കാസർകോട്: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ കാസർകോട് ജില്ലയിൽ വ്യാപകമായ നാശമുണ്ടായി. ചന്ദ്രഗിരി, ഉപ്പള, ഷിറിയ പുഴകളിൽ ജലനിരപ്പ് അപകടകരമാം വിധത്തിൽ ഉയരുകയാണ്. കർണാടകത്തിലും കനത്ത മഴ പെയ്യുന്നതിനാലാണ് നദികളിൽ വെള്ളം പൊങ്ങുന്നത്.
ബുധനാഴ്ച രാവിലെയുണ്ടായ ശക്തമായ മഴയിൽ ചന്ദ്രഗിരി കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചെമ്മനാട് കോട്ടരുവത്ത് മണ്ണിടിഞ്ഞു വീണു. തത്സമയം അതുവഴി വന്ന കാർ യാത്രക്കാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. മണ്ണിടിഞ്ഞ് കാറിന് മുന്നിലേക്കാണ് വീണത്. കാർ യാത്രക്കാർക്കും മറ്റൊരു ബൈക്ക് യാത്രക്കാരനും നിസാര പരിക്കേറ്റു. ബൈക്ക് മറിഞ്ഞ നിലയിലാണ്. കാറിന് കേടുപാടുകൾ സംഭവിച്ചു.
നേരത്തെ ഈ ഭാഗത്ത് മണ്ണിടിച്ചൽ ഉണ്ടായതിനാൽ കോൺക്രീറ്റ് സംരക്ഷണ ഭിത്തി പണിതിരുന്നു. ഭിത്തിയുടെ മുകളിൽ നിന്നാണ് റോഡിലേക്ക് മണ്ണിടിഞ്ഞുവീണത്. മണ്ണിടിഞ്ഞ് വീണതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു. രാവിലെ പത്ത് മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും സ്ഥലത്തെത്തി. ജെ.സി.ബി ഉപയോഗിച്ച് മണ്ണും കല്ലും നീക്കിയ ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്.
വീടുകൾ തകർന്നു
ബന്തിയോട് ഷിറിയ കോളനിയിലെ തിരുമലേഷിന്റെ വീടാണ് തകർന്നത്. തിരുമലേഷിനും ഭാര്യക്കും പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഉണ്ടായ ശക്തമായ കാറ്റിലാണ് വീട് തകർന്നുവീണത്. ശക്തമായ കാറ്റിലും മഴയിലും കീഴൂരിലും വീട് തകർന്നു. സുബ്രഹ്മണ്യ മഠത്തിന് പിന്നിലെ ഓടിട്ട വീടാണ് തകർന്നത് .ഉറക്കത്തിൽ മേൽക്കൂര വീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ മുഴുവൻ പുറത്തേക്ക് ഓടിയതിനാൽ ജീവാപായം സംഭവിച്ചില്ല. അധികൃതർ സ്ഥലത്തെത്തി അന്വേഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |