SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.50 AM IST

കൂടുതൽ ദുരിതം നെൽകർഷകർക്ക്..... വിള ഇൻഷ്വറൻസ് നൽകാതെ വിളച്ചിൽ

vila

കോട്ടയം : അടുത്ത കൃഷി ആകാറായി. സംഭരിച്ച നെല്ലിന്റെ പണത്തിനായുള്ള കാത്തിരിപ്പിനൊപ്പം,​ വിള ഇൻഷ്വറൻസിന് രജിസ്റ്റർ ചെയ്യാനാകാതെ വട്ടംചുറ്റുകയാണ് കർഷകർ. ജൂലായ് 15 ന് മുൻപ് കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് രജിസ്ടേഷൻ പൂർത്തിയാക്കാനാണ് കേന്ദ്ര സർക്കാർ ഇൻഷ്വറൻസ് കമ്പനിയ്ക്ക് നി‌‌ർദ്ദേശം നൽകിയത്. ജൂൺ 1 മുതൽ 30 വരെയായിരുന്നു കേരളത്തിലെ രജിസ്ട്രേഷൻ കാലാവധിയെങ്കിലും വിജ്ഞാപനം ഇറങ്ങിയില്ല. രജിസ്ട്രേഷൻ പോർട്ടലും തുറന്നില്ല. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് അഗ്രികൾച്ചറൽ ഇൻഷ്വറൻസ് കമ്പനി വഴി പദ്ധതി നടപ്പാക്കുന്നത്. കർഷകർ 15 ശതമാനം വിഹിതം അടച്ചാൽ മതി. നെൽ, വാഴ, മരച്ചീനി, അടക്കം 27 കാർഷിക വിളകൾക്ക് പരിരക്ഷ ലഭിക്കും. വർഷത്തിൽ മൂന്നു നെൽകൃഷിയിൽ (വിരിപ്പ്, മുണ്ടകൻ , പുഞ്ച) വിരിപ്പ് കൃഷിയ്ക്ക് ജൂണിലാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടിയിരുന്നത്. ഒരു ലക്ഷത്തോളം കർഷകർ കഴിഞ്ഞവർഷം പദ്ധതിയിൽ ചേർന്നിരുന്നു. കമ്പനിയുമായുള്ള കരാർ മാർച്ചിൽ അവസാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞയാഴ്ച യോഗം ചേർന്നെങ്കിലും തീരുമാനമായില്ല. ഇനി പുതിയ വിജ്ഞാപനം ഇറക്കണം, രജിസ്ടേഷൻ പോർട്ടൽ തുറക്കണം. അപേക്ഷകരുടെ എണ്ണം കൂടുന്നതനുസരിച്ച് കടലാസ് ജോലികൾ പൂർത്തിയാക്കാൻ കാലത്താമസമെടുക്കും. രജിസ്ട്രേഷൻ തീയതി കേന്ദ്ര സർക്കാർ നീട്ടുന്നില്ലെങ്കിൽ പ്രശ്നമാകും.


കടമെടുത്ത് മുടിഞ്ഞു, ഇനിയെന്ത്
വ്യക്തികളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്താണ് ഭൂരിഭാഗം ആളുകളും കൃഷിയിറക്കിയത്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം വിള ഉത്പാദനത്തെയും, വിലയെയും ബാധിച്ചു. ഇതോടെ കടം തിരികെ നൽകാൻ കഴിയാതെ കർഷകർ പ്രതിസന്ധിയിലായി. കനത്ത കാറ്റിലും, മഴയിലും വ്യാപകമായി കൃഷി നശിച്ചിരുന്നു. നിരവധി കർഷകരാണ് കൃഷി ഉപേക്ഷിച്ചത്.

സംസ്ഥാനം കൊടുക്കാൻ 35 കോടി

സംസ്ഥാന സർക്കാരിന്റെ വിള ഇൻഷ്വറൻസിൽ 35 കോടി രൂപ കർഷകർക്ക് ലഭിക്കാനുണ്ട്

നെല്ല് ഉൾപ്പെടെ നാൽപ്പതോളം കാർഷിക ഉത്പന്നങ്ങൾക്ക് പരിരക്ഷ ലഭിക്കുന്ന പദ്ധതി

രണ്ടുലക്ഷത്തോളം കർഷകരുണ്ട്, നെൽക്കൃഷിയ്ക്ക് ഹെക്ടറൊന്നിന് 30,000 രൂപയുടെ പരിരക്ഷ

ഉപ്പുവെള്ളം കയറി കൃഷി നശിച്ചാൽ പരിരക്ഷ ലഭിക്കുന്ന രീതിയിൽ കഴിഞ്ഞ സർക്കാർ പദ്ധതി വിപുലീകരിച്ചു

''ഇപ്പോഴത്തെ സാഹചര്യത്തിൽ തുക ലഭിച്ചിരുന്നെങ്കിൽ ഏറെ പ്രയോജനപ്പെടുമായിരുന്നു. മുൻവർഷങ്ങളിലും ഇൻഷ്വറൻസ് തുക ഏറെ വൈകിയാണ് കിട്ടിയത്.

-ദേവരാജൻ (നെൽകർഷകൻ )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL