SignIn
Kerala Kaumudi Online
Saturday, 11 July 2026 3.03 AM IST

ജില്ലാ സ്കൂൾ കലോത്സവം കഴിഞ്ഞ് ആറുമാസം, ബാദ്ധ്യതകൾ ബാക്കി

kalolsavam
ജില്ലാ സ്കൂൾ കലോത്സവം

പണം കിട്ടാൻ നോട്ടീസ് നൽകി പന്തൽ ലൈറ്റ് ആൻഡ് സൗണ്ട് ഉടമ

കാസർകോട്: റവന്യൂ ജില്ലാ സ്കൂൾ കലോത്സവം കഴിഞ്ഞ് ആറു മാസം തികഞ്ഞിട്ടും വരവു ചിലവ് കണക്ക് അവതരിപ്പിക്കുകയോ സംഘാടകസമിതി പിരിച്ചുവിടുകയോ ചെയ്തില്ലെന്ന് ആക്ഷേപം. ജനുവരി 28, 29, 30, 31 തീയതികളിൽ മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിന്റെ കണക്കുകളാണ് പറയാതിരിക്കുന്നത്.

കലോത്സവത്തിന് ജർമ്മൻ പന്തൽ ഒരുക്കിയവർക്ക് ലക്ഷകണക്കിന് രൂപ കൊടുത്തുതീർക്കാനുണ്ട്. പണം ചോദിക്കുമ്പോൾ ഓരോരോ കാരണം നിരത്തി ഒഴിഞ്ഞുമാറുകയാണ് ഭാരവാഹികൾ. ലൈറ്റ്, പന്തൽ, സൗണ്ട്സ് എന്നിവ ഒരുക്കിയ ശോഭ മാണിയാട്ട് സ്ഥാപന ഉടമ ടി.വി ബാലന് പരിപാടി കഴിഞ്ഞ് നൽകാമെന്നേറ്റ നാലു ലക്ഷം രൂപയാണ് ലഭിക്കാനുള്ളത്. പണത്തിനായി ഇരുപത് തവണയെങ്കിലും മൊഗ്രാൽ സ്കൂളിൽ എത്തി സംഘാടകരെ കണ്ടുമടങ്ങയെന്നും ഓരോ തവണ പോകുമ്പോഴും വ്യത്യസ്ത കാരണങ്ങൾ പറഞ്ഞു തിരിച്ചയയ്ക്കുകയാണെന്നും ബാലൻ പറഞ്ഞു.

പണം എത്രയും വേഗത്തിൽ ലഭ്യമാക്കാൻ നടപടി ആവശ്യപ്പെട്ട് ടി.വി ബാലൻ സംഘാടക സമിതിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കരാർ പ്രകാരമുള്ള പണം നൽകുന്നതിന് ഇനിയും കാലതാമസം ഉണ്ടായാൽ നിയമപരമായ നടപടി സ്വീകരിക്കുകയും കുടുംബത്തോടെ സ്കൂളിന് മുന്നിൽ കുത്തിയിരുന്ന് സമരം നടത്തുമെന്നും, സ്കൂൾ ഹെഡ്മാസ്റ്റർക്ക് നൽകിയ കത്തിൽ ബാലൻ വ്യക്തമാക്കിയിട്ടുണ്ട്.


സഹായം ലഭിച്ചില്ലെന്ന് സംഘാടകസമിതി
ജില്ലാ സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 6 മാസക്കാലമായി സംഘാടകസമിതി യോഗം ചേരുകയോ, കലോത്സവവുമായി ബന്ധപ്പെട്ട കണക്കുകൾ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് നാട്ടുകാരും പറയുന്നു. കലോത്സവം നടക്കുമ്പോൾ ജോലിയിൽ ഉണ്ടായിരുന്ന ഹെഡ്മാസ്റ്റർക്ക് സ്ഥലം മാറ്റവും ലഭിച്ചു. സ്റ്റേജ് ആൻഡ് സൗണ്ട്സ് വിഭാഗത്തിന് മാത്രമല്ല, ഭക്ഷ്യ വിഭാഗത്തിനും മറ്റും തുക നൽകാനുണ്ടെന്നാണ് സ്കൂൾ അധികൃതരും പറയുന്നത്. കലോത്സവത്തിലുണ്ടായ നഷ്ടം നികത്താൻ സംഘാടകസമിതിയും, പി.ടി.എയും ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായം അഭ്യർത്ഥിച്ച് കത്തു നൽകിയെങ്കിലും അഞ്ചോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാത്രമാണ് സഹായിച്ചതെന്ന് പറയുന്നു. ഇത് നഷ്ടം നികത്തുന്നതിന് തടസ്സമായെന്നാണ് സംഘാടകസമിതി പറയുന്നത്.

ലൈറ്റ് ആൻഡ് സൗണ്ട്സ് ഒരുക്കിയ വകയിൽ അഡ്വാൻസ് തുക മാത്രമാണ് നൽകിയത്. ബാക്കി തുക പരിപാടി കഴിഞ്ഞ് നൽകാമെന്നാണ് കരാർ. സംഘാടക സമിതി ചെയർമാൻ എ.കെ.എം അഷ്റഫ് എം.എൽ.എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാമിനെയും സമീപിച്ചുവെങ്കിലും അവരും കൈമലർത്തുകയാണ്.

ശോഭ മാണിയാട്ട് ഉടമ ടി.വി ബാലൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, SCHOOL KALOLSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL