കൊല്ലം: കട്ടിപ്പണിയെടുത്തിട്ടും കെ.എസ്.ആർ.ടി.സിയിലെ ബദലി കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും ജൂൺ മാസത്തിലെ ശമ്പളം ഇതുവരെ ലഭിച്ചില്ല. സ്ഥിരം ജീവനക്കാർക്ക് മാസാദ്യം ശമ്പളം ലഭിച്ചിരുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അഞ്ചിന് ശമ്പളത്തിന്റെ പകുതിയെങ്കിലും ലഭിക്കുമായിരുന്നു. പുതിയ സർക്കാർ വന്നതോടെ അതും ഇല്ലാതായി. ഇക്കഴിഞ്ഞ മേയിൽ എണ്ണൂറോളം സ്ഥിരം ജീവനക്കാർ വിരമിച്ചതോടെ ബദലി ജീവനക്കാരെ മാടുകളെപ്പോലെയാണ് പണിയെടുപ്പിക്കുന്നത്.
സ്ഥിരം ജീവനക്കാർ ഡബിൾ ഡ്യൂട്ടിയെടുത്താൽ തൊട്ടടുത്ത ദിവസം ഓഫാണ്. എന്നാൽ പുലർച്ചെ ആരംഭിച്ച് രാത്രി വൈകി അവസാനിക്കുന്ന ഡബിൾ ഡ്യൂട്ടി കഴിഞ്ഞാലും ബദലി ജീവനക്കരെ തൊട്ടടുത്ത ദിവസം സമാനമായ സർവീസിലാണ് നിയോഗിക്കുന്നത്. ഒരു മാസം 45 ഡ്യൂട്ടിയിലധികമാണ് ബദലി ജീവനക്കാർ ചെയ്യുന്നത്.
മക്കളുടെ സ്കൂളിലും ട്യൂഷൻ സെന്ററിലും ഫീസ് അടയ്ക്കാൻ പണമില്ല, പലചരക്ക് കടയിൽ പറ്റ് പെരുകി, ഇതിനെല്ലാം പുറമേ പല ജീവനക്കാർക്കും ഡ്യൂട്ടിക്കെത്താൻ ബൈക്കിൽ പെട്രോൾ അടിക്കാൻ പോലും പണമില്ലാത്ത അവസ്ഥയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |