SignIn
Kerala Kaumudi Online
Friday, 17 July 2026 3.33 AM IST

​യുവതിയെ കത്രിക കൊണ്ട് കുത്താൻ ശ്രമം, ചോദ്യം ചെയ്തയാൾക്ക് കുത്തേറ്റു

കുളത്തൂപ്പുഴ​: അഞ്ചൽ-കുളത്തൂപ്പുഴ മലയോര ഹൈവേയിൽ പതിനൊന്നാം മൈൽ ഭാഗത്ത് ഇരുചക്രവാഹനത്തിൽ വരികയായിരുന്ന യുവതിയെ മദ്യലഹരിയിൽ കത്രികയുമായി കുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. യുവതി കഷ്ടിച്ചു രക്ഷപ്പെട്ടു. അക്രമിയെ ചോദ്യം ചെയ്ത മാർത്താണ്ഡംകര പതിനൊന്നാം മൈൽ എം.എസ് ഗാർഡനിൽ മധുസൂദനൻ പിള്ളയ്ക്ക് (62) കുത്തേറ്റു. സംഭവത്തിൽ കുളത്തൂപ്പൂഴ തച്ചൻകോണം സ്വദേശി രഞ്ജിത്തിനെ കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.

​ കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. പ്രതി കത്രികയുമായി റോഡിലേക്ക് ചാടിയിറങ്ങി യുവതിയെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഓടി രക്ഷപ്പെട്ട യുവതി, സമീപത്തെ വീട്ടിലെത്തി മധുസൂദനൻ പിള്ളയോട് വിവരം പറഞ്ഞു. ഉടൻ തന്നെ മധുസൂദനൻ പിള്ള പൊലീസിനെ അറിയിക്കുകയും യുവതിയോടൊപ്പം പ്രതി നിൽക്കുന്ന സ്ഥലത്തേക്ക് പോവുകയും ചെയ്തു. ഇവർ എത്തിയ ഉടൻ പ്രതി വീണ്ടും യുവതിയെ ആക്രമിക്കാൻ മുതിർന്നു. തടയാൻ ശ്രമിക്കുന്നതിനിടെ മധുസൂദനൻ പിള്ളയെ നിലത്ത് തള്ളിയിട്ടു മർദ്ദിക്കുകയും കത്രിക ഉപയോഗിച്ച് തോളിൽ ആഴത്തിൽ കുത്തുകയുമായിരുന്നു.

​ ഈ സമയം അതുവഴി വന്ന വാഹനയാത്രക്കാരും സ്ഥലത്തെത്തിയ കുളത്തുപ്പൂഴ പൊലീസും ചേർന്ന് സാഹസികമായാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. പരിക്കേറ്റ മധുസൂദനൻ പിള്ളയെ ആദ്യം കുളത്തൂപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.

​ രഞ്ജിത്തിനെതിരെ കുളത്തുപ്പൂഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതി കടുത്ത ലഹരിക്ക് അടിമയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL