
കോട്ടയം : വാഹനങ്ങളുടെ നീണ്ടനിര, മണിക്കൂറുകൾ നീളുന്ന കുരുക്കിൽ കാത്തുകിടന്ന് തളരുന്ന യാത്രികർ. കോട്ടയം നഗരത്തിലെ സ്ഥിരംകാഴ്ചയാണിത്. ഇതിന് പരിഹാരം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഒടുവിൽ വിഷയത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ടു. ഇന്നലെ കളക്ടറേറ്റിൽ യോഗം ചേർന്ന് തീരുമാനങ്ങളും കൈക്കൊണ്ടു. ഭൂഗർഭപാതയും, ഫ്ലൈഓവറും വന്നാൽ ഗതാഗതക്കുരുക്കിൽ നിന്ന് മോചനം ലഭിക്കുമെന്നാണ് നഗരവാസികൾ പറയുന്നത്. കോട്ടയം നഗരത്തിലേക്കുള്ള പ്രവേശനകാവാടമായ നാഗമ്പടം, കഞ്ഞിക്കുഴി, കോടിമത, ഇല്ലിക്കൽ പാലങ്ങളാണ് കുരുക്കിന് തുടക്കമിടുന്നത്. നാലു പാലങ്ങളിൽ നിന്ന് വാഹനങ്ങൾ തിരിച്ചുവിടാൻ ആവശ്യമായ വീതിയുള്ള സമീപ റോഡുകളില്ലാത്തതാണ് പ്രതിസന്ധി.
വി.എൻ.വാസവൻ കോട്ടയം എം.എൽ.എയായിരുന്നപ്പോൾ നാഗമ്പടം കോടിമത ഫ്ലൈ ഓവറിന് ബഡ്ജറ്റിൽ ഫണ്ട് അനുവദിച്ചിരുന്നു. രാഷ്ട്രീയവും സാമുദായികവുമായ എതിർപ്പുകളിൽ തട്ടി പദ്ധതി മരവിച്ചു. കഴിഞ്ഞ ഇടതുഭരണ കാലത്ത് ശാസ്ത്രി റോഡ് - കഞ്ഞിക്കുഴി ഫ്ലൈഓവർ നിർമ്മിച്ച് കുരുക്ക് പരിഹരിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ശ്രമിച്ചെങ്കിലും ഫ്ലൈ ഓവറിന് താഴെയുള്ള കടകളിലെ കച്ചവടം കുറയുമെന്ന വ്യാപാരികളുടെ എതിർപ്പ് ഉയർന്നതോടെ പിൻവാങ്ങി.
ദേശീയ പാതയായ കെ.കെ റോഡിലുള്ള കഞ്ഞിക്കുഴിക്കവല ഇറഞ്ഞാൽ, മുട്ടമ്പലം, മാങ്ങാനം, കളക്ടറേറ്റ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരിച്ചു വിടാനുള്ള സൗകര്യമില്ല. മാങ്ങാനം മുട്ടമ്പലം ഭാഗത്തേക്ക് തിരിയേണ്ട റോഡിന് നടുവിൽ കുരിശിൻതൊട്ടി സ്ഥിതി ചെയ്യുന്നതാണ് പ്രശ്നം. ഇറഞ്ഞാൽ റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്ത് വീതി കൂട്ടിയാൽ ഏറ്റുമാനൂർ ഭാഗത്തേക്ക് വാഹനങ്ങൾ തിരിച്ചുവിടാം.
പരിഹാരം നിരവധി, മനസുവയ്‌ക്കണം
ശാസ്ത്രി റോഡിൽ നിന്ന് റബർ ബോർഡ് ഓഫീസിന് സമീപത്തുകൂടി കഞ്ഞിക്കുഴിയിലേക്കുള്ള ഇടറോഡ് വീതി കൂട്ടിയാൽ ബൈപ്പാസാക്കാം
മണിപ്പുഴ - ഈരേക്കടവ് റോഡ് കഞ്ഞിക്കുഴി വരെ വീതി കൂട്ടിയാൽ വാഹനങ്ങൾ തിരിച്ചു വിടാം
സിമന്റ് കവലയിൽ നിന്ന് തിരുവാതുക്കൽ ഭാഗത്തേക്കുള്ള ബൈപ്പാസിലേക്ക് വാഹനങ്ങൾ കടന്നു പോകണമെങ്കിൽ വീതി കൂട്ടണം
ഈരേക്കടവ് മണിപ്പുഴ ബൈപ്പാസ് മുളങ്കുഴ വരെ നീട്ടി വീതി കൂട്ടിയാൽ പാക്കിൽ ചിങ്ങവനം ബൈപ്പാസാക്കാം
തിരുനക്കര പുത്തനങ്ങാടി തിരുവാതുക്കൽ കാരാപ്പുഴ റോഡ് വീതി കൂട്ടിയാൽ പ്രധാന റിംഗ് റോഡാക്കാം
മൂന്നുവഴികൾ സംഗമിക്കുന്ന കഞ്ഞിക്കുഴി, നാഗമ്പടം, ബേക്കർ കവലയിലെ കുരുക്കിന് പരിഹാരം ഉണ്ടാകണം
പ്രധാന സ്ഥലങ്ങളിലെങ്കിലും ഭൂഗർഭ പാതകൾ തുറക്കുന്നതാകും കുരുക്ക് ഒഴിവാക്കാനുള്ള പ്രായോഗിക തീരുമാനം
പഠിക്കാൻ വിദഗ്ദ്ധ സമിതി
''ആദ്യഘട്ടമായി നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കി ഗതാഗതം സുഗമമാക്കുന്നതിനുള്ള റിപ്പോർട്ട് തയ്യാറാക്കുന്നതിന് കളക്ടർ, എസ്.പി, ആർ.ടി.ഒ എന്നിവർ ഉൾപ്പെട്ട സമിതിയെ ചുതമലപ്പെടുത്തി. അനധികൃത പാർക്കിംഗുകൾ, കൈയേറ്റങ്ങൾ, ബസ് സ്റ്റോപ്പുകളിലെ ക്രമീകരണങ്ങൾ, ഓട്ടോ സ്റ്റാൻഡുകളുടെ വിശദാംശങ്ങൾ തുടങ്ങിയവയെക്കുറിച്ച് സമിതി പഠനം നടത്തും. 13 നുള്ളിൽ സമർപ്പിക്കുന്ന കരട് റിപ്പോർട്ടിലെ തുടർനടപടികൾ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും.
-തിരുവഞ്ചൂർ രാധാകൃഷ്ണൻ, സ്പീക്കർ
കാൽനടയാത്രികരെ നടത്തിക്കില്ല
റോഡ് കുറുകെ കടക്കാൻ കാൽനടയാത്രികരും ബുദ്ധിമുട്ടുന്നു
വാഹനങ്ങൾ ഇടയിലൂടെ കയറിവരുന്നത് അപകടങ്ങൾക്കിടയാക്കും
നടപ്പാതകൾ അനധികൃത കച്ചവടക്കാർ കൈയേറിയതും തിരിച്ചടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |