
ചടയമംഗലം: പുനലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു. ഇന്ന് പുലർച്ചെ 5.35 ഓടെ ചടയമംഗലം കുരിയോടിന് സമീപമായിരുന്നു അപകടം. ബസിന്റെ മുൻഭാഗത്തെ ടയറിൽ നിന്നാണ് തീ പടർന്നത്.
ഓടുന്നതിനിയിൽ ടയറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡ്രൈവർ വാഹനം റോഡരികിലേക്ക് മാറ്റി നിറുത്തി. യാത്രക്കാർ പുറത്തിറങ്ങി അഞ്ച് മിനിറ്റിനുള്ളിൽ ബസിന്റെ അടിഭാഗത്ത് നിന്നും തീ ആളപ്പടരുകയായിരുന്നു. ഡീസൽ ടാങ്കിലേക്ക് തീ പടർന്നതാകാം ആളിക്കത്താൻ കാരണമെന്ന് കരുതുന്നു.
യാത്രക്കാർക്കാർക്കും പരിക്കില്ല. ഡ്രൈവർ വിവരം അറിയിച്ചതിനെ തുടർന്ന് കടയ്ക്കലിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി 6.15 ഓടെ തീ പൂർണമായും കെടുത്തി.
ബസിന്റെ ബാറ്ററി ഭാഗത്തുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കെ.എസ്.ആർ.ടി.സിയും അഗ്നിരക്ഷാസേനയും അന്വേഷണം ആരംഭിച്ചു. യാത്രക്കാർക്ക് മറ്റൊരു ബസിൽ തുടർയാത്രയ്ക്കുള്ള സൗകര്യം ഒരുക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |