
കോട്ടയം: ജീവൻ പോയാലും ഞങ്ങൾ വിട്ടുകൊടുക്കില്ല! നെല്ല് സംഭരണത്തിന്റെ പേരിലുള്ള മില്ലുകാരുടെ ചൂഷണത്തെ ഒന്നടങ്കം എതിർക്കുകയാണ് പടിഞ്ഞാറൻ മേഖലയിലെ കർഷകർ. എന്നാൽ നൂറുകണക്കിന് കർഷകരുടെ കണ്ണീർ കണ്ടിട്ടും കൂടുതൽ കിഴിവ് എന്ന സ്വകാര്യമില്ലുകളുടെ കടുംപിടുത്തത്തെ തുടർന്ന് പുഞ്ചകൃഷിയുടെ നെല്ല് സംഭരണം പ്രതിസന്ധിയിലായി. പുതിയ സർക്കാർ അധികാരത്തിൽ എത്തുംവരെ പ്രശ്നപരിഹാരം നീണ്ടേക്കും. വേനൽമഴ എത്തിയാൽ നെല്ല് കിളിർക്കും. ഇതോടെ കർഷകർ നഷ്ടക്കയത്തിൽ മുങ്ങുന്ന സ്ഥിതിയാകും.
100 കിലോ നെല്ലിന് അഞ്ച് കിലോയിൽ താഴെയായിരുന്നു കിഴിവ്. വേനലിൽ ജലാംശം കുറഞ്ഞതോടെ 15 കിലോ കിഴിവ് വരെ സ്വകാര്യമില്ലുകൾ ആവശ്യപ്പെടുന്നു. പാഡി ഓഫീസ് മെല്ലേപ്പോക്ക് തുടരുന്നത് മില്ലുകാരെ സഹായിക്കാനാണെന്നാണ് കർഷകരുടെ പരാതി.
പുഞ്ചകൃഷി 420 പാടങ്ങളിൽ
420 പാടങ്ങളിലായിരുന്നു പുഞ്ചകൃഷി. 28 മില്ലുകൾക്കാണ് ജില്ലയിൽ നെല്ല് സംഭരണത്തിന് അനുമതി. എന്നാൽ അരഡസൻ മില്ലുകൾ പോലും സജീവമല്ല. വിട്ടുനിൽക്കുന്ന മില്ലുകൾക്കെതിരെ നടപടിയെടുക്കാനും പാഡി ഓഫീസിന് കഴിയുന്നില്ല.
47000 ടൺ നെല്ല് സംഭരിക്കുന്നതിനാണ് സ്വകാര്യമില്ലുകൾക്ക് സപ്ലൈക്കോ അനുമതി നൽകിയത്. രണ്ടര മാസമായിട്ടും 17000 ടണ്ണേ സംഭരിച്ചിട്ടുള്ളൂ. സംഭരിച്ച നെല്ലിന് മാർച്ച് 15 വരെയേ കാനറാ ബാങ്ക് പണം നൽകിയിട്ടുള്ളൂ. എസ്.ബി.ഐ അത്രയും നൽകിയിട്ടുമില്ല.
നെല്ല് കെട്ടിക്കിടക്കുന്നു
ചീപ്പുങ്കൽ വട്ടക്കായൽ അറുനൂറ് പാടശേഖരം, കുമരകം കാട്ടേഴത്തുകാരി പാടശേഖരം, ജെ.ബ്ലോക്ക് ഒൻപതിനായിരം,ചെങ്ങളം കടിയക്കോൽ മിഠാവാലി, കുറിച്ചി കക്കുഴി ആലപ്പാട്ടുചാൽ തുടങ്ങി പല പാടശേഖരങ്ങളിലും നെല്ല് കെട്ടികിടക്കുകയാണ്.
സപ്ലൈക്കോയ്ക്ക് നൽകേണ്ടത്: 68 കിലോ അരി
ഒരു ക്വിന്റൽ നെല്ല് കുത്തുമ്പോൾ 68 കിലോ അരി സപ്ലൈക്കോയ്ക്ക് നൽകണം. മുമ്പ് 70 കിലോ വരെ അരി കിട്ടിയിരുന്നു,. നെല്ലിൽ ജലാംശം കുറഞ്ഞതോടെ 68 കിലോ അരി പോലും ലഭിക്കുന്നില്ലെന്നാണ് മില്ലുടമകളുടെ വാദം.
മില്ലുകാർ ആവശ്യപ്പെടുന്നത്: 15-25 കിലോ കിഴിവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |