SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.15 AM IST

ഇന്ന് ലോക പ്ലാസ്റ്റിക് സർജറി ദിനം ശ്രുതി മുറിഞ്ഞില്ല; ആ വിരൽ വീണ്ടും താളം തിരിച്ചുപിടിച്ചു

key
നിതിന്‍ തോമസ് കീ ബോര്‍ഡ് വായിക്കുന്നു.

കണ്ണൂർ: ആറുമാസത്തെ ചികിത്സ. നഷ്ടപ്പെട്ടെന്നു കരുതിയ നിതിന്റെ വിരലിന്റെ ചലനശേഷിയും സ്പർശനശേഷിയും പൂർണ്ണമായി വീണ്ടെടുത്തു. ബാൻഡേജ് അഴിച്ചുമാറ്റിയ ദിവസം, മടിച്ചുമടിച്ച് ആ വിരൽ ഒരു കീബോർഡിലേക്ക് നീട്ടി. പിന്നെ, ആ വിരൽ ഒരു കീയിൽ അമർന്നു. സംഗീതം ഉയർന്നു... മുറിഞ്ഞുപോയെന്ന് കരുതിയ ഈണം തിരിച്ചു കിട്ടി.

ലോറി കഴുകിക്കൊണ്ടിരിക്കെ, ആലക്കോട് കുടിയാന്മല പൊട്ടംപ്ലാവ് സ്വദേശി നിതിൻ തോമസ് (23) അറിഞ്ഞില്ല, ആ ഒരു നിമിഷം തന്റെ ജീവിതത്തിന്റെ ഈണം തന്നെ നഷ്ടമാക്കുമെന്ന്. കൈവിരലിലെ മോതിരം എവിടെയോ ഉടക്കി, മോതിരവിരൽ അറ്റുപോയി. ഗാനമേളകളിലും പള്ളി ക്വയറിലും വർഷങ്ങളായി കീകളിൽ ഈണം വിരിയിച്ചിരുന്ന വിരൽ, നിമിഷനേരം കൊണ്ട് ശരീരത്തിൽ നിന്ന് വേർപെട്ടു. 2025 ജനുവരിയിലായിരുന്നു അപകടം.
വേദികളിൽ ഗാനമേളകൾക്ക് അകമ്പടിയായും ഞായറാഴ്ചകളിൽ പള്ളി ക്വയറിനൊപ്പവും കീകളിൽ വിരൽ ചലിപ്പിച്ചിരുന്ന നിതിന്, ആ വിരൽ നഷ്ടപ്പെടുക എന്നാൽ തന്റെ സംഗീതജീവിതത്തിന്റെ ഒരു ഭാഗം നഷ്ടപ്പെടുന്നതിനു തുല്യമായിരുന്നു. ഇത്തരത്തിൽ വിരൽ അറ്റുപോകുന്നത് സാധാരണഗതിയിൽ വിരൽ മുറിച്ചുമാറ്റലിൽ അവസാനിക്കുന്ന കേസുകളാണ്. എന്നാൽ കണ്ണൂർ ആസ്റ്റർ മിംസിലെ പ്ലാസ്റ്റിക് സർജറി സംഘം നിതിന് രക്ഷകരായി. അപകടം നടന്നയുടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞതാണ് നിർണായകമായതെന്ന് ആശുപത്രി സി.ഒ.ഒ ഡോ. അനൂപ് നമ്പ്യാർ പറയുന്നു.

ലോക പ്ലാസ്റ്റിക് സർജറി ദിനമായ ഇന്ന്, നിതിന്റെ വിരൽത്തുമ്പിലെ ഈ തിരിച്ചുവരവ് ഓർമ്മിപ്പിക്കുന്നത് ഒന്നാണ്. ശാസ്ത്രത്തിന്റെ കൈത്താങ്ങിന് ചിലപ്പോൾ ഒരു ജീവിതത്തിന്റെ താളം തന്നെ തിരികെ നൽകാനാവും.
ലോറി ഡ്രൈവറായ പിതാവ് ബിജു, അമ്മ സിനി, സഹോദരങ്ങളായ നൈജിൽ, നിഖിൽ എന്നിവരടങ്ങുന്നതാണ് നിതിന്റെ കുടുംബം.

രക്ഷകരായത് കണ്ണൂർ ആസ്റ്റർ മിംസിലെ ഡോക്ടർമാർ

നഷ്ടപ്പെട്ടെന്നു കരുതിയ ഈണം, മില്ലിമീറ്ററുകളുടെ കൃത്യതയിൽ തിരിച്ചുപിടിച്ചത് മൈക്രോവാസ്‌കുലർ അഡ്വാൻസ്ഡ് റീകൺസ്ട്രക്ടീവ് സർജറിയിലൂടെ. നിതിന്റെ ശരീരത്തിലെ തന്നെ ആരോഗ്യമുള്ള ഭാഗത്തുനിന്ന് രക്തക്കുഴലുകളും ഞരമ്പുകളും എടുത്ത് അറ്റുപോയ വിരലിലേക്ക് സൂക്ഷ്മതയോടെ തുന്നിച്ചേർത്തു. സീനിയർ പ്ലാസ്റ്റിക് സർജൻ ഡോ. നിബു കുട്ടപ്പന്റെ നേതൃത്വത്തിൽ നടന്ന ഈ ശസ്ത്രക്രിയ, ഒരു സംഗീതജീവിതത്തെ തിരികെപ്പിടിക്കാനുള്ള പോരാട്ടം കൂടിയായിരുന്നു. ആറുമാസം നീണ്ട ചികിത്സയും തുടർപരിചരണവും വിരലിനെ പൂർവസ്ഥിതിയിലാക്കി.

ഒരു സംഗീതജ്ഞന് അയാളുടെ വിരലുകൾ എത്രത്തോളം പ്രധാനമാണെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ വിരൽ മുറിച്ചുമാറ്റുക എന്നതിനുപകരം അത് പുനഃസ്ഥാപിക്കുക എന്ന വെല്ലുവിളിയാണ് ഞങ്ങൾ ഏറ്റെടുത്തത്

ഡോ. നിബു കുട്ടപ്പൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, EMERGENCY SURGERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL