
മുണ്ടക്കയം : ജലവിതാനത്തിന്റെ സുന്ദരമായ കാഴ്ചകളാൽ സഞ്ചാരികളുടെ മനംകവർന്ന മണിക്കൽ ലേക്ക് ആൻഡ് പാർക്ക് വീണ്ടെടുക്കുമെന്ന പഞ്ചായത്ത് പ്രഖ്യാപനം ഇരുകൈയും നീട്ടി സ്വീകരിച്ച് ജനം. നടൻ തിലകന്റെ സ്മരണാർത്ഥം നിർമ്മിച്ച വിശ്രമകേന്ദ്രം വർഷങ്ങളായി നാശത്തിന്റെ വക്കിലായിരുന്നു. 2020 ലായിരുന്നു ഉദ്ഘാടനം. 60 ലക്ഷം രൂപ മുടക്കി പെരുവന്താനം പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി വിനോയിഗിച്ച് ചെക്ക് ഡാം നിർമ്മിക്കുകയായിരുന്നു. ഇതോടെ സഞ്ചാരികളുടെ ഒഴുക്കും തുടങ്ങി. ഇടുക്കി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്ന ആളുകൾ ഇതുവഴിയാക്കി യാത്ര. പാഞ്ചാലിമേട് സഞ്ചരിച്ച് ഇവിടേക്ക് തെക്കേമല വഴി എത്തുന്നവരും നിരവധിയായിരുന്നു. എന്നാൽ കൊവിഡ് പിടിമുറുക്കിയതോടെ ആദ്യം അടച്ച പാർക്ക് പിന്നീട് തുറക്കാൻ വൈകി. വീണ്ടും ആരംഭിച്ചെങ്കിലും നഷ്ടങ്ങളുടെ കണക്കുകൾ നിരത്തി വീണ്ടും അടച്ചു. തുടർന്ന് സ്വകാര്യ വ്യക്തിയെ നടത്തിപ്പ് ഏൽപ്പിച്ചെങ്കിലും അധികം നാൾ നീങ്ങിയില്ല. ഇതിനിടെ രാഷ്ട്രീയ പ്രശ്നങ്ങളും തലപൊക്കിയതോടെ പാർക്കിന്റെ പ്രവർത്തനം പൂർണമായി നിലച്ചു.
മുഖച്ഛായ മാറ്റിയ ടൂറിസം പദ്ധതി
പദ്ധതി നടപ്പാക്കിയതോടെ ടി.ആർ.ആൻഡ്.ടി എസ്റ്റേറ്റിന് സമീപമുള്ള ഗ്രാമം വികസന പ്രതീക്ഷയിലായിരുന്നു. മുണ്ടക്കയം 35-ാം മൈലിൽ നിന്നും രണ്ട് കിലോമീറ്റർ സഞ്ചരിച്ച് എത്തിയാൽ മണിക്കൽ കവലയിൽ എത്താം. പാലൂർക്കാവ്, മതമ്പ എന്നിവിടങ്ങളിലേക്ക് വഴികൾ രണ്ടായി പിരിയുന്ന കവലയുടെ വശത്താണ് മണിക്കൽ തോടൊഴുകുന്നത്. നടൻ തിലകൻ കുട്ടിക്കാലത്ത് താമസിച്ച സ്ഥലമാണിത്. വെറുതേ ഒഴുകിയ തോട് വലിയ തടാകം പോലെ മാറുകയും വിനോദ സഞ്ചാര പദ്ധതി ആരംഭിക്കുകയുമായിരുന്നു.
പഞ്ചായത്തിന് സ്ഥിരവരുമാനമാകും
നിലവിൽ പെഡൽ ബോട്ടുകൾ, കുട്ടവഞ്ചി എന്നിവ നശിച്ചു തുടങ്ങി. ഇവ വേഗത്തിൽ വീണ്ടെടുത്തില്ലെങ്കിൽ ലക്ഷങ്ങളുടെ നാശമുണ്ടാകും. ചെക്ക് ഡാമിൽ മണ്ണ് നിറഞ്ഞതോടെ ആഴവും കുറഞ്ഞു. നല്ല രീതിയിൽ നടത്തിയാൽ പഞ്ചായത്തിന് സ്ഥിര വരുമാനം ലഭിക്കുന്ന പദ്ധതിയായി ഇത് മാറും.
''വീണ്ടും തുക അനുവദിച്ച് പഞ്ചായത്ത് പദ്ധതി വീണ്ടെടുക്കുന്നത് പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. സാധനസാമഗ്രികൾ പൂർണമായും നശിക്കും മുൻപേ നടപടികൾ വേഗത്തിലാക്കണം.
-പ്രദേശവാസികൾ
പദ്ധതിയ്ക്കായി ചെലവഴിച്ചത് : 60 ലക്ഷം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |