SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.17 AM IST

ടൂറിസം മേഖലയ്ക്ക് ഉണർവേകി കൊട്ടിയൂർ തീർത്ഥാടകർ

thirakk
വൈശാഖ മഹോത്സവത്തിൽ കൊട്ടിയൂരിൽ അനുഭവപ്പെട്ട തിരക്ക് (ഫയൽഫോട്ടോ)

കണ്ണൂർ: കൊട്ടിയൂർ വൈശാഖോത്സവ കാലത്ത് കണ്ണൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് അന്യ സംസ്ഥാന തീർത്ഥാടകരുടെ പ്രവാഹം. ജില്ലയിലെ തീരദേശ പ്രദേശങ്ങൾ സന്ദർശിച്ചും, പുരാതന ക്ഷേത്രങ്ങൾ സന്ദർശിച്ചും മടങ്ങിയത് പതിനായിരത്തോളം അന്യ സംസ്ഥാന തീർത്ഥാടകർ. കൊട്ടിയൂർ ക്ഷേത്രത്തിലേക്കെത്തിയ തീർത്ഥാടകരിൽ കൂടുതലും കർണാടകയിൽ നിന്നുള്ളവർ. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള തീർത്ഥാടകരും കൊട്ടിയൂരിലെത്തി.

കൊട്ടിയൂർ ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകർ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളും പ്രധാന ക്ഷേത്രങ്ങളും സന്ദർശിച്ചാണ് മടങ്ങിയത്. പറശ്ശിനിക്കടവ്, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, മാടായിക്കാവ്, മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രം, മാമാനത്ത് ദേവീക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളിൽ വൈശാഖോത്സവ കാലത്ത് കനത്ത തിരക്കായിരുന്നു. തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിൽനിന്നും തീർത്ഥാടക പ്രവാഹമുണ്ട്.

അതേസമയം, കൊട്ടിയൂരിലെ പാർക്കിംഗിൽ അനുഭവപ്പെടുന്ന അപര്യാപ്തത യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്. കൂടുതൽ സ്ഥലങ്ങൾ പാർക്കിംഗിനായി കണ്ടെത്തണമെന്ന ആവശ്യം തീർത്ഥാടകർ ഉയർത്തുന്നുണ്ട്.

അതിനിടെ പയ്യാമ്പലം ബീച്ചിൽ തിരയിൽപ്പെട്ട് മരണം റിപ്പോർട്ട് ചെയ്തതോടെ ബീച്ചുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണവും വിനോദസഞ്ചാരികൾക്ക് തിരിച്ചടിയായി. സുരക്ഷ ഒരുക്കി എല്ലാവരെയും സ്വീകരിക്കാനുള്ള സൗകര്യം ഒരുക്കണമെന്നാണ് സഞ്ചാരികൾ പറയുന്നത്.


വിപണിയിലും ഉണർവേകി

കാലവർഷം തുടങ്ങിയതോടെ വിപണിയെല്ലാം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെ, കൊട്ടിയൂരിലേക്കുള്ള തീർത്ഥാടക പ്രവാഹം വ്യാപാരമേഖലയ്ക്കും ഉണർവേകി. രാത്രി കാലങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ വൻ തിരക്കായിരുന്നു കഴിഞ്ഞദിവസങ്ങളിൽ. പാചകവാതക ക്ഷാമം മൂലം നട്ടംതിരിഞ്ഞ ഹോട്ടലുകൾക്ക് കൊട്ടിയൂർ ഉത്സവകാലം മികച്ച ലാഭമാണ് ഉണ്ടാക്കിയത്. കൊച്ചു തട്ടുകടകൾ മുതൽ കണ്ണൂർ നഗരത്തിലെ മാളുകൾ വരെയുള്ള സ്ഥലത്തും ഇതിന്റെ പ്രതിഫലനമുണ്ടായി.

തീർത്ഥാടനത്തിന് എത്തിയ ഭക്തർ കണ്ണൂർ, തലശേരി കോട്ട, മ്യൂസിയം, പയ്യാമ്പലം, മുഴപ്പിലങ്ങാട് ബീച്ചുകൾ തുടങ്ങിയ സ്ഥലങ്ങളും സന്ദർശിച്ചാണ് മടങ്ങിയത്.


കൊട്ടിയൂർ തീർത്ഥാടകർ സന്ദർശിച്ച കേന്ദ്രങ്ങൾ

1.കടൽ പ്രദേശങ്ങൾ: പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധർമടം, മീൻകുന്ന്, ചാൽ ബീച്ച്
2.ട്രക്കിംഗ്: പാലക്കയം തട്ട്, പൈതൽ മല

3.വെള്ളച്ചാട്ടം: ഏഴരക്കുണ്ട്, അളകാപുരി, മീൻമുട്ടി
4.ആരാധനാ കേന്ദ്രങ്ങൾ: പറശ്ശിനിക്കടവ്, കൊട്ടിയൂർ, തിരുവങ്ങാട്, പെരളശേരി, തൊടിക്കളം, തളിപ്പറമ്പ് രാജരാജേശ്വര 5.ക്ഷേത്രങ്ങൾ, തലശേരി ഓടത്തിൽ പള്ളി, സ്റ്റേഡിയം ജുമാ മസ്ജിദ്, മാടായി പള്ളി, തലശേരി ഇംഗ്ലീഷ് പള്ളി
6.കോട്ട: കണ്ണൂർ, തലശേരി
7.മ്യൂസിയം: കണ്ണൂർ അറയ്ക്കൽ, തലശേരി ഹെർമൻ ഗുണ്ടർട്ട്
8.വന്യജീവി സങ്കേതം: ആറളം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KOTTIYUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL