കൊല്ലം: അഷ്ടമുടി കായലിലേക്ക് മണിച്ചിത്തോട് വന്നുചേരുന്ന ഭാഗത്ത് വൻതോതിൽ വസ്ത്രമാലിന്യങ്ങൾ കുന്നുകൂടുന്നു. കായലിന്റെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തും വിധമാണ് പഴയ വസ്ത്രങ്ങൾ വലിയ കൂനകളായി അടിഞ്ഞുകിടക്കുന്നത്.
നഗരത്തിലെയും പരിസരങ്ങളിലെയും മാലിന്യങ്ങൾ ഒഴുക്കിക്കൊണ്ടുവരുന്ന മണിച്ചിത്തോട് അഷ്ടമുടിയിൽ പതിക്കുന്ന ഈ പ്രധാന ഭാഗം ഇപ്പോൾ പൂർണമായും വസ്ത്രാവശിഷ്ടങ്ങളാൽ മൂടിയ നിലയിലാണ്. തനത് ഭംഗികൊണ്ട് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കൊല്ലത്തിന്റെ അഭിമാനമായ അഷ്ടമുടി കായൽ, ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ മലിനീകരണ ഭീഷണിയിലാണ് എത്തിനിൽക്കുന്നത്.
ദേശീയ ഹരിത ട്രൈബ്യൂണൽ വിഷയത്തിൽ ശക്തമായി ഇടപെടുകയും കർശന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ടെങ്കിലും കായലിനെ രക്ഷിക്കാനുള്ള നടപടികൾ ഇനിയും ലക്ഷ്യത്തിലെത്തിയിട്ടില്ല.
കായലിനോട് ചേർന്ന് പല സ്ഥലങ്ങളിലും രാത്രികാലങ്ങളിൽ വൻതോതിൽ പ്ലാസ്റ്റിക് കുപ്പികളും മറ്റ് അവശിഷ്ടങ്ങളും തള്ളുന്നത് പതിവുകാഴ്ചയായി മാറിയിരിക്കുകയാണ്. സമീപത്തെ ഓടകളിൽ നിന്നുള്ള മലിനജലവും കായലിലേക്ക് നേരിട്ട് തള്ളുന്നത് പ്രതിസന്ധി ഇരട്ടിയാക്കുന്നു.
വസ്ത്രങ്ങളും പ്ലാസ്റ്റിക്കും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വെള്ളത്തിൽ കെട്ടിക്കിടക്കുന്നത് കായലിലെ ജൈവവ്യവസ്ഥയെയും മത്സ്യസമ്പത്തിനെയും ദോഷകരമായി ബാധിച്ചുതുടങ്ങി. കായലിൽ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറയുന്നത് മത്സ്യങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാണ്. കൂടാതെ കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം അസഹ്യമായ ദുർഗന്ധവും അനുഭവപ്പെടുന്നുണ്ട്.
കായലിൽ കലങ്ങിയത് 46 ലക്ഷം
കായൽ സംരക്ഷണത്തിനായി കൊല്ലം കോർപ്പറേഷൻ 46 ലക്ഷം രൂപയോളം ചെലവഴിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും അവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അഴുക്കുചാൽ മാലിന്യങ്ങൾ കായലിൽ കലരുന്നത് തടയാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് കർശനമായ നടപടികൾ ഉണ്ടാകണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം. നിലവിലെ പ്രതിസന്ധി മറികടക്കാൻ കായലിൽ അടിഞ്ഞുകൂടിയ ചെളിയും വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനുള്ള ഡ്രഡ്ജിംഗ് നടപടികൾ അനിവാര്യമാണ്. വസ്ത്രമാലിന്യക്കൂമ്പാരം യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്ത് കായലിനെ സംരക്ഷിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് പരിസ്ഥിതി പ്രവർത്തകരും ആവശ്യപ്പെടുന്നു.
ഇതുവരെ നടന്നത്
ചെലവ്: കോർപ്പറേഷൻ 46 ലക്ഷം രൂപയോളം ശുചീകരണത്തിന് ചെലവഴിച്ചു
മാറ്റമുണ്ടോ?: കായലിന്റെ അവസ്ഥയിൽ യാതൊരു മാറ്റവുമില്ല. അഴുക്ക് അതേപടി തുടരുന്നു
പ്രശ്നത്തിന്റെ മൂലകാരണം
അഴുക്കുചാൽ മാലിന്യം: വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള മലിനജലം ട്രീറ്റ് ചെയ്യാതെ നേരെ കായലിലേക്ക്
അടിഞ്ഞുകൂടിയ ചെളിയും വസ്ത്രമാലിന്യങ്ങളും: കായലിന്റെ അടിയിൽ കൂമ്പാരമായി കിടക്കുന്നു. ഒഴുക്ക് തടസ്സപ്പെട്ടു
പരിസ്ഥിതി പ്രവർത്തകരുടെ പ്രധാന ആവശ്യങ്ങൾ
കർശന നടപടി: മാലിന്യം കായലിൽ തള്ളുന്ന തദ്ദേശ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ പിഴയും നിയമനടപടിയും
ഡ്രഡ്ജിംഗ്: കായലിലെ ചെളിയും മാലിന്യവും യന്ത്രം ഉപയോഗിച്ച് കോരി മാറ്റണം. ഇത് ഇപ്പോൾ അനിവാര്യമാണ്
അടിയന്തര ഇടപെടൽ:വസ്ത്രമാലിന്യക്കൂമ്പാരം ഉടൻ നീക്കം ചെയ്യണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |