SignIn
Kerala Kaumudi Online
Wednesday, 13 May 2026 6.49 AM IST

മിലിട്ടറി ക്യാമ്പിൽ ജോലി വാഗ്ദാനം ചെയ്ത് യുവതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടി

Increase Font Size Decrease Font Size Print Page
job
ജോലി തട്ടിപ്പ്

ചെറുവത്തൂർ: കണ്ണൂരിലെ ഡി.എസ്.സി മിലിട്ടറി ക്യാമ്പിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി ഉദിനൂരും മാച്ചിക്കാടും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന യുവതികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയതായി പരാതി. 2025 നവംബർ മാസമാണ് ജോലി വാഗ്ദാനം ചെയ്ത് 2,12,168 രൂപ മൂന്നംഗ സംഘം യുവതികളിൽ നിന്ന് വാങ്ങിയത്. ഉദ്യോഗാർത്ഥികൾ ഓരോരുത്തരും സമാഹരിച്ചാണ് പണം നൽകിയത്.

നടക്കാവ് ഉന്നതിയിലെ യുവതി ഇടനിലക്കാരിയായി കുഞ്ഞിമംഗലം തലായി സ്വദേശി, കണ്ണൂരിലെ പട്ടാള ഉദ്യോഗസ്ഥനായ കൊല്ലം സ്വദേശി എന്നിവർ ചേർന്നാണ് ജോലിക്ക് പണം വാങ്ങിയത് എന്നാണ് യുവതികൾ പറയുന്നത്. കുഞ്ഞിമംഗലം തലായി സ്വദേശിയുടെ മൊബൈലിലേക്ക് ഗൂഗിൾപേ ആയാണ് പണം അയച്ചു കൊടുത്തത്. എന്നാൽ പണം കൈപ്പറ്റി ഏഴ് മാസമായിട്ടും ജോലി വാങ്ങിത്തരികയോ പണം തിരിച്ചു നൽകുകയോ ചെയ്യാതെ കബളിപ്പിക്കുകയാണെന്ന് വഞ്ചിതരായവർ ചന്തേര പൊലീസ് സ്റ്റേഷനിലും കാസർകോട് ജില്ലാ പൊലീസ് മേധാവിക്കും നൽകിയ പരാതിയിൽ പറയുന്നു.

തട്ടിപ്പിനിരയായത് 11 യുവതികൾ

മാച്ചിക്കാട് സ്വദേശികളായ എം. ഷൈമ, കെ. ശ്യാമ, ബിനീത, എം. ലീന, സോണിയ, പി. രജനി, പി. രചന, കെ. രേഷ്മ, വി. സജിന, നിജീഷ, പി.വി സജിത എന്നിവരാണ് വഞ്ചിക്കപ്പെട്ടത്. 2026 ഫെബുവരി ആറിനാണ് ചന്തേര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സ്റ്റേഷനിൽ നിന്ന് നിരന്തരം പണം വാങ്ങി വഞ്ചിച്ചവരെ വിളിച്ചെങ്കിലും ഫോൺ എടുക്കാൻ തയ്യാറായിരുന്നില്ല. സംഘത്തിലെ ഒരാൾ പൊലീസ് വിളിച്ചതിനെ തുടർന്ന് ഒരു യുവതിക്ക് കുറച്ചു പണം തിരിച്ചു നൽകി. വീട്ടിൽ പോയി ബഹളം വെച്ചതിനെ തുടർന്ന് മറ്റൊരു യുവതിക്ക് പതിനായിരം രൂപ തിരിച്ചുനൽകി. തുടർന്ന് കാസർകോട് ലീഗൽ സർവ്വീസ് അതോറിറ്റിയിലും പരാതി നൽകി. അവിടെ വിളിച്ചുവരുത്താൻ നോട്ടീസ് നൽകിയിട്ടും മൂന്ന് പേരും ഹാജരായിരുന്നില്ല. പിന്നീടാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

TAGS: LOCAL NEWS, KASARGOD, CHEATING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL