SignIn
Kerala Kaumudi Online
Sunday, 17 May 2026 8.42 PM IST

ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുൻഗണന: റോയ് കെ. പൗലോസ്

തൊടുപുഴ: കഴിഞ്ഞ സർക്കാരിന്റെ കാലത്തെപ്പോലെ വനംവകുപ്പിന്റെ അഴിഞ്ഞാട്ടം ഇനി ജില്ലയിൽ അനുവദിക്കില്ലെന്നും ഇടുക്കിയിലെ സങ്കീർണ്ണമായ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായിരിക്കും തന്റെ പ്രഥമ പരിഗണനയെന്നും നിയുക്ത ഇടുക്കി എം.എൽ.എ റോയ് കെ. പൗലോസ്. ഇടുക്കി പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ എൽ.ഡി.എഫ് ഭരണകാലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രമാണിമാരെപ്പോലെയാണ് പെരുമാറിയത്. വനഭൂമിക്ക് ജണ്ട സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് മറികടന്ന് സാധാരണക്കാരുടെ പട്ടയഭൂമി കൈക്കലാക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചത്. പട്ടയഭൂമിയിൽ ഇടപെടാൻ വനംവകുപ്പിന് നിയമപരമായി യാതൊരു അവകാശവുമില്ലെന്നിരിക്കെയാണിത്.

ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മീനുളിയാൻപാറ, പാൽക്കുളമേട്, അഞ്ചുരുളി തുടങ്ങിയവ അധികാരം ഉപയോഗിച്ച് വനംവകുപ്പ് പിടിച്ചെടുത്തു. പൊതുജനം പ്രവേശിക്കുന്നത് തടയാൻ ട്രഞ്ചുകൾ കുഴിക്കുകയും കാഞ്ചിയാറിൽ 40 കുടുംബങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ശ്രമിക്കുകയും ചെയ്തത് ഇതിന് ഉദാഹരണമാണ്. ഉത്തരവാദിത്തപ്പെട്ടവർ വനംവകുപ്പിനെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു. യു.ഡി.എഫ് ഭരണത്തിൽ ഇത്തരത്തിലുള്ള ജനവിരുദ്ധ നടപടികൾ അനുവദിക്കില്ല. സ്വന്തമായി ഭൂമിയുണ്ടായിട്ടും അവിടെ യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും നടത്താൻ കഴിയാത്ത അവസ്ഥയിലാണ് ഇടുക്കിയിലെ ജനങ്ങൾ. ഇതിന് അറുതി വരുത്താനുള്ള നടപടികൾ വേഗത്തിലാക്കും. കട്ടപ്പന, ചെറുതോണി, നെടുങ്കണ്ടം, രാജാക്കാട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ഇന്നും പട്ടയമില്ലാത്ത സ്ഥിതിയാണുള്ളത്. ജില്ലയിൽ ഏകദേശം അമ്പതിനായിരത്തോളം പേർ പട്ടയത്തിനായി കാത്തിരിക്കുന്നുണ്ട്. ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് ചട്ടങ്ങൾ പരിഷ്‌കരിക്കാനും മുൻ സർക്കാർ കൊണ്ടുവന്ന ജനവിരുദ്ധ ഉത്തരവുകൾ പുനഃപരിശോധിക്കാനും യു.ഡി.എഫ് സർക്കാർ ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിസ്ഥാനം പാർട്ടി തീരുമാനിക്കും
ഭാവിയിൽ മന്ത്രിസ്ഥാനം ലഭിക്കുമോ എന്ന ചോദ്യത്തിന്, അത്തരം കാര്യങ്ങൾ പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് റോയ് കെ. പൗലോസ് മറുപടി നൽകി. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് താൻ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL