അഞ്ചാലുംമൂട്: രാജ്യത്തെയാകെ നടുക്കിയ പെരുമൺ ട്രെയിൻ ദുരന്ത ഓർമ്മകൾക്ക് നാളെ 38 ആണ്ട്. 1988 ജൂലായ് 8നാണ് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഐലൻഡ് എക്സ്പ്രസിന്റെ പത്ത് കോച്ചുകൾ പെരുമൺ പാലത്തിൽ നിന്ന് അഷ്ടമുടി കായലിലേക്ക് മറിഞ്ഞത്. 105 പേർ മരിക്കുകയും 300ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്ത ദുരന്തം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റെയിൽവേ അപകടങ്ങളിലൊന്നാണ്.
ഉച്ചക്ക് 1.15ന് 14 കോച്ചുകളുമായി കൂകിവിളിച്ചെത്തിയ ട്രെയിനിന്റെ എൻജിനും പാർസൽ വാനും ഉൾപ്പടെ നാല് കോച്ചുകൾ പെരുമൺ പാലം കടന്നിരുന്നു. അഷ്ടമുടി കായലിലേക്ക് ഒമ്പത് കോച്ചുകൾ മറിഞ്ഞു. ഒരെണ്ണം തലകീഴായി പാലത്തിൽ തൂങ്ങിനിന്നു. പെരുമണിലെയും മൺറോത്തുരുത്തിലെയും നാട്ടുകാരും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിനെത്തി. കരയിലേക്ക് വലിച്ചിട്ട ജീവനുകളെ ജില്ലാ ആശുപത്രിയിലേക്കും സമീപത്തെ സ്വകാര്യ ക്ലിനിക്കുകളിലേക്കുമെത്തിച്ചു. 140 കിലോ മീറ്റർ അകലെയുള്ള കൊച്ചിയിൽ നിന്ന് മൂന്ന് ഹെലികോപ്ടറുകളും 100ലേറെ നാവികരും രക്ഷാപ്രവർത്തനത്തിനെത്തി. +
അന്നത്തെ റെയിൽവേ സഹമന്ത്രി മാധവറാവു സിന്ധ്യ റെയിൽവേ ബോർഡ് അംഗങ്ങളോടൊപ്പം വിമാനമാർഗം സ്ഥലത്തെത്തി. അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നയനാരും മുൻ മുഖ്യമന്ത്രി കെ.കരുണാകരനും ഉൾപ്പടെയുള്ള പ്രമുഖ നേതാക്കൾ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത് ഒരു ലക്ഷം രൂപയായിരുന്നു.
ദുരന്ത കാരണം കണ്ടെത്താൻ റെയിൽവേ രണ്ട് അന്വേഷണ കമ്മിഷനുകളെ നിയോഗിച്ചു. കായലിലുണ്ടായ ചുഴലിക്കാറ്റ് (ടൊർണാഡോ) ആണ് അപകടകാരണമെന്ന് റെയിൽവേ സുരക്ഷാ കമ്മിഷണർ സൂര്യനാരായണന്റെയും റിട്ട. എയർ മാർഷൽ സി.എസ്.നായ്കിന്റെയും നേതൃത്വത്തിലുള്ള സംഘം റിപ്പോർട്ട് നൽകി. എന്നാൽ, സമീപപ്രദേശങ്ങളിൽ അന്ന് ഇത്തരമൊരു കൊടുങ്കാറ്റ് ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ഇന്നും ഓർമ്മിക്കുന്നു. 'ടൊർണാഡോക്ക് ഒരു ട്രെയിൻ മറിക്കാൻ കഴിയുമോ?' എന്ന അവരുടെ ചോദ്യത്തിന് അന്വേഷണ റിപ്പോർട്ടുകളിൽ ഉത്തരമുണ്ടോയെന്ന് ആർക്കുമറിയില്ല.
അന്വേഷണ റിപ്പോർട്ട് 'രഹസ്യരേഖ'
2013ൽ തേവള്ളി സ്വദേശിയായ അഭിഭാഷകൻ ദുരന്തത്തിന്റെ യഥാർത്ഥ കാരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. 2019ൽ മറുപടികളില്ലാതെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. റെയിൽവേ സുരക്ഷാ കമ്മിഷണറുടെ അന്തിമ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് 2024ൽ നൽകിയ വിവരാവകാശ അപേക്ഷയും 38 കൊല്ലത്തെ ചരിത്രത്തിലുണ്ട്. പുറത്തുവന്നാൽ എന്തോ സംഭവിക്കുമെന്ന പേടിയിലാകണം 'രഹസ്യരേഖ' എന്ന് വിശേഷിപ്പിച്ച് അപേക്ഷയിലെ വിവരങ്ങൾ റെയിൽവേ വെളിപ്പെടുത്താൻ തയ്യാറാകാതിരുന്നത്. തുടർന്ന് അപ്പീൽ നൽകിയെങ്കിലും സമാനമായി നിരസിക്കപ്പെട്ടു.
അനുസ്മരണം നാളെ
ട്രെയിൻ ദുരന്ത അനുസ്മരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. കമ്മിറ്റി ചെയർമാൻ ഡോ. കെ.വി.ഷാജി അദ്ധ്യക്ഷനാകും. രാവിലെ 9ന് പുഷ്പാർച്ചനയും സമൂഹ പ്രാർത്ഥനയും. ബി.ജയന്തി, വിനിത വിജയൻ, മോഹൻ പെരിനാട്, വിജയകുമാർ, അജീഷ്, അഡ്വ. ജി.വിജയകുമാർ, ആർ.പി.പണിക്കർ, അപ്സര ശശികുമാർ, വി.പി.വിധു, പെരിനാട് വിജയൻ, മങ്ങാട് സുബിൻ നാരായണൻ, പെരുമൺ ഷാജി തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |