SignIn
Kerala Kaumudi Online
Thursday, 30 April 2026 3.06 PM IST

സിനിമയെ വെല്ലുന്ന എ.ടി.എം കൊള്ളയിൽ 'റാംജിനഗ‌ർ ഗ്യാംഗിലെ' പ്രധാനി കുടുങ്ങി

Increase Font Size Decrease Font Size Print Page
prathi
അറുമുഖന്‍ എന്ന കിട്ടു

കാസർകോട്: സിനിമയെ വെല്ലുന്ന തരത്തിൽ ഉപ്പളയിലെ നടുറോഡിൽ എ.ടി.എം വാഹനം തകർത്ത് അരക്കോടി രൂപ കവർന്ന കേസിലെ മുഖ്യപ്രതി ഒടുവിൽ പിടിയിലായി. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയും കുപ്രസിദ്ധമായ 'റാംജിനഗർ ഗ്യാംഗിലെ' പ്രധാനിയുമായ അറുമുഖൻ എന്ന കിട്ടു (60) ആണ് മഞ്ചേശ്വരം പൊലീസിന്റെ വലയിലായത്. ഛത്തീസ്ഗഡിൽ വെച്ച് അതിസാഹസികമായാണ് അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

2024 മാർച്ച് 27ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കേരളത്തെ നടുക്കിയ കവർച്ച അരങ്ങേറിയത്. ഉപ്പള ടൗണിൽ എ.ടി.എമ്മുകളിൽ പണം നിറയ്ക്കാൻ എത്തിയ സ്വകാര്യ ഏജൻസിയുടെ വാഹനം തകർത്തായിരുന്നു കൊള്ള. ഉദ്യോഗസ്ഥർ എ.ടി.എം കൗണ്ടറിലേക്ക് കയറിയ തക്കം നോക്കി, വാഹനത്തിന്റെ ചില്ല് തകർത്ത് 50 ലക്ഷം രൂപ അടങ്ങിയ ബാഗുമായി പ്രതികൾ കടന്നുകളയുകയായിരുന്നു.

പ്രതിയെ മഞ്ചേശ്വരത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. കവർച്ചാ പണം കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജിതമാക്കിയിട്ടുണ്ട്. ജില്ലയിലെ ബാങ്ക് ഇടപാടുകൾക്കും പണം കൈമാറ്റത്തിനുമുള്ള സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ കർശനമാക്കാനാണ് പൊലീസിന്റെ തീരുമാനം.

അന്വേഷണം റാംജിനഗറിലേക്ക്
കേസ് അന്വേഷണത്തിന്റെ ഭാഗമായി നൂറിലധികം സി.സി.ടി.വി ക്യാമറകളാണ് പൊലീസ് പരിശോധിച്ചത്. തുടർന്ന് നടന്ന ശാസ്ത്രീയമായ അന്വേഷണത്തിലും മൊബൈൽ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലുമാണ് അന്തർസംസ്ഥാന കവർച്ചാ സംഘമായ 'റാംജിനഗർ ഗ്യാംഗിന്റെ' സാന്നിദ്ധ്യം പൊലീസ് സ്ഥിരീകരിച്ചത്. മൂന്നംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് അന്ന് തന്നെ വ്യക്തമായിരുന്നു. കേസിൽ രണ്ട് പേരെ നേരത്തെ തന്നെ അന്വേഷണ സംഘം പിടികൂടിയിരുന്നു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്കടുത്തുള്ള റാംജിനഗർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണിത്. വിവിധ സംസ്ഥാനങ്ങളിൽ ഇവർക്കെതിരെ കേസുകളുണ്ട്. കേരളത്തിൽ ആലുവ, മണ്ണഞ്ചേരി, കാസർകോട് തുടങ്ങിയ സ്ഥലങ്ങളിൽ മോഷണശ്രമങ്ങളും എ.ടി.എം മോഷണങ്ങളും നടത്തിയിട്ടുണ്ട്.

ഛത്തീസ്ഗഡിലെ 'ഓപ്പറേഷൻ'

കേരളത്തിൽ നിന്നും മുങ്ങിയ അറുമുഖൻ മറ്റൊരു കവർച്ചാ കേസിൽ റായ്പൂരിൽ വെച്ച് പൊലീസിന്റെ പിടിയിലായിരുന്നു. അവിടെ നിന്നും ജാമ്യത്തിലിറങ്ങിയ വിവരം രഹസ്യമായി മനസ്സിലാക്കിയ കേരള പൊലീസ് സംഘം ഛത്തീസ്ഗഡിലെത്തി തമ്പടിച്ചു. പ്രതി വീണ്ടും ഒളിവിൽ പോകാനുള്ള നീക്കം നടത്തുന്നതിനിടെ സാഹസികമായി പിടികൂടുകയായിരുന്നു.

TAGS: LOCAL NEWS, KASARGOD, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.