SignIn
Kerala Kaumudi Online
Friday, 19 June 2026 5.10 AM IST

കൊട്ടിയൂരിൽ ആയില്യം ചതുശ്ശതം വലിയവട്ടളം പായസ നിവേദ്യം ഇന്ന് മകം കലം വരവ് നാളെ

kottiyur
കൊട്ടിയൂരിൽ ആയില്യം ചതുശ്ശതം

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ ആയില്യം നാളിലെ ചതുശ്ശതം വലിയ വട്ടളം പായസം ഇന്ന് പെരുമാൾക്ക് നിവേദിക്കും. പടുവിലായി പൊൻമലേരി കോറോത്ത് തറവാട് വകയാണ് ആയില്യം നാൾ പായസ നിവേദ്യം. ഉച്ചയ്ക്ക് പന്തീരടി പൂജയ്ക്കാണ് പായസം നിവേദിക്കുക.

മകം നാളായ നാളെ മുതൽ വൈശാഖ മഹോത്സവത്തിലെ ചിട്ടകൾക്കും ചടങ്ങുകൾക്കും മാറ്റം വരും. നല്ലൂരിൽ നിന്നുള്ള കലം വരവ് നാളെയാണ്. ആനകളും വിശേഷ വാദ്യങ്ങളും നാളെ ഉച്ചശീവേലിക്ക് ശേഷം ഉണ്ടാകില്ല. സ്ത്രീകളുടെ ഈ വർഷത്തെ ദർശനകാലം നാളെ ഉച്ചശീവേലിയുടെ അവസാനിക്കും. ശീവേലി പൂർത്തീകരിക്കും മുമ്പ് സ്ത്രീകൾ ബാവലിപ്പുഴയുടെ ഇക്കരയിലേക്ക് മടങ്ങണം. ശീവേലിക്ക് തിടമ്പേറ്റുന്ന ആനകളും നാളെ ശീവേലിക്ക് ശേഷം ഇക്കരെ കൊട്ടിയൂരിലേക്ക് മടങ്ങും.

മുഴക്കുന്നിൽ നിന്ന് നല്ലൂരാൻ എന്ന കുലാല സ്ഥാനികന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘം കലങ്ങളുമായി നാളെ രാവിലെ കൊട്ടിയൂരിലേക്ക് പുറപ്പെടും. ഇവർ സന്ധ്യയ്ക്ക് കൊട്ടിയൂരിൽ എത്തും. ഇവർ കൊണ്ടുവരുന്ന കലങ്ങൾ സന്നിധാനത്ത് സമർപ്പിക്കും. ഇവർ പ്രവേശിക്കുമ്പോൾ സന്നിധാനം അന്ധകാരത്തിലായിരക്കണമെന്നും ആരും കൈയാലകൾക്ക് പുറത്ത് ഉണ്ടാകരുതെന്നുമാണ് ആചാരം. സമർപ്പിക്കുന്ന കലങ്ങൾ ഉപയോഗിച്ചുള്ള ഗൂഢപൂജകൾ നാളെ രാത്രി തന്നെ ആരംഭിക്കും.

സ്‌ത്രീകളുടെ ദർശനകാലം നാളെ ഉച്ചയോടെ അവസാനിക്കുന്നതിനാൽ ഇന്നലെയും കൊട്ടിയൂരിൽ വൻ ഭക്തജനപ്രവാഹമാണ് അനുഭവപ്പെട്ടത്.

കൊട്ടിയൂരിൽ ഇന്നലെ അനുഭവപ്പെട്ട ഭക്തജനത്തിരക്ക്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL