SignIn
Kerala Kaumudi Online
Thursday, 09 July 2026 3.57 AM IST

പൊളിക്കൽ അശാസ്ത്രീയം: വാട്ടർ ടാങ്ക് ചരിഞ്ഞു, നാടിന് നെഞ്ചിടിപ്പ്

photo
കാരുവേലിൽ പ്ളാക്കാട് അംബേദ്കർ ഉന്നതിയിൽ അപകടാവസ്ഥയിലായ വാട്ടർ ടാങ്ക്

കൊല്ലം: കാലപ്പഴക്കം ചെന്ന വാട്ടർ ടാങ്ക് അശാസ്ത്രീയമായി പൊളിക്കാൻ ശ്രമിച്ചത് അപകടാവസ്ഥയിലെത്തിച്ചു. ഇതോടെ വീടൊഴിപ്പിച്ച് രക്ഷാ പ്രവർത്തനം നടത്തി. പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ കാരുവേലിൽ പ്ളാക്കാട് അംബേദ്കർ ഉന്നതിയിലാണ് സംഭവം.

ഇന്നലെ രാവിലെ മുതൽ ജെ.സി.ബി ഉപയോഗിച്ച് ടാങ്കിന്റെ മൂന്ന് തൂണുകൾ പൊളിച്ചുതുടങ്ങി. പിന്നീട് വടംകെട്ടി വശത്തേക്ക് മറിച്ചിടാൻ ശ്രമിച്ചപ്പോഴാണ് മറുദിശയിലേക്ക് ചരിഞ്ഞത്. ഇതോടെ തീർത്തും അപകടാവസ്ഥയായി. ടാങ്ക് നിലം പതിച്ചാൽ സമീപത്തെ ട്രാൻസ്ഫോർമറിൽ പതിക്കും. വീടും മതിലും ഈ ഭാഗത്തുണ്ട്. അപകടാവസ്ഥയെന്ന് ബോദ്ധ്യപ്പെട്ടതോടെ പഞ്ചായത്ത് അധികൃതരും പൊലീസും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമെത്തി. താമസക്കാരെ മാറ്റിപ്പാർപ്പിച്ചു.

സ്റ്റേഡിയത്തിന്റെ മതിലും കവാടവും തകരുന്ന അവസ്ഥയിലുമായിരുന്നു. അയ്യങ്കാളി- അംബേദ്കർ സ്മൃതി മണ്ഡപത്തിന് മുകളിലേക്കും പതിക്കാൻ ഇടയുണ്ടെന്ന ഘട്ടമെത്തിയതോടെ നാടിന്റെ വികാരവും മറ്റൊരു തരത്തിലായി. വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരെത്തി ട്രാൻസ്ഫോർമറിന്റെ സുരക്ഷയ്ക്ക് വേണ്ട മുൻകരുതലെടുത്തു. ഫയർഫോഴ്സും പൊലീസും പരിശ്രമം നടത്തിയെങ്കിലും രാത്രി 9 വരെയും ടാങ്ക് സുരക്ഷിതമായി മറിച്ചിടാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പുനലൂരിൽ നിന്ന് പ്രത്യേക സംഘമെത്തി ടാങ്ക് മറുവശത്തേക്ക് മറിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ടാങ്കിന് പഴക്കം 55 വർഷം

പ്ളാക്കാട് അംബേദ്കർ ഉന്നതിയിൽ സ്റ്റേഡിയത്തിന് തൊട്ടടുത്തായി 55 വർഷം മുമ്പാണ് വാട്ടർ ടാങ്ക് സ്ഥാപിച്ചത്. കുണ്ടറ പദ്ധതിയുമായി ബന്ധപ്പെട്ട് കുടിവെള്ളം സംഭരിച്ച് വിതരണം ചെയ്യുന്നതിന് 25,000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കാണ് സ്ഥാപിച്ചത്. കാലപ്പഴക്കത്താൽ ടാങ്ക് ഉപയോഗ ശൂന്യമായി. പുതിയ 50,000 ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്ക് നിർമ്മിച്ചു. അനുബന്ധ ജോലികൾ പൂർത്തിയാകാത്തതിനാൽ ഉദ്ഘാടനം നടത്തിയിട്ടില്ല. ചെറിയ ടാങ്കുകൾ സ്ഥാപിച്ച് ചെറുകിട കുടിവെള്ള പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. അവശേഷിച്ച ടാങ്കാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പൊളിച്ച് നീക്കാൻ കരാർ നൽകിയത്. സുരക്ഷാ സംവിധാനങ്ങളോടെയാണ് പൊളിച്ച് നീക്കേണ്ടിയിരുന്നത്. എന്നാൽ കരാറെടുത്തയാൾ എളുപ്പമാർഗത്തിനായി ജെ.സി.ബി ഉപയോഗിച്ച് തൂണുകൾ ഉടച്ചു. ഇതാണ് ടാങ്ക് മറുവശത്തേക്ക് ചരിയാൻ ഇടയൊരുക്കിയത്.

കുഞ്ഞ് മരിച്ച നൊമ്പരം തികട്ടി

2016 ജൂൺ 16ന് വാട്ടർ ടാങ്ക് മറിഞ്ഞ് ഏഴുവയസുകാരൻ മരിച്ച സംഭവത്തിന്റെ ഓർമ്മകൾ നാട്ടിൽ നിന്ന് മറഞ്ഞിട്ടില്ല. കൈതക്കോട് അംബേദ്കർ ഉന്നതിയിലെ 20,000 ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്ക് ഉദ്ഘാടനം കഴിഞ്ഞ് അഞ്ചാം നാൾ നിറയെ വെള്ളത്തോടെ മറിയുകയായിരുന്നു. അമ്മ വിളമ്പിക്കൊടുത്ത ആഹാരം കഴിച്ചുകൊണ്ടിരുന്ന അഭി ഗബ്രിയേലിന്റെ (7) ജീവനാണ് അന്ന് പൊലിഞ്ഞത്. ഇന്നലെ വാട്ടർ ടാങ്ക് വീണ്ടും അപകടാവസ്ഥയിലെത്തിയപ്പോൾ പഴയ സംഭവം നാട്ടിൽ വീണ്ടും ചർച്ചയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL