
കോട്ടയം : സോഷ്യൽ മീഡിയ വാളുകൾ നിറയെ സ്ഥാനാർത്ഥികളാണ്. എത്ര ന്യൂജെന്നായാലും യഥാർത്ഥ 'വാളുകളും' സ്ഥാനാർത്ഥികളുടെ ചിത്രങ്ങളാൽ സമ്പന്നം. തലേന്ന് വൈകിട്ടുവരെ പായലും പൂപ്പലും പിടിച്ചുകിടന്ന ചുവരുകൾ ഞൊടിയിടയിലാണ് കളർഫുള്ളായത്. ഫ്ലക്സ് പ്രിന്റിംഗിനെപ്പോലെ പുത്തൻ സാങ്കേതികവിദ്യകൾ പ്രചാരണച്ചുമതല ഏറ്റെടുക്കുന്ന കാലത്തും ചുവരെഴുത്തിന്റെ സ്വാധീനത്തിന് മാറ്റമില്ല. മതിലുകൾ വർദ്ധിച്ചതോടെ ചുവരെഴുത്ത് മങ്ങലേൽക്കാതെ മുന്നോട്ടു പോകുന്നു. തിരഞ്ഞെടുപ്പ് ഏതായാലും മതിലുകൾ ബുക്ക്ഡാണ്. ജില്ലയിൽ ചുവരെഴുത്തിൽ സജീവമായ 30 ഓളം പേരുണ്ട്. 45 - 75 വയസിനിടയിലുള്ളവർ. ചെയ്യുന്ന ജോലിയ്ക്ക് ഉയർന്ന പ്രതിഫലമാണ് ആകർഷണം. ഒരു ചതുരശ്ര അടിയ്ക്ക് നിലവിൽ 15 രൂപയിലാണ് വർക്ക് എടുക്കുന്നത്. ചിഹ്നം കൃത്യതയോടെ വരയ്ക്കുന്നതാണ് പ്രധാന വെല്ലുവിളി.
ചുവരെഴുത്തുകൾക്ക് സ്ഥലം ഉടമയുടെ അനുമതിപത്രം വേണം. അതത് പാർട്ടിക്കാർ സ്ഥലം ഉടമകളിൽ നിന്ന് മുൻകൂട്ടി അനുമതി പത്രം വാങ്ങിക്കുന്നതിനാൽ ആർട്ടിസ്റ്റുകൾക്ക് ധൈര്യപൂർവം വരയ്ക്കാം. വേനൽച്ചൂട് കനത്തതോടെ രാത്രി പെട്രോമാക്സ് വെളിച്ചത്തിലാണ് ഭൂരിഭാഗം വർക്കുകളും പുരോഗമിക്കുന്നത്. 9 മണ്ഡലങ്ങളിലുമായി ആയിരത്തിലേറെ ചുവരുകളിൽ സ്ഥാനാർത്ഥികൾ നിറഞ്ഞു കഴിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |