്കാട് എ.കെ. ബോസ് ചേട്ടന്റെ കടയിലും 28ന് വടക്കുംപുറം ജിനികുമാറിന്റെ കടയിലും ഓഗസ്റ്റ് 10ന് തേലത്തുരുത്ത് കലാധരന്റെ ചായക്കടയിലും കവിതയുടെ അക്ഷരക്കൂട്ടുകൾ ചായക്കോപ്പയിലെ ആവിയായി പടരും. ശേഷം പറവൂരിലെ മറ്റ് ഇടങ്ങളും പിന്നീട് ജില്ലാ തലത്തിലേക്കും പരിപാടി സംഘടിപ്പിക്കും.
ചായക്കടയിലെ ചൂടുള്ള ചർച്ചകൾക്കൊപ്പം ഇനി കവിതയുടെ മനോഹര ഈണങ്ങളും പറവൂരിന്റെ സായാഹ്നങ്ങളെ ധന്യമാക്കും. നന്മയുടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും ഈ കാവ്യക്കൂട്ടായ്മയിൽ എല്ലാ അക്ഷരപ്രേമികളും പങ്കാളികളാകണം
ടൈറ്റസ് ഗോതുരുത്ത്
മേഖലാ പ്രസിഡന്റ്
പുരോഗമന കലാ
സാഹിത്യ സംഘം
കവിത അവതരിപ്പിക്കാൻ താത്പര്യമുള്ളവർ 9388638337 എന്ന നമ്പറിൽ ബന്ധപ്പെടാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |