SignIn
Kerala Kaumudi Online
Saturday, 11 July 2026 3.03 AM IST

സ്വകാര്യ ബസുകൾ നഷ്ടം കുറയ്ക്കാൻ ട്രിപ്പുകൾ വെട്ടി

കൊല്ലം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ആരംഭിച്ചതോടെ ഉണ്ടായ നഷ്ടം നികത്താൻ യാത്രക്കാർ കുറവുള്ള ഉച്ചയ്ക്കും രാത്രിയുമുള്ള ട്രിപ്പുകൾ വെട്ടി സ്വകാര്യ ബസുകൾ. ഉച്ചയ്ക്ക് 12.30 മുതൽ വഴിവക്കുകളിൽ ഒതുക്കുന്ന സ്വകാര്യ ബസുകളിൽ വലിയൊരു വിഭാഗവും മൂന്ന് മണി മുതലാണ് ഓട്ടം പുനരാരംഭിക്കുന്നത്. രാത്രി 9.30 കഴിഞ്ഞും പെർമിറ്റുള്ള ബസുകൾ പലതും എട്ട് മണിക്ക് മുമ്പേ ഒതുക്കുകയാണ്.

ട്രിപ്പുകൾ കുറച്ച് പല ബസുകളും ഡീസൽ ചെലവ് ഒരു ദിവസം അഞ്ഞൂറ് രൂപ വരെ കുറയ്ക്കുന്നുണ്ട്. ഇങ്ങനെ ട്രിപ്പ് കുറയ്ക്കുമ്പോൾ മാത്രമാണ് ഡീസൽ ചെലവും കൂലിയും കഴിഞ്ഞ് ഉടമകൾക്ക് എന്തെങ്കിലും മിച്ചം കിട്ടുന്നത്. ടെക്സ്റ്റൈൽസുകൾ, ഷോപ്പിംഗ് മാളുകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളിൽ കൂടുതലും രാത്രി വീട്ടിലെത്താൻ സ്വകാര്യ ബസുകളെയാണ് ആശ്രയിച്ചിരുന്നത്. ഇവരെല്ലാം ഇപ്പോൾ കെ.എസ്.ആർ.ടി.സി ബസുകളിലേക്ക് മാറി. ഇതോടെ രാത്രി എട്ടിന് ശേഷമുള്ള ഓട്ടം സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടമാണ്.

ഡി ഫോം നൽകി 20 ബസുകൾ

ജില്ലയിൽ 650 സ്വകാര്യ ബസുകളാണുള്ളത്. ഇതിൽ പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ 20 സ്വകാര്യ ബസുകൾ കഴിഞ്ഞമാസം അവസാനം താത്കാലികമായി സർവീസ് നിറുത്തിവച്ച് ടാക്സിൽ നിന്ന് ഒഴിവാകാനുള്ള ഡി ഫോം നൽകി.

350 ഓളം പേർക്ക് ജോലി പോയി

ജില്ലയിലെ 650 സ്വകാര്യ ബസുകളിൽ 550 ഓളം 38 സീറ്റുകളിൽ കൂടുതലുള്ള വലിയ ബസുകളാണ്. ഇതിൽ കൂടുതലിലും മൂന്ന് ജീവനക്കാർ ഉണ്ടായിരുന്നു. ഡ്രൈവർക്ക് പുറമേ രണ്ട് കണ്ടക്ടർ അല്ലെങ്കിൽ ഒരു കണ്ടക്ടറും ക്ലീനറുമായിരുന്നു. പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ ഭൂരിഭാഗം വലിയ ബസുകളും ജീവനക്കാരുടെ എണ്ണം രണ്ടായി ചുരുക്കിയതോടെ 350 ഓളം പേർക്ക് ജോലി പോയി. ഉള്ള ജീവനക്കാർക്ക് ബാറ്റ നഷ്ടമായതിന് പുറമേ ചില ബസുകളിൽ ശമ്പളവും വെട്ടിക്കുറച്ചു. ഈ ഓണത്തിന് ബോണസും ആശങ്കയിലാണ്.

സ്വകാര്യ ബസുടമകളുടെ അവസ്ഥ ദയനീയമാണ്. സി.സി അടവുള്ളവർ കടം കയറി തകരുന്ന സ്ഥിതിയാണ്.

മഞ്ജുദാസ്, ജില്ലാ ജോ. സെക്രട്ടറി

പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL