
പാപ്പിനിശ്ശേരി: കല്ലൂരിക്കടവിൽ വീട്ടിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന് തീപിടിച്ചത് ഭീതി പരത്തി. അഗ്നിശമന സേനയുടെ സന്ദർഭോചിത ഇടപെടലിൽ ഒഴിവായത് വലിയ ദുരന്തം.
ഞായറാഴ്ച രാവിലെ ഏഴോടെയാണ് സതിയുടെ വീട്ടിലെ പാചകവാതക സിലിണ്ടറിന് തീപിടിച്ചത്. പഴയ സിലിണ്ടർ മാറ്റി പുതിയത് സ്ഥാപിച്ചപ്പോൾ ആയിരുന്നു തീപിടുത്തം. റെഗുലേറ്ററിന്റെ ഭാഗത്തു തീ ആളിക്കത്തുന്ന നിലയിൽ ആയിരുന്നു. സിലിണ്ടർ നല്ല രീതിയിൽ ചൂടാകുന്ന അവസ്ഥ ആയതിനാൽ ഏത് സമയത്തും പൊട്ടിത്തെറിക്കുന്ന സാഹചര്യവും ഉടലെടുത്തു.
റെഗുലേറ്റർ കത്തുന്നതിനാൽ വീട്ടുകാർക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഉടനെ വിവരം നൽകിയതിനെ തുടർന്ന് കണ്ണൂരിൽ നിന്നും അഗ്നിശമനസേന എത്തി സാഹസികമായി വീടിന്റെ ഉള്ളിലേക്ക് കയറി സിലിണ്ടറിലേക്ക് വെള്ളമടിച്ച് തണുപ്പിച്ചതിനു ശേഷം സിലിണ്ടർ പുറത്തേക്ക് എടുത്തു വച്ച് തീ അണയ്ക്കുകയാണുണ്ടായത്. തുടർന്ന് റെഗുലേറ്റർ അഴിച്ചുമാറ്റി പാചകവാതക ചോർച്ച ഇല്ലാതാക്കുകയും ചെയ്തു. സംഭവമറിഞ്ഞ് നിരവധി നാട്ടുകാരും എത്തിയിരുന്നു. നാട്ടുകാരെയും വീട്ടുകാരെയും മാറ്റിയതിന് ശേഷമാണ് അഗ്നിശമന സേന രക്ഷാ പ്രവർത്തനം നടത്തിയത്.
സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എം. സൂരജിന്റെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ടി.കെ. ശ്രീകേഷ്, സി. വിനേഷ്, എൻ.സി. അമൃതാനന്ദൻ, പി.വി. മനോജ്, കെ.അശ്വിൻ, ഹോം ഗാർഡ് കെ. ലക്ഷ്മണൻ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |